X

എല്‍ ക്ലാസിക്കോ; സിദാന് തിരിച്ചടി

മാഡ്രിഡ്: ഈ ചിത്രം നോക്കു-എല്‍ക്ലാസിക്കോ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് റയല്‍ മാഡ്രിഡ് ഹെഡ് കോച്ച് സൈനുദ്ദീന്‍ സിദാനും ബാര്‍സിലോണയുടെ തലവന്‍ ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡേയും തമ്മിലുള്ള ഹസ്തദാനം. സിദാന്‍ സ്വന്തം മൈതാനത്തായിരുന്നു. വെല്‍വാര്‍ഡേയാണെങ്കില്‍ എവേ മൈതാനത്തും. പക്ഷേ സ്‌നേഹവും സൗഹൃദവും നിലനിര്‍ത്തിയുളള പോരാട്ടം 94 ാം മിനുട്ടില്‍ അവസാനിച്ചപ്പോള്‍ സിദാന്റെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നില്ല. പകരം വെല്‍വാര്‍ഡേ സിദാന്റെ അരികിലെത്തി ചിരിച്ചു- ഹാര്‍ഡ് ലക്ക് പറഞ്ഞ് പിരിഞ്ഞു.

സിദാന്റെ പരിശീലക കരിയറിലെ കനത്ത ആഘാതമാണ് ഈ മൂന്ന് ഗോള്‍ തോല്‍വി. ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം അബുദാബിയില്‍ ഫിഫ ലോക ക്ലബ് കപ്പ് ഉയര്‍ത്തിയത്. ആ കപ്പുമായി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം നടക്കുന്ന ആദ്യ മല്‍സരത്തില്‍ തന്നെ ഗംഭീര തോല്‍വി-അതും ബദ്ധ വൈരികളായ ബാര്‍സക്കെതിരെ. ലാലീഗയിലെ മാനാഭിമാന പോരാട്ടമാണ് എല്‍ ക്ലാസിക്കോ. കഴിഞ്ഞ തവണയും ഇവിടെ ബാര്‍സ തന്നെയാണ് ജയിച്ചത്. അന്ന് പക്ഷേ അവസാന മിനുട്ടിലെ മെസി ഗോളായിരുന്നു വില്ലനായതെങ്കില്‍ ഇന്നലെ തുടക്കത്തില്‍ തന്നെ റയലിന് പ്രഹരമേറ്റിരുന്നു. ഒന്നിന് പിറകെ ഒന്നായി രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍. ഡാനി കാര്‍വജാലിന് റെഡ് കാര്‍ഡ്. സെര്‍ജിയോ റാമോസിന് മഞ്ഞക്കാര്‍ഡ്……

തൊട്ടതെല്ലാം പിഴച്ചു സിദാന്. ആദ്യ ലൈനപ്പിലേക്ക് ബെയിലിനെ കൊണ്ടുവരുമെന്ന് കരുതിയെങ്കില്‍ കളിപ്പിച്ചത് കോവാസിച്ചിനെ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ടീമിന് ഒരു ഗുണവും ചെയ്തില്ല. എഴുപത്തിരണ്ടാം മിനുട്ടിലാണ് കോവാസിച്ചിനെ മാറ്റിയത്. പകരക്കാരനായി ഇറങ്ങിയ ബെയിലിനാവട്ടെ കാര്യമായൊന്നും ചെയ്യാനായില്ല. സിദാന്റെ തുരുപ്പ് ചീട്ട് എന്നും കൃസ്റ്റിയാനോയായിരുന്നു. അദ്ദേഹം തുടക്കത്തില്‍ ആക്രമിച്ചു കളിച്ചു. പിന്നെ തളര്‍ന്നു. മുന്‍നിരക്കാരുടെ ലക്ഷ്യബോധത്തില്‍ അദ്ദേഹം പലപ്പോഴും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്്. അത് ഇന്നലെയും സത്യമായി.

പോയ സീസണില്‍ അഞ്ച് കിരീടങ്ങളാണ് സിദാന്‍ ടീമിന് സമ്മാനിച്ചത്. പക്ഷേ അപ്പോഴും എല്‍ ക്ലാസിക്കോ നഷ്ടമായിരുന്നു. ഇത്തവണയും എല്‍ ക്ലാസിക്കോ ദുരന്തമായിരിക്കുന്നു. ഇനി സിദാന്റെ കഴിവിനെ ചോദ്യം ചെയ്ത് പലരും രംഗത്ത് വരാം. അതേ സമയം വെര്‍വാഡേയാവട്ടെ കൂടുതല്‍ കരുത്തനാവുന്നു. ഇത് അദ്ദേഹത്തിന്റെ ഒന്നാം സീസണാണ്. എല്ലാ മല്‍സരങ്ങളും ജയിച്ച് ശക്തരായി മുന്നേറുകയാണ് അദ്ദേഹത്തിന്റെ ബാര്‍സ. ലാലീഗില്‍ ഇപ്പോള്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. അദ്ദേഹത്തിനും സംഘത്തിനും സുന്ദരമായി ക്രിസ്തുമസ് ആഘോഷിക്കാം. ഇനി ടീം തളരണമെങ്കില്‍ അത്രമാത്രം പരാജയങ്ങള്‍ വരണം. അതിന് സാധ്യത കുറവാണ്.

chandrika: