X

‘ഒന്നുകില്‍ താജ്മഹല്‍ പൊളിക്ക്, അല്ലെങ്കില്‍ സംരക്ഷിക്ക്’; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഒന്നുകില്‍ നിങ്ങള്‍ താജ്മഹല്‍ അടയ്ക്കുകയോ അല്ലെങ്കില്‍ അതിനെ തകര്‍ക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യൂ എന്ന് കേന്ദ്ര സര്‍ക്കാരിനേയും യു.പി സര്‍ക്കാരിനേയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. താജ്മഹലിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വ്വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.

താജ്മഹല്‍ എങ്ങനെ സംരക്ഷിക്കാമെന്ന വിഷയത്തില്‍ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ അതിയായ അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതിയുടെ വിമര്‍ശനം. താജ്മഹലിന്റെ ശോഭ കെടുത്തുന്ന മലിനീകരണ സ്രോതസ് കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കാന്‍ കോടതി ഉത്തരവിട്ടു. മലിനീകരണത്തിന്റെ തോത് നിര്‍ണയിക്കാനും ഇത് തടയാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാനും ഈ കമ്മിറ്റി ബാധ്യസ്ഥരായിരിക്കും.

യൂറോപ്പിലെ ഈഫല്‍ ടവര്‍ കാണാന്‍ 80 ലക്ഷം സന്ദര്‍ശകരാണ് എത്തുന്നത്. എന്നാല്‍, നമ്മുടെ താജ് മഹല്‍ അതിനേക്കാള്‍ എത്ര മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് സാധിക്കും. നിങ്ങളുടെ ഉദാസീനത കൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്നും മനസിലാക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.

chandrika: