ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു കഴിഞ്ഞു. അഞ്ചില്‍ നാലിടത്തും ബി.ജെ.പി ഭരണം നിലനിര്‍ത്തിയപ്പോള്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ വന്‍ തോക്കുകള്‍ കടപുഴകി വീണു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറെ സാധ്യതകളുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളേയാണ് കയ്യില്‍ നിന്നും അകറ്റിക്കളഞ്ഞത്. രണ്ട് മാസം മുമ്പ് നവജ്യോത് സിങ് സിദ്ദു പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ തയാറായപ്പോള്‍ ആ രാജി സ്വീകരിക്കാതെ സിദ്ദുവിനെ സംസ്ഥാനത്തിന്റെ പൂര്‍ണ ചുമതല ഏല്‍പിച്ചത് കോണ്‍ഗ്രസിന് സംഭവിച്ച ഏറ്റവും വലിയ അമളികളിലൊന്നാണ്. യാഥാര്‍ത്ഥ്യം മനസിലാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ന് സംഭവിച്ച പിഴവിന്റെ വിലയാണ് ഇന്ന് ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ കൊയ്‌തെടുത്തത്. ചുരുങ്ങിയത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും ഭരണത്തിലെത്തേണ്ടിയിരുന്നത് കോണ്‍ഗ്രസായിരുന്നു. ആറു മാസം മുമ്പ് വരെ പൊതു കാഴ്ചപ്പാട് എന്നത് കോണ്‍ഗ്രസ് പഞ്ചാബ് നിലനിര്‍ത്തുമെന്നും അതോടൊപ്പം ഉത്തരാഖണ്ഡ് പിടിക്കുമെന്നുമായിരുന്നു.
ഗോവയില്‍ പാര്‍ട്ടിയില്‍ നിന്നും പലരും മറുകണ്ടം ചാടിയെങ്കിലും അതികാരം പിടിക്കല്‍ ബാലികേറാ മലയായിരുന്നില്ല. കാരണം ഗോവയിലെ ബി.ജെ.പി സര്‍ക്കാറിനെതിരെ ഭരണ വിരുദ്ധ വികാരം അത്രമേല്‍ ശക്തമായിരുന്നു. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിനെ മാറ്റി ചന്നിയെ മുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുകയും സിദ്ദുവിനെ പി.സി.സി അധ്യക്ഷനാക്കുകയും ചെയ്തു. പി. സി.സി അധ്യക്ഷനായതോടെ ശക്തനായ സിദ്ദു എല്ലാമെല്ലാമായി മാറി. ചന്നിയെ മുഖ്യമന്ത്രിയാക്കുക വഴി സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി എന്നത് മികച്ച നീക്കമായിരുന്നു. പക്ഷേ ചന്നിയുടെ അവസരങ്ങളെ തല്ലിക്കെടുത്താന്‍ മത്സരിച്ച സിദ്ദുവിനെ താഴെ ഇറക്കാന്‍ അജ്ഞാത കാരണങ്ങളാല്‍ കോണ്‍ഗ്രസ് ധൈര്യം കാണിച്ചില്ല.
ഉത്തരാഖണ്ഡിലും കാര്യങ്ങള്‍ കൈവിട്ടതിന് പിന്നില്‍ തൊഴുത്തില്‍ കുത്തു തന്നെ. ഹരീഷ് റാവത്തിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരം കോണ്‍ഗ്രസ് നല്‍കിയില്ല. പഞ്ചാബിനെ പോലെ തന്നെ ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ മത്സരം കാഴ്ചവെക്കുന്നതിന് പകരം പരസ്പരം പഴി ചാരുന്നതിനായാണ് മത്സരിച്ചത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനായി കാത്തു നിന്ന സംസ്ഥാനമായിരുന്നു ഉത്തരാഖണ്ഡ്. മൂന്ന് മാസത്തിനിടെ തൊഴുത്തില്‍ കുത്തിന്റെ പേരില്‍ രണ്ട് മുഖ്യമന്ത്രിമാരെ പരീക്ഷിച്ച് തളര്‍ന്ന അവസ്ഥയിലായിരുന്നു സംസ്ഥാനത്ത് ബി.ജെ.പിയെന്ന കാര്യം വിസ്മരിക്കരുത്. ബി.ജെ.പി ഒരു തരത്തിലും സംസ്ഥാനത്ത് തിരിച്ചു വരില്ലെന്നതായിരുന്നു അവസ്ഥ. എന്നാല്‍ ബി.ജെ.പിയെ വിജയിപ്പിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ മത്സരിച്ചു.
ഗോവയില്‍ തീര്‍ച്ചയായും സംഘടനാപരമായി തന്നെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു കോണ്‍ഗ്രസ്. എങ്കിലും പാര്‍ട്ടിക്ക് മികച്ച അവസരമുണ്ടായിരുന്നു. ബി.ജെ.പി സര്‍ക്കാറിനെതിരായ ജനങ്ങളുടെ വികാരം പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത് ഇതാണ്. സംസ്ഥാനത്ത് ജനങ്ങളെ പിടിച്ചിരുത്താന്‍ കഴിയുന്ന ഏക ബി.ജെ.പി നേതാവായിരുന്ന മനോഹര്‍ പരീക്കറിന്റെ അഭാവത്തിലാണ് ബി.ജെ.പി മത്സരിച്ചതെന്നകാര്യം മറക്കരുത്. പ്രചാരണത്തിലുടനീളം അവ്യക്തതകളും അസ്വാരസ്യങ്ങളും ബി.ജെ.പി ക്യാമ്പില്‍ പ്രകടമായിരുന്നു. എന്നാല്‍ ഭരണം പിടിക്കാനുള്ള വ്യഗ്രതയോ, സഖ്യം രൂപീകരിക്കാനുള്ള നയമോ കോണ്‍ഗ്രസ് പ്രകടിപ്പിച്ചില്ല.
മണിപ്പൂരിലും കോണ്‍ഗ്രസിനെ പിന്നാക്കം വലിച്ചത് സംസ്ഥാനത്തെ നേതാക്കന്‍മാര്‍ തമ്മിലുള്ള വിശ്വാസക്കുറവാണ്. കഴിഞ്ഞ തവണ വിജയിച്ചതിന് ശേഷം പലരും ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതിനാല്‍ ഇത്തവണയും മണിപ്പൂരിലും ഗോവയിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടിക്ക് തന്നെ പൂര്‍ണ വിശ്വാസമില്ലായിരുന്നുവെന്നതാണ് വസ്തുത. അഞ്ച് സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തേക്കാളും നാലിടത്ത് ബി.ജെ.പി ഭരണം നിലനിര്‍ത്തിയതാണ് തിരഞ്ഞെടുപ്പ് ഫലത്തെ വേറിട്ടതാക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് മഹാമാരിയുടെ കാലത്തെ സര്‍ക്കാറിന്റെ കെടുകാര്യസ്ഥത, കര്‍ഷക പ്രക്ഷോഭം തുടങ്ങി നിരവധി എതിര്‍ ഘടകങ്ങളുണ്ടായിട്ടും യു.പിയില്‍ ബി.ജെ.പി വോട്ടിങ് ശതമാനത്തില്‍ വര്‍ധനവാണുണ്ടാക്കിയത്.
യു.പിയിലെ ബി.ജെ.പി വിജയത്തിന് പിന്നില്‍ പ്രധാനമായും മൂന്ന് ഘടകങ്ങളാണുള്ളത്. ഒന്ന് യോഗി ആദിത്യനാഥ് എന്ന മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.ജെ.പിക്ക് അനുകൂലമായി കാര്യങ്ങളെ മാറ്റുന്നതില്‍ നിര്‍ണായകമായി. മോദിയെ പോലെ ഭിന്നിപ്പുണ്ടാക്കാന്‍ കഴിയുന്നയാളാണെങ്കില്‍ പോലും മോദിക്കു ശേഷം ജനത്തെ ഇളക്കി വിടാന്‍ കഴിയുന്ന ഒരു നേതാവായി യോഗി ഉയര്‍ന്നു കഴിഞ്ഞു. അദ്ദേഹത്തിന്റെ അഞ്ചു വര്‍ഷത്തെ ഭരണ കാലം ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു. സി.എ.എ വിരുദ്ധ പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിലും ഭിന്നാഭിപ്രായക്കാര്‍ക്കെതിരായ നടപടിയുടെ കാര്യത്തിലും തനിക്കെതിരെ ഉയരുന്ന സ്വരങ്ങളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും മോദിയുടെ രീതി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു. തന്റേതായ സവിശേഷമായ ഏകാധിപത്യ രീതിയാണ് യോഗി കൊണ്ടുവന്നത് മറ്റു ബി.ജെ.പി മുഖ്യമന്ത്രിമാര്‍ ഇത് അനുകരിക്കാന്‍ മത്സരിക്കുകയും ചെയ്തു. തീവ്ര ഹിന്ദുത്വയ്ക്ക് പുറമെ അധികാരം തന്നില്‍ കേന്ദ്രീകരിച്ച് പൊലീസിനെ വലിയ രൂപത്തില്‍ ഉപയോഗിച്ച് പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുന്ന, സ്വന്തം പാര്‍ട്ടിക്കാരെ പോലും അവഗണിക്കുന്ന ശൈലിയായിരുന്നു യോഗിയുടേത്.
രണ്ടാമതായി ഇത്തവണത്തെ പ്രധാന വാദം ബി.ജെ.പിയ്ക്ക് മണ്ഡല്‍ വോട്ടുകള്‍ നഷ്ടമാകുമെന്നായിരുന്നു. ഇത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒ.ബി.സി വോട്ടുകള്‍ കൂടുതല്‍ സമാഹരിക്കാനും ബി.ജെ.പിക്കായി. ഇത് സൂചിപ്പിക്കുന്നത് ഹിന്ദു വോട്ടുകള്‍ മുമ്പൊന്നുമില്ലാത്ത വിധം കൂടുതലായി ബി.ജെ.പിയില്‍ ദ്രുവീകരിക്കപ്പെട്ടുവെന്നാണ്. 1989നു ശേഷം മറ്റൊരു പാര്‍ട്ടിക്കും ഇത്തരത്തില്‍ യു.പിയില്‍ വോട്ടു വിഹിതം കരസ്ഥമാക്കാനായില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് വോട്ടു വിഹിതം ഉയര്‍ത്താന്‍ ഏക വഴി ഹിന്ദു-മുസ്‌ലിം വിഭജന തന്ത്രമാണെന്നതാണ്.
മൂന്നാമത്തെ കാര്യം വിലക്കയറ്റം, തൊഴിലില്ലായ്മ, കോവിഡ് കാലത്തെ ദുരിതം എന്നിവ കാരണം സര്‍ക്കാറിനെതിരായുണ്ടായിരുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാന്‍ റേഷന്‍ വിതരണവും ക്ഷേമ നടപടികളും അവസാന നിമിഷം ബി.ജെ.പി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതാണ്. നേരത്തെ ബ്രാഹ്മണ-ബനിയ പാര്‍ട്ടിയായി അറിയപ്പെട്ടിരുന്ന ബി.ജെ.പി ഈ തിരഞ്ഞെടുപ്പോടെ ഒ.ബി.സി, ദളിത് വോട്ടര്‍മാരെ കൂടി തങ്ങളുടെ പക്ഷത്തേക്ക് എത്തിച്ചു.