ഗുണ(മധ്യപ്രദേശ്): മൂന്ന് വര്‍ഷം മുമ്പ് പശുക്കുട്ടിയെ കൊന്നതിന്റെ പേരില്‍ അഞ്ചുവയസ്സുകാരി മകളെ എട്ടു വയസ്സുകാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നാട്ടുപഞ്ചായത്തിന്റെ വിധി. മധ്യപ്രദേശിലെ താര്‍പൂര്‍ ഗ്രാമത്തിലാണ് വിചിത്രമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുപഞ്ചായത്തിനെതിരെ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു.
മൂന്ന് വര്‍ഷം മുമ്പാണ് തന്റെ വയലിലേക്ക് അതിക്രമിച്ച് കയറിയ പശുക്കുട്ടിയെയാണ് ജഗദീഷ് ബഞ്ചാര കല്ലെറിയുന്നത്. ആ ഏറില്‍ പശുക്കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ഇതേത്തുടര്‍ന്ന് ബഞ്ചാരയും കുടുംബവും നാട്ടുപഞ്ചായത്തിന്റെ ഊരുവിലക്ക് നേരിട്ടിരുന്നു. ഗംഗാ നദിയില്‍ കുളിച്ച് ഗ്രാമത്തിലെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കാനും ആ കുടുംബത്തോട് പഞ്ചായത്ത് കല്പിച്ചിരുന്നു.
പിന്നീട് പശുക്കുട്ടിയെ കൊന്നതിന് ശേഷം ഗ്രാമത്തില്‍ ശുഭകരമായി യാതൊന്നും നടക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിചിത്രമായ വിവാഹത്തിന് പഞ്ചായത്ത് ഉത്തരവിടുന്നത്. ഇതിനെതിരെ പരാതിയുമായി ബഞ്ചാരിയുടെ ഭാര്യ അധികൃതരെ കാണാനെത്തിയപ്പോഴാണ് സംഭവം വിവാദമായത്. ബാല വിവാഹം അംഗീകരിക്കാനാവില്ലെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനെയും മറികടന്നു കൊണ്ടാണ് നാട്ടുപഞ്ചായത്ത് തീരുമാനവുമായി മുന്നോട്ട് പോവുന്നത്.