കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപവീതം നിക്ഷേപിക്കുമെന്നും ‘അച്ഛേദിന്‍ ആയേഗാ’ (നല്ലനാളുകള്‍ വരും) എന്നും കൗശല വാക്കുകളോതി ഇന്ത്യയുടെ അധികാരക്കസേരയിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ എട്ടാം വാര്‍ഷികാഘോഷത്തിരക്കിലാണിപ്പോള്‍. 140 കോടി ജനതക്കുമുന്നില്‍ മലര്‍ന്നുകിടക്കുകയാണ് രാജ്യത്തെ മെഗാകെടുതികളോരോന്നും. രാജ്യവും ജനതയും കഠിനക്ലിഷ്ടതകള്‍ അനുഭവിക്കുന്ന ഘട്ടത്തിലാണ് നെഹ്‌റുവും പട്ടേലും സ്വപ്‌നംകണ്ട ഇന്ത്യ നിര്‍മിക്കുകയാണെന്ന പഞ്ചാരവാക്കുകള്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി തട്ടിവിട്ടത്. പട്ടിണിക്കും മരണത്തിനുമിടയില്‍ നാടും ജനതയും വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ കോര്‍പറേറ്റുകളായ അംബാനിയുടെ 400 ശതമാനവും അദാനിയുടെ 1,830 ശതമാനവും സമ്പത്ത് വര്‍ധിച്ചതാണ് 2014 മുതലുള്ള ഭരണകക്ഷിയുടെ ഏകനേട്ടം!
ഗാന്ധിജിയും നെഹ്‌റുവും മറ്റും പടുത്തുയര്‍ത്തിയ രാജ്യത്തെ സര്‍വരംഗത്തും കുട്ടിച്ചോറാക്കിയ സര്‍ക്കാര്‍ ജനാധിപത്യത്തെ തള്ളിമാറ്റി ഫാസിസത്തിന്റെ മെജോരിറ്റേറിയനിസം ഉറപ്പിക്കുന്ന തിരക്കിലാണ്. ‘അന്ധവിശ്വാസം വെടിഞ്ഞ് ശാസ്ത്രം പിന്തുടരണ’മെന്നും തന്റെ ഭരണത്തില്‍ ‘നാണിക്കാനായി യാതൊന്നുമുണ്ടായിട്ടില്ലെ’ന്നും പറയുന്ന മോദിക്ക് ജനാധിപത്യത്തിലെ അവിച്ഛിന്നഘടകമായ അഭിപ്രായസ്വാതന്ത്ര്യം ഫ്രീസറിലായതിനുത്തരവാദിത്തമില്ലേ ? അന്ധവിശ്വാസങ്ങളും ആരാധനാലയങ്ങള്‍ക്കുനേരെയുള്ള കൈയ്യേറ്റങ്ങളും ആക്രമണങ്ങളും ആള്‍ക്കൂട്ടക്കൊലകളും പോരാഞ്ഞ് രാജ്യത്തിന്റെ വളര്‍ച്ചപോലും മുരടിച്ച് ജനം പെരുവഴിയിലഭയം തേടേണ്ട അവസ്ഥയിലായിരിക്കുന്നു. പത്തിനുമുകളിലുണ്ടായിരുന്ന മൊത്തവളര്‍ച്ച (ജി.ഡി.പി) 4.1 ആയി താണു. രൂപയുടെ എട്ടു വര്‍ഷത്തെ ഏറ്റവും വലിയ വിലയിടിവിനെയും 17 വര്‍ഷത്തെ പണപ്പെരുപ്പത്തെയുമാണ് ജനം നേരിടുന്നത്. പാവപ്പെട്ടവരുടെ പാചകവാതക സബ്‌സിഡിയും ട്രെയിന്‍ നിരക്കിളവുകളും കോവിഡിന്റെ മറവില്‍ അടിച്ചുമാറ്റിയ സര്‍ക്കാരിന്റെ കാലത്താണ് ഗംഗയിലെ പുണ്യജലത്തിലെ പതിനായിരക്കണക്കിന് കോവിഡ് ബാധിതരുടെ ജഢങ്ങളുള്‍പ്പെടെ ലോകത്തെ കോവിഡ് മരണത്തിന്റെ രണ്ടാം സ്ഥാനം പേറേണ്ടിവന്നത്-അരക്കോടി. ഇതിനിടയിലാണ് പ്രതിമകള്‍ നിര്‍മിക്കാനായി ശതകോടികള്‍ ചെലവിട്ടതും പെട്രോളിയം നികുതി അടിക്കടികൂട്ടി സൃഷ്ടിച്ച വിലക്കയറ്റവും.
മുസ്‌ലിം എന്നത് കുറ്റകൃത്യമാകുന്ന മതേതര ഇന്ത്യയില്‍ ബാബരി മസ്ജിദിനുശേഷം കാശി ഗ്യാന്‍വാപി മസ്ജിദിനും മഥുര ഈദ്ഗാഹ് മസ്ജിദിനും നേര്‍ക്കും, താജ്മഹല്‍, കുത്തബ്മിനാര്‍ പോലുള്ള ചരിത്രസ്തംഭങ്ങള്‍ക്കും നേരെയുള്ള തീവ്രഹിന്ദുത്വത്തിന്റെ കുടിലതകളോരോന്നും ജനാധിപത്യ-മതേതര ഭരണഘടനയെയാണ് പിച്ചിച്ചീന്തുന്നത്. 2014നുശേഷം രാജ്യത്ത് നടന്ന ആള്‍ക്കൂട്ടക്കൊലകളില്‍ 97 ശതമാനവും മുസ്്‌ലിംകള്‍ക്കും ബാക്കി ദലിതുകള്‍ക്കുമെതിരാണ്. അഖ്‌ലാഖും പഹ്‌ലൂഖാനും കത്വയിലെ പെണ്‍കുട്ടിയും മുതല്‍ ഉന്നാവും ഹത്രാസുംവരെ നമുക്കുമുന്നില്‍ വാപിളര്‍ന്ന് കിടക്കുന്നു. മുസ്‌ലിംകള്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം പൗരത്വം നല്‍കുമെന്ന നിയമഭേദഗതി നിര്‍മിച്ചെടുത്ത മോദി സര്‍ക്കാര്‍ ഏകസിവില്‍ നിയമത്തിനും ഹിന്ദി അടിച്ചേല്‍പിക്കാനുമുള്ള ശ്രമത്തിലുമാണ്. ഇതിന്റെ ഭാഗമായ ഡല്‍ഹി കലാപവും രാജ്യത്താകെയുള്ള ബുള്‍ഡോസര്‍ രാജും. പ്രൊഫ. റോമില ഥാപ്പറും ഡോ. രഘുറാം രാജനും അരികിലിരിക്കുമ്പോള്‍ ‘ഗോ വിദഗ്ധര്‍ക്ക്’ രാജ്യത്തെ അക്കാദമിക-സാമ്പത്തികരംഗം അടിയറവെച്ചു.
പ്രതിപക്ഷ നേതാക്കളെ ഒന്നൊന്നായി ഇ.ഡിയെ ഉപയോഗിച്ചും പണം വിതറിയും കൂട്ടിലാക്കുന്ന രാഷ്രീയതന്ത്രം വേറെ. സമ്പൂര്‍ണ പരാജയമായ നോട്ടുനിരോധനവും എയര്‍ഇന്ത്യ, എല്‍.ഐ.സി പോലുള്ള പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിച്ച് നോട്ടുണ്ടാക്കലും (മോണറ്റൈസേഷന്‍) ജനജീവിതത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍ഘടമാക്കുകയാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കിയിട്ടും പിന്‍മാറാന്‍ തയ്യാറല്ല. തൊഴില്‍ നിയമങ്ങള്‍ കോഡുകളാക്കി ആനുകൂല്യങ്ങളാകെ കവരുന്നു. കര്‍ഷകരെ വെടിവെച്ചുകൊന്ന് കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖല തീറെഴുതുന്ന തിരക്കിലും. രാഷ്ട്രം കശ്മീര്‍ ജനതക്ക് കനിഞ്ഞുനല്‍കിയ 370-ാം വകുപ്പ് എടുത്തുമാറ്റി സ്വര്‍ഗം പണിയുമെന്നു പറഞ്ഞവര്‍ മുസ്‌ലിംകള്‍ പോയിട്ട് പണ്ഡിറ്റുകള്‍ക്കുപോലും രക്ഷയില്ലാത്തവിധം താഴ്‌വരയെ ഭീകരതയുടെ നെരിപ്പോടാക്കി. തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടെ കൈയ്യിട്ടുവാരിയ സര്‍ക്കാര്‍ ചരക്കുസേവന നികുതിയെന്ന ലോഡപ്പാടെ ജനത്തിന്റെ പിടലിക്കിട്ടു; ഫെഡറലിസം രേഖയില്‍ മാത്രമായി. ‘പുല്‍വാമ’ക്കുശേഷം മേഘങ്ങള്‍ക്കിടയിലൂടെ ചെന്ന് പാക്കിസ്താനെ ആക്രമിക്കാനുപദേശിച്ച പ്രധാനമന്ത്രിയാണ് കശ്മീരിലെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും അഖണ്ഡതക്കുനേരെയുള്ള കടുത്ത വെല്ലുവിളിക്ക് കാരണക്കാരന്‍. ചൈനയില്‍നിന്ന് 1962നു ശേഷമുള്ള വലിയ വെല്ലുവിളിയും. റഷ്യയില്‍നിന്ന് കാര്യമായൊന്നും നേടാനാകുന്നില്ലെന്ന് മാത്രമല്ല, അമേരിക്കയുടെ ആഭ്യന്തരകാര്യത്തിലടക്കം ഇടപെട്ട് ‘ചേരിചേരാ ഇന്ത്യ’യുടെ മാനംകെടുത്തി. ഫലത്തില്‍ നേട്ടമെന്നൊന്ന് പേരിനുപോലും അവകാശപ്പെടാനില്ലാതെയാണ് മോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികമെന്നിരിക്കെ, പ്രധാനമന്ത്രിയുടെ സ്വര്‍ണച്ചട്ടയും മയില്‍തീറ്റിയും ‘എന്റയര്‍ പൊളിറ്റിക്‌സി’ലെ ഇല്ലാത്ത ബിരുദവും ശിവലിംഗങ്ങളുമൊക്കെയാണ് സര്‍ക്കാരിന്റെ അലങ്കാരങ്ങള്‍. ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍!