X
    Categories: MoreViews

എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവം, പൊലീസിനെ ന്യായീകരിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ എട്ട് സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. പൊലീസ് നടപടി ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തിലായിരുന്നുവെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.കെ പാണ്ഡെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുയരുകയും ഭരണകൂട കൊലപാതകങ്ങള്‍ സംബന്ധിച്ച് രാജ്യത്ത് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുകയും ചെയ്ത സംഭവമായിരുന്നു ഭോപാല്‍ വെടിവെപ്പ് കേസ്.
2016 ഒക്ടോബര്‍ 31നാണ് ഭോപാലിന്റെ പ്രാന്തമേഖലയില്‍ ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് വെടിവെച്ചുകൊന്നത്. തലേദിവസം രാത്രി ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടവരായിരുന്നു എല്ലാവരും. തടവുചാടിയ പ്രതികളെ ഗ്രാമീണര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിന്തുടര്‍ന്നെത്തി വധിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാല്‍ പൊലീസ് തന്നെ എട്ടുപേരേയും സംഭവ സ്ഥലത്തെത്തിച്ച് വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായതും മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതും. 2017 സെപ്തംബറില്‍ തന്നെ ജസ്റ്റിസ് പാണ്ഡെ കമ്മീഷന്‍ മധ്യപ്രദേശ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും ഇന്നലെ നിയമസഭയില്‍ വച്ചതോടെ മാത്രമാണ് ഇതിലെ വിവരങ്ങള്‍ പുറത്തുവന്നത്. കൊല്ലപ്പെട്ട പ്രതികളോട് പൊലീസ് സേന കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഇതിന് വഴങ്ങാതെ പൊലീസിനും ജനങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇതുകൊണ്ടാണ് പൊലീസിന് തിരിച്ച് വെടിവെക്കേണ്ടി വന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വ്യാജ താക്കോല്‍ ഉപയോഗിച്ച് സെല്‍ തുറന്ന ശേഷമാണ് പ്രതികള്‍ ജയില്‍ ചാടിയതെന്നും ജയില്‍ കോമ്പൗണ്ടിലെ ചുറ്റുമതലിന്റെ ഉയരക്കുറവ് പ്രതികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

chandrika: