X

വിമാനത്തില്‍ ബോഡി കൊണ്ടുവരുന്ന സ്ഥാനത്ത് എട്ടുപേരെ നാട്ടിലെത്തിക്കാം:വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ

യുക്രെയിനില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി എസ് ജി നവീനെ അവസാനമായി കാണാന്‍ ആഗ്രഹിച്ച് കുടുംബവും നാടും ഒന്നടങ്കം കാത്തിരിക്കെ വിവാദ പ്രസ്താവനയുമായി ബിജെപി കര്‍ണാടക എംഎല്‍എ.

മൃതദേഹം കൊണ്ടുവരുന്ന സ്ഥാനത്ത് അതിനു പകരമായി കൂടുതല്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാം എന്നാണ് ബിജെപി എംഎല്‍എ അരവിന്ദ് ബോള്ളാട് പറഞ്ഞത്. വിമാനത്തിനു മൃതദേഹം കൊണ്ടുവരുന്നതിന് കൂടുതല്‍ സ്ഥലം ആവശ്യമുണ്ട്. മൃതദേഹത്തിനായി മാറ്റിവയ്ക്കുന്ന സ്ഥലത്ത് കുറഞ്ഞത് 8 പേരെയെങ്കിലും നാട്ടിലെത്തിക്കാന്‍ ആവും. എന്നാല്‍ മൃതദേഹത്തെ അപമാനിക്കുന്ന തരത്തിലാണ് എംഎല്‍എയുടെ പ്രസ്താവനയെന്ന് വ്യാപകമായി വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

അതേ സമയം യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഹാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നതെന്ന് കുടുംബത്തിന് അറിയിപ്പ് ലഭിച്ചു.

നവീന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്നാണ് വിദേശകാര്യമന്ത്രാലയം ഒടുവില്‍ അറിയിച്ചിരിക്കുന്നത്. ഏജന്റും നവീന്റെ സുഹൃത്തുക്കളും മൃതദേഹം തിരിച്ചറിഞ്ഞിരുന്നു. ഹാര്‍കീവിലെ മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്നും മൃതദേഹം നാട്ടില്‍ എപ്പോള്‍ എത്തിനാകുമെന്നതില്‍ അവ്യക്തത തുടരുകയാണ്.

കര്‍ണാടകയിലെ ഹവേരിയിലെ കര്‍ഷക കുടുംബമാണ് നവീന്റേത്. .കൃഷിയില്‍ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് വിദേശത്ത് പഠനത്തിനയച്ചത്. പ്ലസ് ടുവിന് 97 ശതമാനം മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പ്രവേശന പരീക്ഷയില്‍ ആദ്യ പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ചാലഗേരി എന്ന ഗ്രാമത്തിലെ കര്‍ഷ കുടുംബത്തില്‍ നിന്നുള്ള നവീന് നീറ്റ് പരീശിലനത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയിലെ ഉയര്‍ന്ന ഫീസ് കണക്കിലെടുത്താണ് യുക്രെയ്നിലെ ഹാര്‍കീവ് മെഡിക്കല്‍ സര്‍വ്വകലാശാല തെരഞ്ഞെടുത്തത്.

Test User: