X

പത്തനംതിട്ടയിൽ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ്; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

പത്തനംതിട്ട പോക്സോ കേസിൽ എട്ടു പേർ കൂടി കസ്റ്റഡിയിൽ. കസ്റ്റഡിയിൽ എടുത്തവരെ വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പീഡനത്തിനിരയായ പെൺകുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്‍റെ ഫോണിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോൺ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 5 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പീഡനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. കായിക താരമായ പെൺകുട്ടിയെ പീഡിപ്പിച്ചവരിൽ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമെന്നും കണ്ടെത്തൽ. കൂടുതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 60 ലേറെ പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

കസ്റ്റഡിയിലുള്ളവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങളാണ് ശിശു ക്ഷേമ സമിതി വഴി പൊലീസിന് ലഭിച്ചത്.18 കാരിയായ പെൺകുട്ടിയുടെ മൊഴി സംസ്ഥാന ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറിയിരുന്നു. പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ എല്ലാ പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞു.

CWCയുടെ ഗൃഹസന്ദർശന പരിപാടിയിലാണ് രണ്ടു കൊല്ലമായുള്ള പീഡനവിവരങ്ങൾ പുറത്തെത്തിയത്. 60 പേരുടെ പേര് വിവരങ്ങൾ പെൺകുട്ടി പൊലീസിന് കൈമാറി. കോന്നിയിലും, റാന്നിയിലും തിരുവനന്തപുരം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

webdesk13: