അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: ഇക്കൊല്ലത്തെ ഹജ്ജ് തീർത്ഥാടനത്തെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ഇക്കൊല്ലം അന്താരാഷ്‌ട്ര തീർത്ഥാടകർക്ക് അവസരമുണ്ടാകുമെന്ന പ്രതീക്ഷയാണുളളതെന്നും ഇന്ത്യയിൽ നിന്നുള്ള അപേക്ഷകർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളെ പോലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും ഹജ്ജ് കാര്യത്തിലുള്ള അന്തിമ തീരുമാനം സഊദി വ്യക്തമാക്കുക. വിദേശ തീർത്ഥാടകർക്ക് അനുമതി ലഭിക്കുന്ന പക്ഷം ഇന്ത്യൻ തീർത്ഥാടകർക്ക് അർഹമായ വിഹിതം ലഭ്യമാക്കാൻ ഇന്ത്യൻ എംബസ്സി ശ്രമം തുടരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലായ കഴിഞ്ഞ ഒന്നര വർഷത്തിനിടെ വന്ദേ ഭാരത് മിഷന്റെ ഭാഗമായി സഊദിയിൽ നിന്ന് എട്ട് ലക്ഷം ഇന്ത്യക്കാരെ മടക്കി അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി .
ഇന്ത്യയും സഊദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊഷ്മളമാണെന്നും 2014 മുതൽ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചു വരുന്നതെന്നും അംബാസഡർ വ്യക്തമാക്കി. 23 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാർക്ക് രാജ്യത്ത് അനുകൂലമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിൽ സഊദി ഭരണകൂടം ജാഗ്രത പാലിക്കുന്നു. ഇക്കഴിഞ്ഞ വർഷം വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സംഭാഷണവും സംബന്ധിച്ച് അംബാസഡർ വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക നിക്ഷേപം സംബന്ധിച്ച് ഇന്ത്യൻ വ്യവസായ മന്ത്രിയും സഊദി ഊർജ്ജ വകുപ്പ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച്ച 2022 ആദ്യ ക്വാർട്ടറിൽ നടക്കും. സൈനിക രംഗത്തും ആയുധ സംഭരണത്തിന്റെ കാര്യത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും കരാറും ചർച്ചയിലാണ്. സൈബർ സുരക്ഷയിലും തീവ്രവാദ വിരുദ്ധ നീക്കങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ കൈകോർക്കും . പ്രതിരോധ രംഗത്തും ഇരു രാജ്യങ്ങളും നിർണ്ണായക പങ്കാളികളാണ്. ഈ മേഖലയിൽ നിരവധി സുപ്രധാന ദൗത്യങ്ങളാണ് ഈ വർഷം നടപ്പാക്കിയത്.
വാണിജ്യ രംഗത്ത് ചൈന കഴിഞ്ഞാൽ സഊദിയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. എന്നാൽ ഇന്ത്യയിൽ ഈ രംഗത്തെ നാലാം സ്ഥാനക്കാരാണ് സഊദി അറേബ്യ . കോവിഡ് പ്രതിസന്ധിക്കിടയിലും ഇക്കൊല്ലത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം റെക്കോർഡ് നേട്ടം കൈവരിക്കും. ഇറാഖ് കഴിഞ്ഞാൽ ഇന്ത്യയുടെ രണ്ടാമത്തെ എണ്ണ ദാതാവ് സഊദിയാണ്. സാസ്കാരിക, വിനോദ രംഗത്തും യോഗയിലും ഇരു രാജ്യങ്ങളും ചരിത്രപരമായ ദൗത്യങ്ങളാണ് നിർവഹിച്ചത്. ടൂറിസം മേഖലയിൽ ഇന്ത്യയിൽ മൂന്ന് ഓഫീസുകളാണ് സഊദി ആരംഭിച്ചത്. ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലാണ് ഇന്ത്യൻ വിപണി തേടിയുള്ള സഊദി ടൂറിസത്തിന്റെ കാര്യാലയങ്ങളുള്ളത്. വിദ്യാഭ്യാസ മേഖലയിൽ പ്രീമിയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ശാഖകൾ രാജ്യത്ത് സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗതിയിലാണ്. പ്ലസ്‌ടു തലം വരെയുള്ള ക്ളാസുകളിൽ എഴുപതിനായിരം ഇന്ത്യൻ വിദ്യാർത്ഥികൾ സഊദിയിൽ പഠിക്കുന്നുണ്ട്. സഊദി യൂണിവേഴ്‌സിറ്റികളിൽ 250 വിദ്യാർത്ഥികളും 460 ഇന്ത്യൻ അധ്യാപകരുമുണ്ട്.
കോൺസുലാർ സേവനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയാക്കി. വിവിധ കേസുകളിൽ അകപ്പെട്ട് സഊദിയിലെ ജയിലുകളിൽ 1323 പേരാണുളളത്. ഇവരിൽ 719 പേർ റിയാദിലും 604 പേർ ജിദ്ദയിലുമാണ്. 2021 ൽ മരണമടഞ്ഞ ഇന്ത്യക്കാരുടെ എണ്ണം 2205 ആണ്. 781 മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോയി. അഞ്ച് കേസുകളിൽ നഷ്ടപരിഹാരമായി 19 ദശലക്ഷം രൂപ വാങ്ങി നൽകി. നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) നിന്ന് 12842 പേരെ ഇന്ത്യയിലെത്തിച്ചു. ഇവരെ കൊണ്ടുപോകാനായി 49 പ്രത്യേക വിമാനങ്ങളും ഏർപ്പെടുത്തിയതായി അംബാസഡർ അറിയിച്ചു.