X

‘കുവൈതില്‍ ഇനി സ്ത്രീകള്‍ തീരുമാനിക്കും’; സുപ്രീംകോടതിയില്‍ എട്ട് വനിതാ ജഡ്ജുമാരെ നിയമിച്ചു

 

കുവൈത് സിറ്റി: കുവൈത് പരമോന്നത കോടതി പുതിയൊരു ചരിത്ര നേട്ടത്തില്‍. എട്ട് വനിതാ ജഡ്ജുമാരെ നിയമിച്ചു. വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ. ഗള്‍ഫ് നാടുകളില്‍ ഇതാദ്യമായാണ് ഒരു രാജ്യം സുപ്രീംകോടതിയില്‍ വനിതാ ജഡ്ജുമാരെ നിയമിക്കുന്നത്.

കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത 54 പേരിലാണ് എട്ടു വനിതകള്‍ ഉള്‍പെട്ടത്. പുതിയ മാറ്റം എന്ന നിലയില്‍ വനിതാ ജഡ്ജുമാരുടെ പ്രവര്‍ത്തനങ്ങള്‍ കുറച്ചുകാലം വിലയിരുത്തുമെന്ന് കുവൈത് പരമോന്നത ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ യൂസഫ് അല്‍ മതാവ പറഞ്ഞു. എന്നാല്‍ ഇതെത്ര കാലം നീണ്ടുനില്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

കുവൈത് കോടതികളിലെ ജഡ്ജ് പദവികളില്‍ സ്ത്രീകള്‍ക്ക് നിയമനം ലഭിക്കുന്നതിനായി തങ്ങള്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് ഈ വിജയമെന്ന് കുവൈത് വിമന്‍സ് കള്‍ച്ചറല്‍ ആന്റ് സോഷ്യല്‍ സൊസൈറ്റി മേധാവി ലുല്‍വ സാലിഹ് അല്‍ മുല്ല പറഞ്ഞു.

സ്ത്രീശാക്തീകരണം ഏറ്റവും കൂടുതല്‍ പുരോഗമിച്ചുവരുന്ന അറബ് രാജ്യമാണ് കുവൈത്. രാജ്യത്തെ സര്‍ക്കാര്‍ മേഖലകളിലെ ഉന്നത സ്ഥാനങ്ങളില്‍ നിരവധി സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്.

2005ലാണ് കുവൈതില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമുള്ള അവകാശവും ലഭിച്ചത്. 2009ല്‍ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ വിജയിക്കുകയും ചെയ്തു.

web desk 1: