ടിക്കറ്റ് പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിഷേധം. വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്കാണ് ഈഫല്‍ ടവര്‍ അടച്ചു പൂട്ടേണ്ടി വന്നിരിക്കുന്നത്. ഇന്നലെയാണ് ടവര്‍ അടച്ചുപൂട്ടിയത്. ടിക്കറ്റ് കൌണ്ടറുകളെല്ലാം അടഞ്ഞുകിടക്കുകയാണ്.
സിജിടി ട്രേഡ് യൂണിയനും ടവര്‍ മാനേജുമെന്റും തമ്മിലുള്ള ധാരണ പ്രകാരം വിനോദ സഞ്ചാരികളുടെ വരി വലിയ തോതില്‍ നീളുന്നതില്‍ ജിവനക്കാര്‍ ഉത്തരവാദികളാണ് എന്നാണ്. കാഴ്ചക്കാരുടെ വരിയുടെ നീളം കൂടിയതോടെ അത് കൈകാര്യം ചെയ്യാന്‍ കഴിയാതെവന്ന ജീവനക്കാര്‍ പെട്ടുപോവുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം. ഇതോടെ ഇന്നലെ വൈകിട്ട് നാല് മണിയോടെ ജീവനക്കാര്‍ കൌണ്ടര്‍ അടച്ച് ഇറങ്ങിപ്പോയി.
വിവിധ തരത്തലുള്ള ടിക്കറ്റുകളുമായെത്തുന്നവര്‍ക്കായി വ്യത്യസ്ത ലിഫ്റ്റ് സംവിധാനമാണുള്ളത്. ഇതുകാരണം കാഴ്ചക്കാരുടെ ചീത്തവിളി കേള്‍ക്കേണ്ടിവരുന്നത് ജീവനക്കാരെ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയാണെന്ന് തൊഴിലാളി യൂണിയന്‍ അംഗം ഡെനിസ്വിവാസോറി പറഞ്ഞു. എന്നാല്‍ വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്ക് തിരക്ക് എപ്പോഴുമുണ്ടാകുമെന്ന് ഈഫല്‍ ടവര്‍ മാനേജ്‌മെന്റ് പറഞ്ഞു. എല്ലാ വര്‍ഷവും ആറ് മില്യണിലധികം കാഴ്ചക്കാരാണ് ഫ്രാന്‍സ് തലസ്ഥാനമായ പാരീസിലെ പ്രധാന ആകര്‍ഷണമായ ഈഫല്‍ ടവര്‍ കാണാനെത്താറുള്ളത്.