കോഴിക്കോട്: ഒരുമാസം നീണ്ട വ്രതാനുഷ്ഠാനത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ഈദുല്‍ഫിത്വര്‍ ആഘോഷത്തില്‍. ആത്മശുദ്ധിയുടെ ആഘോഷമാണ് ഈദുല്‍ ഫിത്വര്‍. വ്രതത്തോടൊപ്പം ഖുര്‍ആന്‍ പാരയണവും ഇഅ്തികാഫും ദാനധര്‍മങ്ങളുമെല്ലാമായി കഴിച്ചുകൂട്ടിയ ഒരുമാസത്തിന് ശേഷം ഈദുല്‍ഫിത്വറിലൂടെ സഹോദര്യത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ വിളംബരം ചെയ്യുകയാണ് വിശ്വാസി സമൂഹം. ദുരിത ജീവിതം നയിക്കുന്നവര്‍ക്കും പ്രയാസം അനുഭവിക്കുന്നവര്‍ക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ട്‌വന്നാണ് പെരുന്നാള്‍ ദിനത്തില്‍ സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടതെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. ആഴ്ചകളുടെ മാത്രം ഇടവേളകളിലാണ് ഈ വര്‍ഷം ഈസ്റ്ററും വിഷുവും പെരുന്നാളും എത്തിയത്. അസ്വസ്ഥതകള്‍ നിത്യകാഴ്ചയാകുന്ന കാലത്ത് കാലം പോലും നമ്മുടെ സൗഹാര്‍ദ്ദത്തിന് കളമൊരുക്കുകയാണ്.
സ്‌നേഹവും സൗഹാര്‍ദ്ദവും സാഹോദര്യവും പുതുക്കുന്നതിന് റമസാനില്‍ ആര്‍ജിച്ചെടുത്ത സഹനവും ത്യാഗവും കരുത്താകണം. ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമായ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകംതുറന്ന് നോക്കാനുള്ള അവസരം കൂടിയാണ് സംജാതമായിരിക്കുന്നത്. വ്യക്തിയില്‍ നിന്ന് കുടുംബത്തിലേക്കും അതുവഴി സമൂഹത്തിലേക്കും ശാന്തിയും സമാധാനവും ഒഴുകാന്‍ പെരുന്നാള്‍ അവസരമാവണം. വിദ്വേഷ രഹിതവും സഹവര്‍ത്തിത്വവും സമഭാവനയും മാനവരാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്ന പെരുന്നാള്‍ അതേ അര്‍ത്ഥത്തില്‍ ആഘോഷിക്കാന്‍ കഴിയണം.
കനത്ത ചൂടിലുള്ള റമസാന്‍ വ്രതത്തിനും ആരാധാനനിരതമായ രാത്രികള്‍ക്കും ശേഷമെത്തുന്ന പെരുന്നാളിനെ വിശ്വാസികള്‍ക്ക് നിറഞ്ഞ സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്. കഴിഞ്ഞ മൂപ്പത് നാളുകള്‍ ആരാധനകളില്‍ മുഴുകിയും ഖുര്‍ആന്‍ പാരായണം ചെയ്തുമാണ് വിശ്വാസികള്‍ ചെലവഴിച്ചത്. സ്രഷ്ടാവിന്റെ പ്രീതി കരസ്ഥമാക്കാനും ചെയ്തുപോയ പാപങ്ങള്‍ കഴുക്കിക്കളയാനും നാഥനിലേക്ക് കരങ്ങള്‍ നീട്ടി പ്രാര്‍ത്ഥനയുമായി കഴിഞ്ഞ വിശുദ്ധ ദിവസങ്ങള്‍ക്ക് പരിസമാപ്തിയായാണ് വിശ്വാസികള്‍ ഈദ് ആഘോഷിക്കുന്നത്. അടുത്ത റമസാന്‍ വരെ നീളുന്ന ആത്മശുദ്ധിയുടെ നീണ്ട പോരാട്ടത്തിനുള്ള പരിശ്രമം കൂടിയാണെന്ന തിരിച്ചറിവോടെയാണ് റമസാന് വിട ചൊല്ലുന്നത്.
വ്യാഴായ്ച ശവ്വാല്‍ പിറ ദൃശ്യമാകാത്തതിനെ തുടര്‍ന്ന് പെരുന്നാള്‍ ശനിയാഴ്ചയായി തീരുമാനിച്ചതോടെ ഒരു വെള്ളിയാഴ്ച കൂടി റമസാനിന്റെ വിശുദ്ധിയോടെ വിശ്വാസികള്‍ ജുമുഅ പ്രാര്‍ത്ഥനക്കായി ഒത്തുചേര്‍ന്നു. അതേ സമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്നലെ വിപുലമായ രീതിയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിച്ചു.