മസ്‌ക്കത്ത്: ഒരുമാസക്കാലം നീണ്ടുനിന്ന വ്രതാനുഷ്ടാനത്തിനുശേഷം ഒമാനില്‍ ചെറിയ പെരുന്നാള്‍ സാഘോഷം കൊണ്ടാടി.
തലസ്ഥാന നഗരിയിയായ മസ്‌ക്കത്തിലെയും വിവിധ വിലായത്തുകളിലെയും മസ്ജിദുകളിലും ഈദ് ഗാഹുകളിലും ആയിരക്കണക്കിനുപേരാണ് കാലത്തുനേരത്തെ പെരുന്നാള്‍ നമസ്‌കാരത്തിനെത്തിച്ചേര്‍ന്നത്.
ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ പെരുന്നാള്‍ വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍ ഇക്കുറിയും പതിവുതെറ്റാതെ ഒമാനില്‍ ഒരുദിവസം കഴിഞ്ഞു ശനിയാഴ്ചയാണ് മാസപ്പിറവി ദൃശ്യമനുസരിച്ചു പെരുന്നാള്‍ ആഘോഷിച്ചത്.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ഖോര്‍ മസ്ജിദിലാണ് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. സുല്‍ത്താന്റെ സായുധ സേനാ കമാന്‍ഡര്‍മാര്‍, റോയല്‍ ഒമാന്‍ പൊലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍മാര്‍, ഒമാനിലെ ഇസ്ലാമിക രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇവിടെ പ്രാര്‍ഥനയില്‍ പങ്കാളികളായി.
പള്ളികള്‍ക്കുപുറമെ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഉള്‍പ്പെടെ ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്ത്രീകളടക്കം ആയിരകണക്കിനുപേര്‍ പങ്കാളികളായി.
മബെല ബി പി മസ്ജിദില്‍ നടന്ന നമസ്‌കാരത്തിന് ഷക്കീര്‍ ഫൈസി തലപ്പുഴ നേതൃത്വം നല്‍കി. മബേല മാള്‍ ഓഫ് മസ്‌കറ്റിനു സമീപം ഈദ്ഗാഹില്‍ ഡോ. നഹാസ് മാളയും മബെല ഇന്ത്യന്‍ സ്‌കൂളിന് സമീപം ഹയാ മസ്ജിദില്‍ മുഹമ്മദ് ഉവൈസ് വഹബിയും നേതൃത്വം നല്‍കി. സലാല ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ മലയാളി സാന്നിധ്യവും നേതൃത്വവും ശ്രദ്ധേയമായിരുന്നു.
പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ആശംസകള്‍ കൈമാറിയും സ്‌നേഹ ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചുമായിരുന്നു വിശ്വാസികള്‍ ഈദ്ഗാഹുകളില്‍ നിന്ന് പിരിഞ്ഞത്. വിവിധയിടങ്ങളില്‍ പായസവിതരണവും സംഘടിപ്പിച്ചിരുന്നു.