X
    Categories: MoreViews

വിശുദ്ധ നഗരി തല്‍ബിയത്ത് മുഖരിതം; അറഫ സംഗമം ഇന്ന്

സി.കെ ഷാക്കിര്‍

മക്ക: വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം ഇന്ന്. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക്ക ലാ ശരീകലക ലബ്ബൈക്ക്, ഇന്നല്‍ഹംദ വന്നിഅ്മത്ത ലക വല്‍മുല്‍ക്, ലാ ശരീകലക്…. വിശുദ്ധ നഗരിയിലേക്കുള്ള വഴികളും ഹജ്ജിന്റെ കര്‍മഭൂമിയും തല്‍ബിയ്യത്തിന്റെ മന്ത്രങ്ങളാല്‍ മുഖരിതമണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ലക്ഷത്തിലധികം വരുന്ന തീര്‍ഥാടകര്‍ ഇന്നലെ മിനയില്‍ രാപാര്‍ത്ത ശേഷം ഇന്ന് പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് നീങ്ങി തുടങ്ങി. ളുഹറിന് മുമ്പായി മുഴുവന്‍ ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. അറഫയിലെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ നടക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പാപമോചന പ്രാര്‍ഥനകളും ദിക്റുകള്‍ ഉരുവിട്ടും ഇന്ന് സൂര്യാസ്തമയം വരെ ഹാജിമാര്‍ അറഫയില്‍ കഴിച്ചുകൂട്ടും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും.

മുസദ്ലിഫയില്‍ എത്തിയ ശേഷമാണ് ഹാജിമാര്‍ മഗ്രിബ്, ഇശാ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുക. നാളെ രാവിലെ മിനയിലെത്തി ജംറത്തുല്‍ അഖ്ബയില്‍ പിശാചിനെ കല്ലെറിയല്‍ ചടങ്ങ് നിര്‍വഹിക്കും. തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ട സമയത്ത് മൂന്ന് ജംറകളിലും കല്ലേറ് നടത്തി ഹാജിമാര്‍ മിനയില്‍ നിന്ന് മടങ്ങും. ആദ്യ കല്ലെറിയല്‍ കര്‍മത്തിന് ശേഷം സൗകര്യപ്രദമായ സമയം തെരഞ്ഞെടുത്ത് മസ്ജിദുല്‍ ഹറാമിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്യും നിര്‍വഹിക്കുകയും ചെയ്യും. ചില ഹാജിമാര്‍ കല്ലേറ് മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് ത്വവാഫും സഅ്യും നിര്‍വഹിക്കുക.

chandrika: