കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ ഈജിപ്ത് സുപ്രീംകോടതി റദ്ദാക്കി. പ്രമുഖ മാധ്യമമായ അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുര്‍സിക്കെതിരായ കേസില്‍ പുനര്‍വിചാരണ നടത്താനും പരമോന്നത കോടതി ഉത്തരവിട്ടിട്ടുമുണ്ട്.
മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെതിരായ 2011ലെ മുല്ലപ്പൂ വിപ്ലവ പ്രക്ഷോഭ കാലത്തെ ജയില്‍ ചാട്ടവും ഖത്തര്‍ ഉള്‍പ്പെടെ വിദേശ ശക്തികള്‍ക്ക് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുര്‍സിക്കെതിരായി കേസുകള്‍ ചുമത്തിയിരുന്നത്.
അതേസമയം, ഈജിപ്തില്‍ ജനാധിപത്യ രീതിയിലൂടെ ആദ്യമായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സി ഭരണകൂടത്തെ 2013 ജൂലായില്‍ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടുകയായിരുന്നു. തുടര്‍ന്ന് വിവിധ കുറ്റങ്ങള്‍ ചുമത്തി അദ്ദേഹത്തെ തടവിലിടുകയും ചെയ്തു. മുര്‍സിയെ അട്ടിമറിച്ചെത്തിയ പട്ടാളഭരണം മുസ്‌ലിം ബ്രദര്‍ഹുഡ് അനുയായികളായ നിരവധി പേരെ തടവിലിടുകയും നൂറുകണക്കിന് പേരെ വധശിക്ഷക്ക് വിധിക്കുകയും ചെയ്തിരുന്നു.