X
    Categories: More

ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജയില്‍ മോചിതനായി

കെയ്‌റോ: ആറ് വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് ജയില്‍ മോചിതനായി. 2011ലെ മുല്ലപ്പൂ വിപ്ലവത്തില്‍ പങ്കെടുത്തവരെ കൂട്ടക്കൊല ചെയ്ത കേസിലായിരുന്നു മുബാറക് തടവിലായത്. ആഴ്ചകള്‍ക്ക് മുന്‍പു മുബാറകിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

30 വര്‍ഷത്തോളം ഹോസ്‌നി മുബാറക് ഈജിപ്റ്റിലെ ഏകാധിപതിയായാണ് വാണത്. മുല്ലപ്പൂ വിപ്ലവമെന്ന് ലോകം പേരിട്ടുവിളിച്ച ജനകീയ മുന്നേറ്റത്തിലൂടെയാണ് 2011ല്‍ ഹുസ്‌നി മുബാറക് സ്ഥാനഭ്രഷ്ടനായത്. പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്‌തെന്ന കുറ്റമാരോപിച്ച് 2012ലാണ് ഹുസ്‌നി മുബാറകിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 18 ദിവസം നീണ്ടുനിന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ ജീവന്‍ നഷ്ടമായത് 850ലേറെ പേര്‍ക്കാണ്. വിധി വന്നയുടനെതന്നെ അപ്പീല്‍കോടതി കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടെ അഴിമതികേസില്‍പെട്ട് മുബാറകിന്റെ രണ്ട് ആണ്‍മക്കളും തടവിലായി.
പുനരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുബാറകിനെ വെറുതെ വിടാന്‍ ഈജിപ്റ്റിലെ പരമോന്നത കോടതി ഉത്തരവിട്ടിരുന്നു. അറസ്റ്റിലായതു മുതല്‍ 88 കാരനായ മുബാറക് അധികസമയവും സൈനീക ആസ്പത്രിയിലായിരുന്നു. പുനരന്വേഷണ റിപ്പോര്‍ട്ടിനോടൊപ്പം ആരോഗ്യനിലയും കൂടി പരിഗണിച്ചാണ് കോടതി തീരുമാനം.ഇതിനിടെ മുബാറക്കിന്റെ മക്കളും ജയില്‍ മോചിതരായിരുന്നു. മുബാറകിന്റെ വിശ്വസ്തര്‍ക്കെതിരെയുളള കേസുകളും പിന്‍വലിച്ചിട്ടുണ്ട്.

chandrika: