കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞു പിടിച്ച് ക്രൂശിക്കുന്നു. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവുമായ അബുല്‍ ഫുതൂഹാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. നിരോധിത മുസ്‌ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് ഈജിപ്ത് പാര്‍ട്ടിയുടെ നേതാവായ അദ്ദേഹത്തെയും ആറ് മുതിര്‍ന്ന നേതാക്കളെയും ഈജിപ്ത് പൊലിസ് അറസ്റ്റ് ചെയ്തത്. ഇതിനോടകം തന്നെ ഒട്ടേറെ പേര്‍ അറസറ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് അബുല്‍ ഫുതൂഹിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ലണ്ടനില്‍ നിന്ന് അല്‍ ജസീറ ചാനലിന് അഭിമുഖം നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അഭിമുഖത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ഈജിപ്ത് പ്രസിഡന്റിനെ മോശമായി ചിത്രീകരിച്ചുവെന്നും സാമിര്‍ സബ്രി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. പിതാവിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അബുല്‍ ഫുതൂഹിന്റെ മകന്‍ ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ സ്ഥിരീകരിച്ചു. 15 ദിവസത്തേക്ക് റിമാന്റും ചെയ്തു. കൂടാതെ ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകരെ ഭരണകൂടം അധികാരം ഉപയോഗിച്ച് അറസ്റ്റ് ചെയ്യുകയും അക്രമിക്കുകയും ജയിലില്‍ തള്ളുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമായ ഫുതൂഹ് 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ആദ്യ റൗണ്ടില്‍ അഞ്ചിലൊന്ന് വോട്ടുകള്‍ നേടിയിരുന്നു. പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ അറബ് വസന്തത്തെ തുടര്‍ന്ന് നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്. പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമെതിരെ പ്രസിഡന്റ് അല്‍സീസി നടത്തുന്ന പ്രതികാര നടപടികളില്‍ ഒടുവലത്തേതാണ് അബുല്‍ ഫുത്തൂഹിന്റെ അറസ്റ്റ്.
മുന്‍ മുഖ്യ ഓഡിറ്ററും പ്രതിപക്ഷനേതാവുമായ ഹിഷാം ജെനേവ, പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ സൈനികത്തലവനുമായ സാമി അനാന്‍ തുടങ്ങിയവരെയും വിവിധ ആരോപണങ്ങളുന്നയിച്ച് നേരത്തേ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റിന്റെ ശത്രുതാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് അബുല്‍ ഫുത്തൂഹ് ആഹ്വാനം ചെയ്തിരുന്നു.