X

പാതി ഭാരത്തിലെത്തി ഇമാന്‍; ചലന ദൃശ്യങ്ങള്‍ പുറത്ത്

മുബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ യുവതിയുടെ തൂക്കം മൂന്നുമാസം കൊണ്ട് കുറഞ്ഞത് പകുതിയോളം. അമിത ഭാരം കുറക്കാനായ ശാസ്ത്രക്രിയ ഫലിക്കുമ്പോള്‍ ഒരു പക്ഷെ ഇമാനേക്കാളേറെ സന്തോഷിക്കുന്നത് ചികിത്സിച്ച ഡോക്ടറായിരിക്കും. മൂന്നുമാസങ്ങള്‍ക്കു മുമ്പ് 500 ല്‍ അധികം കിലോ വരുന്ന ശരീരഭാരവുമായെത്തിയ ഇമാനെ ചികിത്സക്കായി ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ മനസ്സില്‍ നിറയെ ആശങ്കകളായിരുന്നു.
എന്നാല്‍ ശാസ്ത്രക്രിയയെ തുടര്‍ന്നു പകുതിയോളം ഭാരം കുറഞ്ഞ ഇമാനെ ധൈര്യപൂര്‍വം പുറംലോകത്തിനു കാട്ടിക്കൊടുക്കുകയാണ് അധികൃതര്‍. ഇമാന്‍ ഡോക്ടര്‍മാരുമായി സംവദിക്കുന്ന മൂന്ന് വീഡിയോ ക്ലിപ്പുകളാണ് ആത്മവിശ്വാസത്തോടെ പുറത്തു വിട്ടിരിക്കുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ ഇമാന്റെ ചലന ദൃശ്യങ്ങള്‍ അവളുടെ ഓരോ പുരോഗതിയും പങ്കുവക്കുന്നതാണ്.

കഴിഞ്ഞ ഫെബ്രുവരി 11നാണ് ഇമാനെ പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ഇന്ത്യയില്‍ എത്തിക്കുമ്പോള്‍ 500 കിലോയുണ്ടായിരുന്ന ഇമാന്റെ ഭാരം മൂന്നുമാസത്തിനുള്ളില്‍ 250 കിലോയാണ് കുറഞ്ഞത്. ലാപ്രസ്‌കോപിക് സംവിധാനത്തിലൂടെ ഇമാന്റെ ആമാശയത്തിന്റെ വലിപ്പം 15 ശതമാനത്തോളം ചെറുതാക്കിയാണ് ഭാരം കുറക്കല്‍ ചികിത്സ സാധ്യമാക്കുന്നത്. ബാരിയാട്രിക് സര്‍ജനായ ഡോ. മുഫാസല്‍ ലക്ഡാവാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ. പ്രതീക്ഷിച്ചതിലും വളരെപ്പെട്ടന്ന് ഇമാന്‍ സുഖംപ്രാപിക്കുന്നതിന്റെയും ഭാരം കുറയ്ക്കുന്നതിന്റെയും സന്തോഷവും ഡോക്ടര്‍ പങ്കുവെച്ചു.

ഇമാനുമായി ഡോക്ടര്‍മാര്‍ രോഗകാര്യങ്ങള്‍ സംസാരിക്കുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നത്. ചോദ്യങ്ങളോട് അവ്യക്തമാണെങ്കിലും ഇമാന്‍ പ്രതികരിക്കുന്നുണ്ട്.
ശാസ്ത്രക്രിയക്ക് ശേഷം ഇമാനില്‍ നല്ല മാറ്റങ്ങള്‍ കണ്ടു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അമിതവണ്ണംകൊണ്ടുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെയെല്ലാം ഇമാന്‍ ഇ അതിജീവിച്ചു കഴിഞ്ഞതായും ആസ്പത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അമിതഭാരം മൂലം സംഭവിച്ച പക്ഷാഘാതത്താല്‍ ശരീരത്തിന്റെ വലതുവശം തളര്‍ന്ന നിലയിലാണ്. അതേസമയം തളര്‍ന്ന ഭാഗത്തിന്റെ വീണ്ടെടുപ്പിനായി പ്രത്യേക തറാപ്പി ചികിത്സകള്‍ പുരോഗമിക്കുകയാണ്. വൈകാതെ ഇമാന് സ്വയം എഴുന്നേറ്റിരിക്കാനും ചലിക്കാനും നടക്കാനും കഴിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ ഇമാനിരിക്കുന്നതിനായി പ്രത്യേക തരത്തിലുള്ള വീല്‍ചെയര്‍ ഡിസൈന്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ പറയുന്നു.

chandrika: