കെയ്‌റോ: കോപ്റ്റിക് ക്രിസ്ത്യന്‍ ചര്‍ച്ചുകൡലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തില്‍ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുരുത്തോല പെരുന്നാള്‍ ദിനത്തിലുണ്ടായ സ്‌ഫോടനങ്ങളില്‍ 45 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനും വീടുകളില്‍ കയറി പരിശോധന നടത്താനും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്ന അടിയന്തരാവസ്ഥ പ്രാബല്യത്തില്‍ വരണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.
സ്‌ഫോടനങ്ങളെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ദേശീയ പ്രതിരോധ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം രാജ്യത്തോടായി നടത്തിയ പ്രസംഗത്തില്‍ സിസി തീവ്രവാദ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം ചെയ്തു.
തീവ്രവാദികള്‍ക്കെതിരായ യുദ്ധം ദീര്‍ഘവും വേദനാജനകവുമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പുനല്‍കി. പാര്‍ലമെന്റില്‍ സിസിക്കാണ് മുന്‍തൂക്കമെന്നതുകൊണ്ട് അടിയന്തരാവസ്ഥ ബില്‍ പാസാക്കിയെടുക്കാന്‍ പ്രയാസമുണ്ടാവില്ല. രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ സിസി ഉത്തരവിട്ടു. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
സിസിയുടെ പുതിയ നീക്കങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. നേരത്തെ തന്നെ രാഷ്ട്രീയ, പൗരാവകാശങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സിസി തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ പുതിയ അടിച്ചമര്‍ത്തല്‍ നടപടികളിലേക്ക് നീങ്ങിയേക്കുമെന്ന് അവര്‍ പറയുന്നു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി സിസി അധികാരം പിടിച്ചെടുത്ത ശേഷം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജയില്‍ പീഡനങ്ങളടക്കം വ്യാപക മനുഷ്യാവകാശ ധ്വംസനങ്ങളും തുടരുകയാണ്. ഞായറാഴ്ച ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനം നടത്തിയത് തങ്ങളുടെ ചാവേറുകളാണെന്ന് ഐ.എസ് അറിയിച്ചിട്ടുണ്ട്. താന്‍താനിയ നഗരത്തിലെ കോപ്റ്റിക് ചര്‍ച്ചില്‍ 27 പേരും അലക്‌സാന്‍ഡ്രിയയിലെ ചര്‍ച്ചില്‍ 18 പേരുമാണ് കൊല്ലപ്പെട്ടത്.