X

ചെങ്കടലിലെ ദ്വീപുകള്‍ സഊദിക്ക് കൈമാറാന്‍ ഈജിപ്ത് സുപ്രീംകോടതി വിധി

കെയ്‌റോ: ചെങ്കടലിലെ രണ്ട് ദ്വീപുകള്‍ സഊദി അറേബ്യക്ക് കൈമാറാനുള്ള കരാറിന് ഈജിപ്ഷ്യന്‍ പരമോന്നത കോടതിയുടെ അംഗീകാരം. രാജ്യന്തര കപ്പല്‍ ചാലിന് സമീപം ഈജിപ്തിന്റെ അധീനതയിലായിരുന്ന തിറാന്‍, സനാഫീര്‍ ദ്വീപുകളാണ് സഊദിക്ക് കൈമാറുന്നത്. സഊദി രാജാവ് സല്‍മാന്‍ രാജാവ് കെയ്‌റോയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് ദ്വീപുകള്‍ വിട്ടുകൊടുക്കാന്‍ ഈജിപ്ത് സമ്മതിച്ചത്. പകരം ഈജിപ്തിനുവേണ്ടി സല്‍മാന്‍ രാജാവ് കോടികളുടെ സഹായ, നിക്ഷേപ പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു.

ദ്വീപ് കൈമാറ്റ കരാറില്‍ ഒപ്പുവെച്ചതിനെതിരെ ഈജിപ്തില്‍ വ്യാപക പ്രതിഷേധങ്ങള്‍ അരങ്ങേറി. രാജ്യത്തിന്റെ പരമാധികാരം വില്‍ക്കുന്നതിന് തുല്യമാണ് ഇതെന്നും അതിര്‍ത്തി അടിയറവെക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും വിമര്‍ശകര്‍ പറയുന്നു. ദ്വീപുകള്‍ സഊദിക്ക് വിട്ടുകൊടുക്കുന്ന കാര്യത്തില്‍ രണ്ട് കീഴ്‌കോടതികള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. അടിയന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതി കരാറിനെ അനുകൂലിച്ചപ്പോള്‍ സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കോടതി എതിര്‍ത്തു. സുപ്രീംകോടതി അനുകൂല നിലപാടെടുത്തതോടെ കരാറിനുള്ള തടസങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. 1950കളില്‍ ഈജിപ്തിന് പാട്ടത്തിന് ലഭിച്ച തിറാന്‍, സനാഫീര്‍ ദ്വീപുകള്‍ സഊദി അറേബ്യയുടേതാണെന്ന് ഭരണകൂടം പറയുന്നു. പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോടൊപ്പമാണ് സുപ്രീംകോടതിയെന്ന് തെളിയിക്കുന്നതാണ് ദ്വീപ് കൈമാറ്റം സംബന്ധിച്ച വിധി.

chandrika: