X

ഈജിപ്തില്‍ വീണ്ടും കൂട്ട വധശിക്ഷ; മുസ്‌ലിം ബ്രദര്‍ഹുഡ് നേതാക്കളുള്‍പ്പെടെ 75 പേര്‍ക്ക്

കെയ്‌റോ: മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 75 പേര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. 2013ല്‍ കെയ്‌റോയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി വിധി. 700ലേറെ പേരുടെ കേസിലാണ് കോടതി ഒറ്റയടിക്ക് വിധി പ്രസ്താവിച്ചത്.

ഹിസാം അല്‍ അറിയാനും മുഹമ്മദ് ബല്‍താജിയും വധശിക്ഷക്ക് വിധിക്കപ്പെട്ട ഉന്നത ബ്രദര്‍ഹുഡ് നേതാക്കളില്‍ പെടും. സംഘടനയുടെ ആത്മീയ നേതാവായി അറിയപ്പെടുന്ന മുഹമ്മദ് ബാദി ഉള്‍പ്പെടെ 47 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു.
പ്രക്ഷോഭത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതിനിടെ അറസ്റ്റിലായ പ്രമുഖ ഫോട്ടോഗ്രാഫര്‍ മുഹമ്മദ് അബൂ സൈദിന് അഞ്ച് വര്‍ഷം തടവ് വിധിച്ചു. ഇതിനകം തടങ്കല്‍ കാലാവാധി പൂര്‍ത്തിയാക്കിയ അദ്ദേഹം ദിവസങ്ങള്‍ക്കകം ജയില്‍ മോചിതനാകുമെന്ന് അഭിഭാഷകര്‍ അറിയിച്ചു.

നിയമവിരുദ്ധമായി പ്രക്ഷോഭം സംഘടിക്കുകയും അക്രമങ്ങള്‍ ഇളക്കിവിടുകയും ചെയ്തതുള്‍പ്പെടെയുള്ള കേസുകളിലാണ് കോടതി ശിക്ഷ വിധിച്ചത്. ഈജിപ്ഷ്യന്‍ ഭരണഘടനയുടെ ലംഘനവും തീര്‍ത്തും അന്യായവുമാണ് വിധിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ പ്രഖ്യാപിച്ചു.
2013 ആഗസ്റ്റ് 14ന് കെയ്‌റോയിലെ റാബിഅ അല്‍ അദവിയ ചത്വരത്തില്‍ തടിച്ചുകൂടിയ പ്രതിഷേധക്കാരെ നീക്കാന്‍ പൊലീസ് നടത്തിയ നീക്കത്തില്‍ എണ്ണൂറിലേറെ പേര്‍ കൊല്ലെപ്പെട്ടിരുന്നു.

ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുത്ത പട്ടാള ഭരണകൂടത്തിനെതിരെ നടന്ന പ്രക്ഷോഭത്തെ സൈന്യം ചോരയില്‍ മുക്കുകയായിരുന്നു. കവചിത വാഹനങ്ങളും ബുള്‍ഡോസറുകളും ഇറക്കി നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ക്കകം പ്രക്ഷോഭകരെ അടിച്ചൊതുക്കിയ സംഭവത്തിന് ഉത്തരവാദികള്‍ ബ്രദര്‍ഹുഡ് നേതാക്കളാണെന്നാണ് സൈന്യത്തിന്റെ വാദം. മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വിശേഷിപ്പിച്ച കൂട്ടക്കുരുതിക്ക് പിന്നില്‍ സൈന്യത്തിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമായിട്ടും കേസെടുത്തത് ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയായിരുന്നു. തുടര്‍ന്നുള്ള ദിവങ്ങളില്‍ നൂറുകണക്കിന് ആളുകളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമം കാറ്റില്‍ പറത്തിയാണ് വിചാരണയും വിധി പ്രഖ്യാപനവും നടന്നതെന്ന് പ്രതികള്‍ ആരോപിക്കുന്നു. പ്രതികളുടെ വാദം പോലും കേള്‍ക്കാതെ കൂട്ടത്തോടെയാണ് ഈജിപ്ഷ്യന്‍ കോടതി ശിക്ഷ വിധിക്കുന്നത്. മുമ്പും സമാന രൂപത്തില്‍ കോടതി കൂട്ടത്തോടെ ശിക്ഷ വിധിച്ചിരുന്നു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

chandrika: