X

ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ ഉപരോധത്തില്‍ പൊറുതിമുട്ടുന്ന ഗസ്സക്കാര്‍ക്ക് നേരിയ ആശ്വാസം പകര്‍ന്നിരുന്ന ഗസ്സയിലെ തുരങ്കങ്ങള്‍ തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. ഈജിപ്ത് ഒമ്പതാം ആര്‍മര്‍ ഡിവിഷന്‍ തലവന്‍ മേജര്‍ ആദില്‍ റഗായ് ആണ് സ്വന്തം വീട്ടിനു മുമ്പില്‍ വെടിയേറ്റു മരിച്ചത്. കെയ്‌റോയ്ക്കടുത്ത് ഒബര്‍ സിറ്റിയില്‍ താമസക്കാരനായിരുന്ന റഗായ് ഡ്യൂട്ടിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. റഗായുടെ തലയില്‍ രണ്ടുതവണ വെടിവെച്ച ശേഷം അക്രമികള്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. സംഭവത്തിന്റെ ഉത്തരവാദിത്തം ‘ലിവാ അല്‍ ഥൗറ’ എന്ന സംഘടന ഏറ്റെടുത്തു.

ഗസ്സയുടെ ‘ജീവിത’ തുരങ്കങ്ങള്‍

മൂന്നു ഭാഗവും ഇസ്രാഈലിനാല്‍ ചുറ്റപ്പെട്ട ഗസ്സയിലേക്ക് ഭക്ഷണവും വസ്ത്രവും മരുന്നുകളും നിര്‍മാണ സാമഗ്രികളും ആയുധങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിയിരുന്നത് റഫയിലെ തുരങ്കങ്ങളിലൂടെയാണ്. ഈജിപ്തിലെ റഫ നഗരത്തിലുള്ള കെട്ടിടങ്ങളെയും ഗസ്സയിലെ കെട്ടിടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ആയിരക്കണക്കിന് തുരങ്കങ്ങളാണ് ഉള്ളത്. ആളുകള്‍ക്ക് കാല്‍നടയായി മാത്രം സഞ്ചരിക്കാവുന്നതു മുതല്‍ കാര്‍, ട്രക്ക് തുടങ്ങിയവ സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കങ്ങള്‍ വരെയുണ്ട്.

ഇസ്രാഈല്‍ ഉപരോധവും ആക്രമണവും കാരണം ബുദ്ധിമുട്ടുന്ന ഗസ്സയിലേക്ക് സിമന്റ്, കമ്പി തുടങ്ങിയ നിര്‍മാണ സാമഗ്രിള്‍, ഡീസല്‍, കൃഷി ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സ്, മൃഗങ്ങള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ തുടങ്ങിയവ എത്തുന്നത് ഈ രഹസ്യ തുരങ്കങ്ങളിലൂടെയാണ്.

ഗസ്സയിലെ ഏക പവര്‍പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതും കുടിവെള്ളം ശുചീകരിച്ചിരുന്നതും തുരങ്കങ്ങളിലൂടെ എത്തുന്ന ഡീസല്‍ ഉപയോഗിച്ചാണ്. വൈദ്യുതിയും വെള്ളവും നല്‍കുന്നതില്‍ ഇസ്രാഈല്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍, ഗസ്സക്കാര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നത് ഗസ്സയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനങ്ങളാണ്. ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ തകരുന്ന കെട്ടിടങ്ങളും റോഡുകളും പുനര്‍നിര്‍മിച്ചതും തുരങ്കങ്ങളിലൂടെ എത്തുന്ന സാമഗ്രികള്‍ ഉപയോഗിച്ചാണ്.

ഇതിനു പുറമെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനും തുരങ്കങ്ങള്‍ ഉപകാരപ്രദമായി. 2012 വരെ ഇതുവഴി കാറുകള്‍ സഞ്ചരിക്കാറുണ്ടായിരുന്നു. റമസാന്‍ മാസത്തിലാണ് കാര്യമായി ഇതുവഴി മനുഷ്യ സഞ്ചാരം ഉണ്ടാകാറുള്ളത്. സാഹസികത നിറഞ്ഞ ഈ സഞ്ചാരത്തില്‍ പലരും മരണത്തിന് കീഴങ്ങിയിട്ടുണ്ട്. 2010-ല്‍ ഹുസ്‌നി മുബാറക് ഭരണകൂടം വിഷവാതകം പ്രയോഗിച്ചതിനെ തുടര്‍ന്ന് നാല് ഗസ്സക്കാര്‍ കൊല്ലപ്പെട്ടു. വെള്ളം ഒഴുക്കിവിട്ടും ബോംബ് ഉപയോഗിച്ചും പല തുരങ്കങ്ങളും ഈജിപ്ത് തകര്‍ത്തിട്ടുണ്ട്.

2007-ലെ ഫലസ്തീന്‍ തെരഞ്ഞെടുപ്പില്‍ ഹമാസ് വിജയിച്ചതോടെ ഈജിപ്തിലെ ഹുസ്‌നി മുബാറക് ഭരണകൂടം തുരങ്കങ്ങള്‍ തടയുന്നതിനായി ഭൂമിക്കടിയില്‍ മതില്‍ നിര്‍മിച്ചിരുന്നു. 2011-ല്‍ അറബ് വിപ്ലവാനന്തരം നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തില്‍ ഭരണമാറ്റം വന്നതോടെ റഫയിലെ അതിര്‍ത്തി തുറന്നു കൊടുത്തു. ഇത് ഗസ്സക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍, ഈജിപ്തില്‍ അട്ടിമറിയിലൂടെ പട്ടാളം അധികാരത്തിലെത്തിയതോടെ ഗസ്സയുടെ ദുരന്തകാലം തുടങ്ങി.

തുരങ്കം തകര്‍ക്കല്‍ പദ്ധതി

ഇസ്രാഈലുമായി സൗഹൃദത്തിലുള്ള അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഭരണകൂടം 2013-ല്‍ ഗസ്സ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ഒരു വര്‍ഷം കൊണ്ട് 1659 തുരങ്കങ്ങളാണ് ഈജിപ്ത് തകര്‍ത്തത്. മലിനജലം ഒഴുക്കിവിട്ടും തുരങ്കങ്ങള്‍ തുറക്കുന്ന വീടുകള്‍ തകര്‍ത്തും വീട്ടുടമകളെ ശിക്ഷിച്ചുമായിരുന്നു ഇത്. തുരങ്കങ്ങളിലൂടെ ഡീസല്‍ എത്താത്തതു കാരണം ഗസ്സയിലെ പവര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം നിലക്കുകയും കുടിവെള്ള ശുചീകരണം താറുമാറാവുകയും ചെയ്തു.

2013-ല്‍ തുരങ്കം തകര്‍ക്കാന്‍ നേതൃത്വം നല്‍കിയത് അല്‍ സിസിയുമായി അടുത്ത ബന്ധമുള്ള ആദില്‍ റഗായ് ആയിരുന്നു. അല്‍ സിസി ഭരണം പിടിച്ചെടുത്ത ശേഷം ഈജിപ്തില്‍ നടക്കുന്ന ആദ്യ രാഷ്ട്രീയ കൊലപാതകമാണിത്.

chandrika: