വയനാട് പുതുശ്ശേരി വെള്ളാരംകുന്നില്‍ കര്‍ഷകന്റെ ജീവനെടുത്ത കടുവയെ പിടികൂടാന്‍ വനം വകുപ്പ് ശ്രമം തുടരുന്നു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച പ്രദേശത്ത് കൂട് സ്ഥാപിച്ചു. വിവിധയിടങ്ങളിലായി എട്ട് നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. മുത്തങ്ങ ആനപന്തിയില്‍ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നില്‍ എത്തിച്ചു. കടുവ കൂട്ടില്‍ കുടുങ്ങിയില്ലെങ്കില്‍ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം.
അതേസമയം വയനാട് ജില്ലയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചതും ബത്തേരിയിലേയും അട്ടപ്പാടിയിലേയും കാട്ടാന ആക്രമണങ്ങളും അടക്കം സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണ ഭീതി പിടിമുറുക്കുന്നു. വന്യജീവി ആക്രമണങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും വനംവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെയുള്ള നിരുത്തരവാദ സമീപനം ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുള്ള അലംഭാവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഇന്നലെ വയനാട്ടില്‍ ഉയര്‍ന്നത്. മാനന്തവാടി താലൂക്കില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
കടുവയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാനന്തവാടി പുതുശ്ശേരി പള്ളിപ്പുറത്ത് തോമസ്(50) എന്ന സാലുവാണ് മരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് തോമസിനെ കടുവ ആക്രമിച്ചത്. പല ആശുപത്രികള്‍ മാറിക്കയറിയിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് വലിയ വീഴ്ചയായാണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം ബത്തേരി നഗരമധ്യത്തിലിറങ്ങിയ കാട്ടാന ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കാല്‍നട യാത്രക്കാരനെ തൂക്കി എറിയുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ പാടുപെട്ടാണ് ജനം ആനയെ കാട്ടിലേക്ക് തിരികെ കയറ്റിയത്. അട്ടപ്പാടിയില്‍ ഇന്നലെ വയോധികനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പച്ചു.
ഇന്നലെ രാവിലെ 10.30ഓടെ മാനന്തവാടി ഫോറസ്റ്റ് റെയ്ഞ്ചിലെ മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ പുതുശ്ശേരി വെള്ളാരംകുന്ന് ഭാഗത്താണ് കടുവയിറങ്ങിയത്. പ്രദേശവാസി നടുപ്പറമ്പില്‍ ലിസിയാണ് ആദ്യം കടുവയെ കണ്ടത്. തുടര്‍ന്ന് ആലക്കല്‍ ജോമോന്റെ വയലിലും കണ്ടു. ഇതോടെ നാട്ടുകാര്‍ വനപാലകരെ വിവരമറിയിച്ചു. വനപാലകരുടെ സാന്നിധ്യത്തിലാണ് സമീപത്തെ തോട്ടത്തില്‍ നിന്നും കടുവ തോമസിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ തോമസിനെ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റയിലെത്തിയപ്പോള്‍ സാലുവിന് നെഞ്ച് വേദന അനുഭവപ്പെട്ടതോടെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ വൈകുന്നേരം നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
സാലുവിന്റെ മരണ വിവരം അറിഞ്ഞതോടെ പുതുശേരിയില്‍ നാട്ടുകാര്‍ വനപാലകരെ തടഞ്ഞു. പിന്നീട് വനപാലകര്‍ കടുവയെ പിടികൂടാനായി ക്യാമറകളും കൂടുകളും സ്ഥാപിച്ചു. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഭാഗത്താണ് മീനങ്ങാടി കൃഷ്ണഗിരിയില്‍ നിന്നെത്തിച്ച കൂടുകള്‍ സ്ഥാപിച്ചത്. പുതുശ്ശേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എടവക പഞ്ചായത്തിലെ രണ്ട് സ്‌കൂളുകള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വൈകുന്നേരത്ത് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വാഹനത്തിലാണ് വീടുകളിലെത്തിച്ചത്. മരിച്ച തോമസിന്റെ കുടുബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സിനിയാണ് തോമസിന്റെ ഭാര്യ. മക്കള്‍. സാജന്‍, സോന. മൃതദേഹം വയനാട് മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.