മലപ്പുറം: രാജ്യാന്തര പ്രസിദ്ധനായ നയതന്ത്രജ്ഞനും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിന്റെ ജീവിത യാത്രയെ ആസ്പദമാക്കി ‘ചന്ദ്രിക’ തയ്യാറാക്കിയ സ്മരണാ ഗ്രന്ഥം ‘ഇ അഹമ്മദ്’ നാളെ പ്രകാശനം ചെയ്യുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം അറിയിച്ചു. കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ (ലീഗ് ഹൗസ്) വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സ്മരണാ സംഗമത്തില്‍ മുന്‍ കേന്ദ്ര ആഭ്യന്തര-ധനകാര്യ മന്ത്രി പി ചിദംബരം പുസ്തക പ്രകാശനം നിര്‍വഹിക്കും.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് പ്രഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനാകും. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി ആദ്യ പ്രതി ഏറ്റുവാങ്ങും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഉന്നതാധികാര സമിതിയംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ്, എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, അഡ്വ.പി.എം.എ സലാം, സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ചന്ദ്രിക പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി.കെ.കെ ബാവ എന്നിവര്‍ സ്മരണാ പ്രഭാഷണം നിര്‍വഹിക്കും. ആയിരം ബഹുവര്‍ണ പേജുകളില്‍ അത്യപൂര്‍വ ചിത്രങ്ങളുമായി ഒരുക്കിയ ഗ്രന്ഥം ഇ.അഹമ്മദിന്റെ ജീവിത യാത്രയും സംഭാവനകളും വിശദമാക്കുന്നതാണ്. ദേശീയ, സംസ്ഥാന ഭരണാധികാരികള്‍, നയതന്ത്രജ്ഞര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകര്‍ ഓര്‍മകള്‍ പങ്കുവെക്കുന്നുണ്ട്. അദ്ദേഹം വ്യക്തിമുദ്ര ചാര്‍ത്തിയ മേഖലകളെ സംബന്ധിച്ച വിപുലമായ പഠനങ്ങള്‍ ഈ പുസ്തകത്തിന്റെ ഭാഗമാണ്.