ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2394.2 അടിയായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു.
അണക്കെട്ട് തുറന്നാല്‍ കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ദുരന്ത നിവാരണ അതോറിറ്റി ഇടുക്കി ജില്ലാ ഭരണകൂടത്തിനാണ് നിര്‍ദ്ദേശം നല്‍കിയത്. നദിതീരത്തോ പാലങ്ങളിലോ ആളുകള്‍ കൂടി നില്‍ക്കുന്നത് തടയണം. വെളളം പൊങ്ങുമ്പോള്‍ സെല്‍ഫിയും ഫോട്ടോയും എടുക്കരുത്. ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. നദീതീരത്തിന് 100 മീറ്റര്‍ പരിധിയില്‍ ആരെയും പോകാന്‍ അനുവദിക്കരുത്. ഡാം തുറക്കുമ്പോള്‍ വെളളം പൊങ്ങാന്‍ ഇടയുളള 5 പഞ്ചായത്തുകളില്‍ വിനോദസഞ്ചാരം വിലക്കുകയും ചെയ്തിട്ടുണ്ട്.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം ഒഴുകിപ്പോകേണ്ട ചാലുകളിലെ തടസ്സങ്ങളും നീക്കാന്‍ തുടങ്ങി. ഇന്നലത്തേക്കാള്‍ അരയടിയിലധികം ജലനിരപ്പാണ് ഇന്നുയര്‍ന്നത്. എന്നാല്‍ നാളെ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
അതേസമയം, ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പുയര്‍ന്ന് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ തയ്യാറെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. ഡാം ജലനിരപ്പ് 2400 അടിയിലെത്താന്‍ കാത്തിരിക്കില്ലെന്നും വേണ്ടി വന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.