മലപ്പുറം: വിദ്യാഭ്യാസ വിവേചനത്തിനെതിരെ മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്നില്‍ മുസ്‌ലിംലീഗ് ഇന്ന് നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ സംസ്ഥാന സര്‍ക്കാറിനെതിരെയുള്ള ശക്തമായ താക്കീതായി മാറുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ മേഖല നേരിടുന്ന പ്രതിസന്ധി വര്‍ഷങ്ങളായി മുസ്‌ലിംലീഗ് ചൂണ്ടിക്കാട്ടുന്നതാണ്. എന്നാല്‍ ഇന്നേവരെ ശാശ്വത പരിഹാരമുണ്ടായിട്ടില്ല. സീറ്റ് വര്‍ധിപ്പിച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്ന അവസ്ഥ ഒഴിവാക്കണം. ബാച്ച് വര്‍ധിപ്പിക്കുകയാണ് ശാശ്വത പരിഹാരം. ബാച്ചുകള്‍ വര്‍ധിപ്പിക്കുമെന്ന രീതിയില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മുസ്‌ലിംലീഗിന്റെ സമരം മുന്നില്‍ കണ്ടാണ്. എന്നാല്‍ ഇത് പ്രസ്താവനയില്‍ ഒതുങ്ങാതെ നടപ്പിലാക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആറ് ജില്ലകളില്‍ രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധ സമരം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍. എ, സി.പി ബാവ ഹാജി, സി.പി സൈതലവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കും. കോഴിക്കോട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും. എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി. മമ്മൂട്ടി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം, യു.സി രാമന്‍ പ്രസംഗിക്കും. പാലക്കാട്ട് അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. സി.എ.എം.എ കരീം, ഷിബു മീരാന്‍, പി.കെ നവാസ് പ്രസംഗിക്കും. കണ്ണൂരില്‍ കെ.പി. എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ കല്ലായി, കെ.എം ഷാജി, അഡ്വ. വി.കെ ഫൈസല്‍ ബാബു പ്രസംഗിക്കും. കാസര്‍കോട് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ രണ്ടത്താണി പ്രസംഗിക്കും. വയനാട്ടില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍. എ ഉദ്ഘാടനം ചെയ്യും. പി.കെ ഫിറോസ്, പി. ഇസ്മായില്‍ പ്രസംഗിക്കും.