എല്‍. സുഗതന്‍
ആധുനിക കാലഘട്ടത്തിനും പുത്തന്‍ സാങ്കേതിക വിദ്യയിലും പുതു തലമുറയുടെ മാറുന്ന അഭിരുചിയിലും ഊന്നിയുള്ള വിദ്യാഭ്യാസ സമ്പ്രദായം കുറേക്കൂടി മെച്ചപ്പെടേണ്ട ആവശ്യകത ഏറെയാണ്. ഓരോ ക്ലാസ് മുറികളിലും ഇരിക്കുന്ന ഓരോ കുട്ടിയും വ്യത്യസ്ത മനോഭാവമുള്ള, ചിന്താശേഷിയുള്ള, വിഭിന്നമായ അഭിരുചികളുള്ള, വിവിധ സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. അവരെ വളരെ ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കാഴ്ചപ്പാടുകളിലൂടെയും സാമൂഹ്യ നിരീക്ഷണങ്ങളിലൂടെയും നല്ല വ്യക്തികളായി വളര്‍ത്തി കൊണ്ട്‌വരേണ്ടത് ഭരണകര്‍ത്താക്കളുടെയും പൊതുസമൂഹത്തിന്റെയും കടമയും കര്‍ത്തവ്യവുമാണ്.
ഒരു വ്യക്തിയെ സമൂഹത്തിനും രാഷ്ട്രത്തിനും ഉപയോഗപ്പെടുന്ന തരത്തില്‍ വളര്‍ത്തിയെടുക്കുക എന്നതാണ് വിദ്യാഭ്യാസം കൊണ്ടുദേശിക്കുന്നത്. അതിനായി പാഠപുസ്തകങ്ങള്‍ക്കും അപ്പുറമുള്ള അറിവുകള്‍ പകര്‍ന്നുനല്‍കുകയാണ് ചെയ്യാന്‍ കഴിയുന്ന പ്രഥമവും പ്രധാനപ്പെട്ടതുമായ കാര്യം. സ്വന്തം വീട്ടില്‍, പൊതുയിടങ്ങളില്‍ വിദ്യാലയങ്ങളില്‍, ജോലി ചെയ്യുന്ന സ്ഥലങ്ങളില്‍ എങ്ങനെ പെരുമാറണമെന്ന സാമൂഹ്യബോധം അവനിലുണ്ടാകണം. കുട്ടികളില്‍ സാമൂഹ്യ അവബോധം ഉളവാക്കുന്ന തരത്തില്‍ നിരവധി യൂണിറ്റുകള്‍ സ്‌കൂള്‍ തലത്തില്‍ നിലവിലുണ്ടെങ്കിലും ഭൂരിപക്ഷവും ഗ്രേസ് മാര്‍ക്കിനോ മറ്റ് താല്‍പര്യങ്ങളിലോ അധിഷ്ഠിതമാണ്. പല കുട്ടികളും മൊബൈലിനും മറ്റ് മയക്കുമരുന്നുകള്‍ക്കും വശംവദരായി സ്‌കൂള്‍ ജീവിതം തള്ളിനീക്കുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അതിന് ബദലായി മാറാനും അതിലൂടെ വലിയ ശതമാനം കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനും കഴിയണം. കുട്ടികളില്‍ സാമൂഹ്യ പ്രതിബദ്ധതയും കാരുണ്യവും പാരിസ്ഥിതിക അവബോധവും ജീവിതക്രമവും നിസ്വാര്‍ഥ മനോഭാവവും സഹജീവി സ്‌നേഹവും ഉത്തരവാദിത്ത ബോധവുമൊക്ക പ്രാവര്‍ത്തികമാക്കുക എന്ന ലക്ഷ്യത്തോടെ എന്‍.സി.സി, എസ്.പി.സി, ജെ.ആര്‍.സി, ലിറ്റില്‍ കൈറ്റ്‌സ്, നേച്ചര്‍ ക്ലബ്, ഒ.ആര്‍.സി തുടങ്ങിയ യൂണിറ്റുകള്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം നിശ്ചിത ശതമാനം കുട്ടികളില്‍ ഒതുങ്ങി പോവുകയാണ് പതിവ്. പല സ്‌കൂളുകളിലും ഇത് ഒരു വഴിപാട് പോലെ കാട്ടിക്കൂട്ടുകയാണ്. ഈ കാട്ടിക്കൂട്ടലില്‍ ഒരു വിഭാഗം സ്‌കൂള്‍ അധികൃതര്‍ക്കും അധ്യാപകര്‍ക്കും പങ്കുണ്ട്. എന്നാല്‍ യു.പി ക്ലാസുമുതല്‍ എല്ലാ കുട്ടികളും ഏതെങ്കിലുമൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന തരത്തില്‍ അത് പാഠ്യപദ്ധതിയുമായി കൂട്ടിചേര്‍ക്കണം. ഒപ്പം ചെറുപ്രായത്തില്‍ തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി ജീവിത വിജയം നേടിയ വ്യക്തികളുടെ അനുഭവകുറിപ്പുകള്‍ ഉള്‍പ്പെടുത്താം. ഇത്തരം കഥകള്‍ കുഞ്ഞു മനസ്സില്‍ പതിയാതിരിക്കില്ല. സ്‌കൂള്‍ കാലഘട്ടത്തില്‍ ലഭിക്കുന്ന ഈ അവസരങ്ങള്‍ അവരുടെ ഭാവി ജീവിതത്തിന് കരുത്തേകുമെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല.
തീരെ ചെറിയ ക്ലാസുകള്‍ മുതല്‍ കുട്ടികള്‍ പഠിക്കേണ്ട, അനുവര്‍ത്തിക്കേണ്ട ശീലങ്ങളാണ് ശുചിത്വവും ആരോഗ്യ അറിവുകളും. അത് വീട്ടില്‍ തന്നെ തുടങ്ങേണ്ടതും എന്നാല്‍ പാഠപുസ്തകത്തില്‍ അതിന്റെ ശാസ്ത്രീയ അറിവുകളും നേട്ടങ്ങളും കോട്ടങ്ങളും ഉള്‍പ്പെടുത്തുകയും വേണം. ചെറുപ്പ കാലത്ത് കുട്ടികള്‍ ശീലിക്കുന്ന ദിനചര്യകള്‍ ഭാവിയില്‍ വ്യക്തിത്വ രൂപീകരണത്തിലും ആരോഗ്യ കാര്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്.
നല്ല വിദ്യാഭ്യാസത്തോടൊപ്പം നല്ല ആരോഗ്യവും കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ബഹുഭൂരിപക്ഷം കുട്ടികളും ഈ കാലഘട്ടത്തില്‍ തങ്ങളുടെ ആരോഗ്യ കാര്യത്തിലും ഭക്ഷണകാര്യത്തിലും അജ്ഞരും അലസരുമാണ്. പുതിയ ഭക്ഷ്യ സംസ്‌കാരം പുതിയ തലമുറയെ നിത്യ രോഗികളാക്കി മാറ്റിക്കൊണ്ടിക്കുകയാണ്. ഫാസ്റ്റ് ഫുഡ് ഏറ്റവും വലിയ ഇഷ്ട ഭക്ഷണമായി കരുതുന്നവരാണ് തൊണ്ണൂറ് ശതമാനം കുട്ടികളും. അതിനാല്‍തന്നെ പുതു തലമുറയെ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മലാശയ ക്യാന്‍സറാണെന്ന ആരോഗ്യ വിദഗ്ധരുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണണം. നല്ല ഭക്ഷണം തിരെഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയും, പ്രാധാന്യവും മറിച്ചുള്ളതിന്റെ പ്രത്യാഘാതവും കുട്ടികള്‍ അറിഞ്ഞിരിക്കണം. അതിനായി വിദഗ്ധരുടെ വിവരണങ്ങള്‍ ചെറിയ ക്ലാസിലെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ കഴിയണം.
വിദ്യാര്‍ഥികളുടെ ലഹരി ഉപയോഗവും ക്രയവിക്രയവും നിത്യ സംഭവങ്ങളായി മാറികഴിഞ്ഞു. കുട്ടികളെ പല വിധത്തിലും സ്വാധീനിക്കാന്‍ ലഹരി മാഫിയ വല വീശികഴിഞ്ഞു. അതിനെ തടയാന്‍ എക്‌സൈസ്‌വകുപ്പും പൊതു സമൂഹവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതിന്റെ വ്യാപനം കൂടി വരുന്നതല്ലാതെ കുറയുന്നില്ല. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ വരച്ചുകാട്ടി പുതുതലമുറയെ രക്ഷിക്കണം. അതിനായി യു.പി ക്ലാസുകളിലെങ്കിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലം തിക്തഫലങ്ങള്‍ അനുഭവിച്ച, അതില്‍നിന്നും മുക്തനായ വ്യക്തിയുടെ ജീവചരിത്രം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താം.
പലതും കണ്ടും കേട്ടും അനുഭവിച്ചും വളര്‍ന്ന കുട്ടികളായിരുന്നു പണ്ട്. എന്നാല്‍ ഇന്നവര്‍ എല്ലാ സുഖ സൗകര്യങ്ങളും സാഹചര്യങ്ങളും പുത്തന്‍ സാങ്കേതിക വിദ്യയിലെ അറിവുകളും മാത്രം അനുഭവിച്ചാണ് വളരുന്നത്. അതുകൊണ്ട് തന്നെ അവരില്‍ ഭൂരിഭാഗവും ജീവിതയാഥാര്‍ഥ്യങ്ങള്‍ അറിയാതെ വളര്‍ന്നുവരുന്നവരാണ്. ഇപ്പോള്‍ കേരളത്തിലെ കുട്ടികളില്‍ അറുപതു ശതമാനവും പതിനെട്ട് വയസ് പൂര്‍ത്തിയാക്കുന്നതിന്മുന്‍പ് ടൂവീലറോ ഫോര്‍ വീലറോ ഉപയോഗിച്ചുകൊണ്ട് നിരത്തിലിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ ഭൂരിഭാഗവും രക്ഷിതാക്കളറിയതയാണ് യാത്ര. ഗതാഗതനിയമങ്ങള്‍ കാറ്റില്‍ പറത്തിയും ലഹരിയുടെ ഉപയോഗവും വിപണനവും നടത്തിയും പുതുതലമുറ ജീവിതം ആഘോഷിക്കുകയാണ്. പൊതു നിരത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ യാത്ര ചെയ്യണമെന്നും എങ്ങനെ വാഹനം ഓടിക്കണമെന്നും മറിച്ചായാല്‍ എന്തെല്ലാം ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും ചെറിയ ക്ലാസില്‍ ബോധവല്‍കരിക്കേണ്ടിയിരിക്കുന്നു. അതിനായി ഗതാഗത നിയമങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.
സ്‌കൂള്‍ തലങ്ങളില്‍ നടപ്പാക്കേണ്ട സുപ്രധാന വിഷയമാണ് ലൈംഗിക വിദ്യാഭ്യാസം. ഏഴാം ക്ലാസ് മുതലെങ്കിലും ഇത് സ്‌കൂളുകളില്‍ നടപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ഓരോ കുട്ടിയേയും ‘ഗുഡ് ടച്ചും ബാഡ് ടച്ചും (നല്ല സ്പര്‍ശനവും മോശ സ്പര്‍ശനവും) എന്താണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ കഴിയണം ഒപ്പം നോ പറയാനും. ഓരോ പ്രായത്തിലും ലൈംഗികതയെ കുറിച്ച് അവര്‍ ആര്‍ജിക്കേണ്ട അറിവനുസരിച്ച് വേണം ഇത് നടപ്പാക്കാന്‍. ലൈംഗികത പ്രകൃതിയുടെ നിലനില്‍പ്പിന്റെ അഭിഭാജ്യ ഘടകമാണെന്നും എല്ലാ ജീവജാലങ്ങളും അത് നിറവേറ്റുന്നുണ്ടെന്നും കുഞ്ഞു പ്രായത്തില്‍തന്നെ അവരെ ബോധ്യപ്പെടുത്താന്‍ കഴിയണം. അതിലൂടെ പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിന്നും മാറിചിന്തിക്കാനും എതിര്‍ ലിംഗത്തിലുള്ളവരെ ബഹുമാനിക്കാനും കുട്ടികള്‍ ശീലിക്കും.
ഞാന്‍ ബുദ്ധിമുട്ടി കഷ്ടപ്പെട്ടാണ് പഠിച്ചത് എന്റെ കുട്ടി അങ്ങനെ ആകരുത്. അവന്‍ ഒരു ബുദ്ധിമുട്ടും അറിയരുത്. ഈ മനോഭാവമാണ് പല രക്ഷിതാവിനും ഉള്ളത്. അത് തികച്ചും തെറ്റായ ധാരണയാണ്. ഓരോ കുട്ടിയും ചെറുപ്രായത്തില്‍ തന്നെ തന്റെ കുടുംബത്തിലെ ആകെ വരുമാനവും ചെലവും അറിഞ്ഞിരിക്കണം. സാമ്പത്തിക ബുദ്ധിമുട്ടും പ്രയാസങ്ങളും അറിഞ്ഞുതന്നെയാണ് കുട്ടികള്‍ വളരേണ്ടത്. അതിനായി കുടുംബ ബജറ്റുകള്‍ ചെറുപ്പത്തിലേ കുട്ടികളെക്കൊണ്ട് തയാറാക്കിക്കാം. ഇത് രൂപയുടെ മൂല്യവും പ്രാധാന്യവും മനസിലാക്കാന്‍ കുട്ടിയെ സഹായിക്കും. സാമ്പത്തിക ഭദ്രതയും സാമ്പത്തിക അച്ചടക്കവും കുട്ടികള്‍ മനസിലാക്കാന്‍ ഉതകുന്ന തരത്തിലുള്ള ഭാഗങ്ങള്‍ പാഠ്യപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം.
പുതിയ പാഠ്യ പദ്ധതിക്ക് രൂപം കൊടുക്കുമ്പോള്‍ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട ഒന്നാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം. ഒരു ക്ലാസിലെ എല്ലാ കുട്ടികളും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തണമെന്നില്ല. എന്നാല്‍ മറ്റു പല മേഖലകളിലും അവര്‍ മിടുക്കരായിരിക്കും. അത് കണ്ടെത്തി പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നിടത്താണ് അധ്യാപകന്റെ അല്ലെങ്കില്‍ രക്ഷിതാവിന്റെ മിടുക്ക്. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ എത്തുമ്പോള്‍ അത്തരം കുട്ടികളെ കണ്ടെത്തുകയും അവരുടെ താല്‍പര്യം കൂടി കണക്കിലെടുത്ത് വിവിധ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുകയും വേണം. വിവിധ നിര്‍മാണപ്രവൃത്തികള്‍, കണ്ടുപിടുത്തങ്ങള്‍ സംഗീതത്തിലും, ചിത്രകലയിലും അലങ്കാര വൃക്ഷങ്ങളിലും ചെടികളിലും ആകൃഷ്ടരായവര്‍ മറ്റു കലാരംഗങ്ങളില്‍ തിളങ്ങുന്നവര്‍ കൂടാതെ അലങ്കാര മത്സ്യങ്ങള്‍ വളര്‍ത്തുന്നവര്‍, അതില്‍ നിന്നൊക്കെ വരുമാനം കണ്ടെത്തുന്നവര്‍, കുട്ടി വ്‌ളോഗര്‍മാരാര്‍ അവതാരകാര്‍ തുങ്ങി വിവിധ മേഖലകളില്‍ തിളങ്ങുന്നവരുമുണ്ട്ചുറ്റും. അക്കൂട്ടരെ അവരവരുടെ താല്‍പര്യം അനുസരിച്ചുള്ള മേഖലകളിലേക്ക് വഴിതിരിച്ചു വിടുന്നതായിരിക്കണം വിദ്യാഭ്യാസം. പ്രതിസന്ധികളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിത വിജയം നേടിയ ആളുകളുടെ കഥ ഭാഷാ പുസ്തങ്ങളിലെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ജീവിതത്തില്‍ സൗകര്യങ്ങള്‍ മാത്രം അനുഭവിച്ചു വളര്‍ന്ന് വരുന്ന ഇന്നത്തെ തലമുറക്ക് അതിന്റെ മറുവശംകൂടി ബോധ്യപ്പെടുത്തികൊടുക്കാന്‍ കഴിയണം.