X

വിദ്യാഭ്യാസ മേഖലയെ വില്‍ക്കുന്നവര്‍- എഡിറ്റോറിയല്‍

അഞ്ഞൂറും ആയിരവും രൂപ കൊടുത്താല്‍ ഏതു സര്‍ട്ടിഫിക്കറ്റും കൈയില്‍ കിട്ടുന്ന കാലമുണ്ടായിരുന്നു ഇന്ത്യയിലെ മഹാനഗരമായ മുംബൈയില്‍. അതും കക്ഷത്തുവെച്ച് അത്യുന്നത തസ്തികളിലും ഡോക്ടര്‍മാര്‍, ന്യായാധിപന്മാര്‍ പോലുള്ള നിര്‍ണായകമായ പ്രൊഫഷണല്‍ മേഖലകളിലും സേവിക്കുന്നവരെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ പ്രബുദ്ധമെന്നും വിദ്യാസമ്പന്നമെന്നും നാം അഭിമാനിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അതിനെപോലും നാണിപ്പിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ്. പണക്കൊതിയന്മാരും തട്ടിപ്പുവീരന്മാരുമാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ക്ക് പിന്നിലെങ്കില്‍, ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ അംഗീകൃത സര്‍വകലാശാലയുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളാണിപ്പോള്‍ കരിഞ്ചന്തയില്‍ ലഭ്യമായിരിക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള കോട്ടയത്തെ എം.ജി സര്‍വകലാശാലയില്‍ ഇടതുപക്ഷ സംഘടനയിലെ പ്രമുഖ വ്യക്തിയും യൂണി.അസിസ്റ്റന്റുമായ യുവതിയെ സര്‍വകലാശാലയുടെ എം.ബി.എ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടിയിരിക്കുന്നു. വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും വിജിലന്‍സിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയാവുന്ന തരത്തില്‍ കറന്‍സിയില്‍ പൊടിവിതറിയാണ് കൈക്കൂലിപ്പണം ജീവനക്കാരിക്ക് കൊടുത്തതും പ്രതിയെ കയ്യോടെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുന്നതും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മന്ത്രിതന്നെ ഗവര്‍ണറോട് തന്റെ അധികാരത്തില്‍പെടാത്ത കാര്യംചെയ്തതിന് ലോകായുക്തയുടെ പരിശോധനയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ അവരുടെ കീഴിലെ ജീവനക്കാരില്‍നിന്ന് മറിച്ചെന്തെങ്കിലും പ്രതീക്ഷിക്കുന്നത് അനുചിതമാകും.

പത്താം ക്ലാസില്‍ തോറ്റ എല്‍സി എന്ന യുവതിയാണ് എം.ജി സര്‍വകലാശാലയില്‍ പ്യൂണ്‍ ആയി ജോലി നേടിയശേഷം തുല്യതാപരീക്ഷയിലൂടെ പത്താം തരവും പ്ലസ്ടുവും ബിരുദവുമെല്ലാം നേടിയെടുത്ത് അസിസ്റ്റന്റ് തസ്തികയില്‍ കയറിപ്പറ്റിയതത്രെ. കോഴ വാങ്ങി സര്‍വകലാശാലാ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ശൃംഖലയിലെ കണ്ണികളിലൊന്നാണ് എല്‍സിയെന്നാണ് ഇതിനകം പുറത്തുവന്നിരിക്കുന്ന വിവരം. ഇതിനെല്ലാം പിന്നില്‍ ഇവരുടെ ഇടതുപക്ഷ സംഘടനാപിന്‍ബലമായിരുന്നുവെന്നാണ്‌ ഞെട്ടിപ്പിക്കുന്നത്. ഇത് ശരിയെങ്കില്‍ രാജ്യത്തുതന്നെ അറിയപ്പെടുന്ന ഒരു സര്‍വകലാശാലയില്‍ നടന്നുവരുന്നത് ശുദ്ധ തട്ടിപ്പാണെന്ന് പറയേണ്ടിവരും. ഇതേ സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ദലിത് യുവതിയെ രണ്ടു പതിറ്റാണ്ടുകാലം മാനസികമായി പീഡിപ്പിച്ചയാളും ഇടതുപക്ഷത്തിന്റെ പ്രമുഖ സഹയാത്രികനായിരുന്നു. അയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടതും അടുത്തിടെയായിരുന്നു. കോവിഡ് കാലത്ത് പലതവണ മാറ്റിവെക്കപ്പെട്ട പരീക്ഷയുടെ മറവിലാണ് തോറ്റവരെ ജയിപ്പിച്ചതും ജയിച്ചവരെ തോല്‍പിച്ചതുമായ കഥകള്‍ എം.ജി സര്‍വകലാശാലയില്‍നിന്ന് പുറത്തുവന്നിരുന്നത്. എം.ബി. എ പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ പല വിദ്യാര്‍ത്ഥികളും പരാതിയുമായി ചെല്ലുകയും മിടുക്കന്മാരെപോലും തോല്‍പിച്ചതായും വ്യക്തമായിരുന്നു. തുടര്‍ന്നാണ് ‘പോസ്റ്റ് കറക്ഷന്‍’ എന്ന പേരില്‍ തിരുത്തലുകള്‍ വരുത്തി പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഒന്നേകാല്‍ ലക്ഷം രൂപയാണ് എല്‍സി പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ആവശ്യപ്പെട്ടത്. നിരന്തരം ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് വിദ്യാര്‍ത്ഥിനിയും രക്ഷിതാക്കളും വിജിലന്‍സിനെ സമീപിച്ചത്. സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഒരാള്‍ക്കുമാത്രമല്ല, നിരവധി ജീവനക്കാരുടെയും രജിസ്ട്രാറുടെയും കൈമറിഞ്ഞാണ് വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തുക എന്നിരിക്കെ ഒരൊറ്റ ജീവനക്കാരിയില്‍മാത്രമായി ഈ തട്ടിപ്പിനെ ഒതുക്കാനാവില്ല. പ്രത്യേകിച്ചും ഇവരെ രക്ഷിക്കാന്‍ ഇതിനകംതന്നെ ഇടതുപക്ഷ സംഘടന രംഗത്തുവന്ന നിലയ്ക്ക്. സര്‍വകലാശാലയുടെ സെനറ്റ് യോഗം ഇന്നലെ ചേര്‍ന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും അതില്‍ എല്ലാം പരിഹാരമാകുമെന്ന് കരുതാനാകില്ല. തട്ടിപ്പിലെ മുഴുവനാളുകളും വലയിലും ശിക്ഷയിലും വീണേ മതിയാകൂ. ഇല്ലാത്ത യോഗ്യത (പ്രൊഫസര്‍) പറഞ്ഞാണ് മന്ത്രി ബിന്ദു സത്യപ്രതിജ്ഞചെയ്തതുപോലും. പിന്നീടത് സര്‍ക്കാരിന് തിരുത്തേണ്ടിവന്നു. ഈ മന്ത്രിക്കുവേണ്ടി വിരമിച്ചവര്‍ക്കെല്ലാം പ്രൊഫസര്‍ പദവി നല്‍കാനായി കോടിക്കണക്കിന് രൂപ ഖജനാവില്‍ നിന്ന് ചെലവാക്കാനിരിക്കെയാണ് എം.ജിയിലെ ഈ തിരിമറി കൂടി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന മുന്നണിയുടെ കണ്‍വീനറുടെ ഭാര്യയാണിവരെന്നതുമതി ഇവര്‍ക്കെതിരായ വി.സി നിയമനക്കേസില്‍ ലോകായുക്ത വ്യവസ്ഥകള്‍തന്നെ ഓര്‍ഡിനന്‍സ് വഴി തിരുത്താനുള്ള തിടുക്കം വ്യക്തമാകാന്‍. മുമ്പ് കെ.ടി ജലീല്‍ മന്ത്രിയായിരിക്കെയും വകുപ്പില്‍ മാര്‍ക്ക്ദാനം ഉള്‍പ്പെടെ വലിയ തട്ടിപ്പുകള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. നാലു പണം കിട്ടിയാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ പോയിട്ട് സര്‍വകലാശാലകളെപോലും വിറ്റുതുലയ്ക്കാന്‍ മടിക്കാത്തവരുടെ കൈകളിലാണിന്ന് കേരളത്തിലെ വിദ്യാഭ്യാസ രംഗം.

Test User: