മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയില്‍ മലപ്പുറം മുന്നില്‍. മലപ്പുറം ജില്ലയിലെ ആകെ സ്ഥാനാര്‍ത്ഥികളില്‍ 7.17 ശതമാനം പേരും അധ്യാപകരാണ്. മലപ്പുറം മുനിസിപ്പാലിറ്റിയിലാണ് ഏറ്റവും കൂടുതല്‍ അധ്യാപകര്‍ ജനവിധി തേടുന്നത്. ഇതിന് തൊട്ടുപിന്നിലായി മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂര്‍ മുനിസിപ്പാലിറ്റികളാണ്.
ബിരുദാനന്തര ബിരുദധാരികളിലും മലപ്പുറം തന്നെയാണ് മുന്നില്‍. 7.34 ശതമാനം സ്ഥാനാര്‍ത്ഥികളും ബിരുദാനന്തരബിരുദധാരികളാണ്. ഒന്നാമത് മലപ്പുറമാണെങ്കില്‍ തൊട്ട്പിറകില്‍ കോട്ടയമാണ്. ബിരുദാനന്തര ബിരുദത്തേക്കാള്‍ വിദ്യഭ്യാസ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ മലപ്പുറം പിന്നോട്ട് പോയിട്ടില്ല. 3.15 ശതമാനം പേര്‍ അഭിഭാഷകരാണ്.
സംസ്ഥാനത്തെ മൊത്തം കണക്കെടുക്കുമ്പോള്‍ 1024 അഭിഭാഷകരാണ് മത്സരരംഗത്തുള്ളത്. അധ്യാപകരുടെ കാര്യമെടുക്കുമ്പോള്‍ ഇതിന്റെ ഇരട്ടിയിലേറെ വരും. 2618 അധ്യാപകര്‍ ജനവിധി തേടുന്നുണ്ട്. മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 2468 പേര്‍ പ്രൊഫഷണലുകളും 12885 പേര്‍ ദിവസവേതനക്കാരുമാണ്. 20649 പേര്‍ മറ്റുജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്.