സംസ്ഥാന പട്ടികജാതിവര്‍ഗ വികസന കോര്‍പ്പറേഷന്‍ നല്‍കുന്ന വിദ്യാഭ്യാസ വായ്പാ പദ്ധതിക്ക് അപേക്ഷിക്കാം. യോഗ്യതകള്‍ താഴെ കാണുന്നവയാണ്.
യോഗ്യത: കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍/ ടെക്‌നിക്കല്‍ കോഴ്‌സുകളിലും ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സിലും പഠനം നടത്തുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ആകണം.
പ്രായം: 18 നും 35 നും ഇടയില്‍. കുടുംബവാര്‍ഷിക വരുമാനം 1,50,000 രൂപയില്‍ കവിയരുത്.
പഠിക്കുന്ന സ്ഥാപനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതോ സര്‍ക്കാര്‍ അംഗീകൃതമോ ആയിരിക്കണം. മുഴുവന്‍ സമയ റഗുലര്‍ കോഴ്‌സുകള്‍ മാത്രമേ വായ്പക്കായി പരിഗണിക്കുകയുള്ളൂ.
കോഴ്‌സ് എ.ഐ.സി.ടി.ഇ., യു.ജി.സി, നഴ്‌സിങ് കൗണ്‍സില്‍ തുടങ്ങിയ ബന്ധപ്പെട്ട ഏജന്‍സികള്‍ അംഗീകരിക്കണം. പ്രവേശനം ലഭിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ ബന്ധപ്പെട്ട കോളേജധികൃതരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷയോടൊപ്പം ഹാജരാക്കണം. മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈ ആവശ്യത്തിന് വായ്പ ലഭിച്ചവരെ വീണ്ടും പരിഗണിക്കില്ല. ഇന്ത്യക്കകത്ത് പഠനം നടത്താന്‍ പരമാവധി 10 ലക്ഷം രൂപ വരെ അനുവദിക്കും.
വായ്പത്തുക പഠനം കഴിഞ്ഞ് ആറുമാസത്തിനു ശേഷം അഥവാ ഉദ്യോഗം ലഭിക്കുമ്പോള്‍ നിശ്ചിത ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷം കൊണ്ട് തിരിച്ചടക്കണം.
പലിശ നിരക്ക് ആണ്‍കുട്ടികള്‍ക്ക് നാലു ശതമാനവും പെണ്‍കുട്ടികള്‍ക്ക് മൂന്നര ശതമാനവും ആയിരിക്കും. വായ്പത്തുകക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.