X

വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അനന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണം: കോടതി

മുംബൈ: പ്രണയം തകര്‍ന്നാലുടന്‍ കാമുകനെതിരേ ബലാത്സംഗകുറ്റം ആരോപിക്കുന്ന പ്രവണതയെ നിശിതമായി വിമര്‍ശിച്ച് കോടതി. പ്രണയം തകര്‍ന്നതിനെത്തുടര്‍ന്ന് കാമുകനെതിരെ മുന്‍ കാമുകി ബലാത്സംഗക്കുറ്റം ആരോപിച്ച കേസില്‍ പ്രതിയായ 21കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് മുബൈ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

വിവാഹം കഴിക്കാമെന്ന വാഗ്ദാനം എങ്ങനെയാണ് ബലാത്സംഗത്തിനു കാരണമാകുന്നതെന്ന് ചോദിച്ച കോടതി, വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികള്‍ വിവാഹപൂര്‍വ ലൈംഗിക ബന്ധത്തിനു തയാറാകുമ്പോള്‍ അന്തരഫലങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നും ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാകണമെന്നും ആവശ്യപ്പെട്ടു.
പ്രണയബന്ധം തകര്‍ന്നു കഴിഞ്ഞാല്‍ സ്ത്രീ പുരുഷനെതിരേ ബലാത്സംഗത്തിനു ക്രിമിനല്‍ നടപടികള്‍ എടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ജസ്റ്റിസ് മുബൈ ഹൈക്കോടിതി ജസ്റ്റിസ് മൃദുല ഭട്കര്‍ ചൂണ്ടിക്കാട്ടി.

കുറ്റം ചെയ്യാന്‍ പ്രതിക്കു സമ്മതം ലഭിച്ചിട്ടുണ്ടെങ്കില്‍ ആരോപണത്തിന് എന്ത് അടിസ്ഥാനമാണുള്ളതെന്നു കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നതായാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നത്. കാമുകന്‍ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്കിയിട്ടുണ്ടെങ്കിലും അത് ബലാത്സംഗത്തിന് പ്രേരണയാകില്ലെന്നും കോടതി വ്യക്തമാക്കി.

പ്രണയബന്ധം തകര്‍ന്നുകഴിഞ്ഞാലുടന്‍ ബലാത്സംഗം ആരോപിച്ച് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി കോടതി ചൂണ്ടിക്കാട്ടി. സമൂഹം മാറുകയാണെങ്കിലും ധാര്‍മികതയുടെ ഭാണ്ഡവും ഒപ്പം കൂടെ ചുമക്കുന്നുണ്ട്. വിവാഹസമയത്ത് കന്യകയായിരിക്കണമെന്നത് സ്ത്രീയുടെ ഉത്തരവാദിത്തമാണെന്ന് തലമുറകളായി കരുത്തപ്പെട്ടുപോരുന്നതാണ്. വിവാഹപൂര്‍വ ലൈംഗിക ബന്ധങ്ങള്‍ സമൂഹം അവഹേളനപരമായി കണക്കാക്കപ്പെടുന്നു. ഇന്നത്തെ യുവതലമുറയ്ക്ക് ലൈംഗികതയെക്കുറിച്ച് കൂടുതല്‍ അറിവുണ്ട്. ലൈംഗിക ബന്ധത്തില്‍ കാമുകന്റെ മാത്രമല്ല തന്റെയും സമ്മതം ആവശ്യമാണെന്ന് പെണ്‍കുട്ടികള്‍ മറക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ പ്രതികളാക്കപ്പെടുന്നവരുടെ ജീവനും സ്വാതന്ത്ര്യവും കോടതിക്കു കണക്കിലെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ആരോപണവിധേയ വിദ്യാഭ്യാസമുള്ളവളോ പ്രായപൂര്‍ത്തിയാവളോ ആണെങ്കില്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്ത ഫലങ്ങളെക്കുറിച്ച് ബോധവതിയായിരിക്കണമെന്നും കോടതി അറിയിച്ചു.

അതേസമയം, വിവാഹത്തിനു മുമ്പുള്ള ലൈംഗികത സദാചാര വിരുദ്ധമാണെന്ന് നേരത്തെ ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എല്ലാ മതങ്ങളുടെയും പ്രമാണങ്ങള്‍ക്ക് വിവാഹപൂര്‍വ ലൈംഗികത വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വാഗ്ദാനം ലംഘിച്ചാല്‍ അത് ബലാല്‍സംഗം ആവില്ലെന്നും വിധിയില്‍ ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് വീരേന്ദര്‍ ഭട്ട് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്‍കി നിരന്തരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വഞ്ചിച്ചുവെന്നാരോപിച്ച് ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി നല്‍കിയ പരാതിയില്‍ ബലാല്‍സംഗ കുറ്റം ചുമത്തി 29 കാരനായ യുവാവ് അറസ്റ്റിലായ കേസിലാണ് ജഡ്ജിയുടെ നിരീക്ഷണം. വിവാഹ വാഗ്ദാനം നല്‍കിയായാലും അല്ലെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീക്ക് അതില്‍ ഉത്തരവാദിത്തമുണ്ട്. അതിന്റെ അപകടം കണക്കിലെടുത്താവണം സ്ത്രീ അതില്‍ ഏര്‍പ്പെടുന്നത്. ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും പുരുഷന്റെ വാഗ്ദാനത്തില്‍ ഉറപ്പുണ്ടാവുമോ എന്ന കാര്യവും സ്ത്രീ കണക്കിലെടുക്കണം.അയാള്‍ വാക്ക് പാലിച്ചാലും ഇല്ലെങ്കിലും ചെയ്യുന്നത് സദാചാര വിരുദ്ധമായ കാര്യമാണെന്ന് സ്ത്രീ മനസ്സിലാക്കണം. ചെയ്യുന്ന കാര്യം എല്ലാ മത പ്രമാണങ്ങള്‍ക്കും എതിരാണെന്നും ലോകത്ത് ഒരു മതവും ഇത് അംഗീകരിക്കുന്നില്ലെന്നും സ്ത്രീ മനസ്സിലാക്കിയിരിക്കണം കോടതി ചൂണ്ടിക്കാട്ടി.

chandrika: