കൊച്ചി: കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടില്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ വിളിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. ചോദ്യം ചെയ്യലിന് ശേഷം പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് പി വി അന്‍വര്‍ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം. മറുപടി പറയാന്‍ സൗകര്യമില്ലെന്നും പറഞ്ഞു.
ക്വാറിയില്‍ പങ്കാളിത്തം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന മലപ്പുറം സ്വദേശിയായ പ്രവാസി എന്‍ജിനീയര്‍ സലിം നല്‍കിയ പരാതിയിലാണ് എംഎല്‍എയ്ക്ക് എതിരായ അന്വേഷണം. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.
ക്വാറിയില്‍ 10 ശതമാനം ഓഹരി പങ്കാളിത്തം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2012ല്‍ 50 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. പൊലീസും െ്രെകംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സലിം ഇ ഡിക്ക് പരാതി നല്‍കിയത്. 10 ലക്ഷം രൂപ ബാങ്ക് മുഖേനയും 40 ലക്ഷം രൂപ നേരിട്ടും പി വി അന്‍വറിന് കൈമാറിയെന്നാണ് സലിം പറയുന്നത്.