X

മദ്യ വ്യാപനം തിരിച്ചുവരുന്നു

ടൂറിസത്തിന്റെ കണക്കില്‍ചാരി സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കിനുള്ള തീവ്ര ശ്രമത്തിലാണിപ്പോള്‍ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ദീര്‍ഘദൃഷ്ട്യായുള്ള മദ്യ നയത്തെ തകര്‍ത്ത് തരിപ്പണമാക്കി പുതിയ മദ്യനയം പ്രഖ്യാപിക്കാനുള്ള ശ്രമമാണ് അണിയറയില്‍ നടന്നുവരുന്നതെന്നാണ് കഴിഞ്ഞ ദിവസം എക്്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനുള്ളതെങ്കില്‍, മദ്യക്കൂത്തിന് കളമൊരുക്കുന്ന തീരുമാനമാണ് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തിലുണ്ടായിരിക്കുന്നത്. മദ്യശാലകള്‍ക്ക് തദ്ദേശ സ്ഥാപനത്തിന്റെ അനുമതി പത്രം (എന്‍.ഒ.സി) വേണമെന്ന നിയമം ഭേദഗതി ചെയ്യാനാണ് മന്ത്രിസഭാതീരുമാനം. ഫലത്തില്‍ കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് നിലനിന്ന മദ്യമൊഴുക്കിനാണ് കമ്യൂണിസ്റ്റു സര്‍ക്കാര്‍ കളമൊരുക്കുന്നത്.
2015 മാര്‍ച്ച് 31ന് 731 ബാറുകളാണ് സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാര്‍ പൂട്ടിയത്. 2014ലെയും 2015ലെയും ഗാന്ധി ജയന്തി ദിനത്തില്‍ പത്തു ശതമാനം വീതം വില്‍പന ശാലകളും പൂട്ടുകയുണ്ടായി. 68 ബിവറിജസ് ഔട്‌ലെറ്റുകളും പത്ത് കസ്യൂമര്‍ഫെഡ് ഔട്‌ലെറ്റുകളുമാണ് രണ്ടു വര്‍ഷം കൊണ്ട് മുന്‍ സര്‍ക്കാര്‍ പൂട്ടിയത്. പഞ്ച നക്ഷത്ര ഹോട്ടലുകളിലൊഴികെ ഇവിടങ്ങള്‍ ബിയര്‍-വൈന്‍ പാര്‍ലറുകളാക്കി മാറ്റുകയായിരുന്നു. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് 2016 ഒക്ടോബര്‍ രണ്ടിന് പത്തു ശതമാനം ഔട്‌ലെറ്റുകള്‍ ഇനിമുതല്‍ പൂട്ടില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിലിലാണ് പുതിയ മദ്യനയം പ്രഖ്യാപിക്കേണ്ടിയിരുന്നതെങ്കിലും മലപ്പുറം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കുകയായിരുന്നു. ജൂണ്‍ മുപ്പതിന് പുതിയ നയം പ്രഖ്യാപിക്കുമ്പോള്‍ അത് മദ്യക്കുത്തൊഴുക്കിനുള്ള ലൈസന്‍സായി മാറുമെന്ന സൂചനകളാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്നത്. യു.ഡി.എഫിന്റെ ശ്രമഫലമായി സംസ്ഥാനത്തെ നൂറുകണക്കിന് വിദേശ മദ്യശാലകള്‍ പൂട്ടിയതിനെതുടര്‍ന്ന് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത സമാധാനാന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കെയാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ മദ്യനയം മാറ്റുമെന്ന തീരുമാനം ഭംഗ്യന്തരേണ സൂചിപ്പിച്ചത്. തലങ്ങും വിലങ്ങും മന്ത്രിമാരും ഭരണകക്ഷി നേതാക്കളും മദ്യശാലകള്‍ തുറക്കുന്നതിനെക്കുറിച്ച് പ്രസംഗിച്ചു നടന്നപ്പോള്‍ തന്നെ കള്ളന്‍ കപ്പലിലുണ്ടെന്ന തോന്നല്‍ ജനങ്ങളില്‍ ഉളവാകുകയുണ്ടായി. എന്നാല്‍ വലിയൊരു ശതമാനം ആളുകള്‍ മദ്യ വിപത്തിനെതിരെ നിലയുറപ്പിക്കുകയും കുടുംബിനികളും മദ്യ വിരുദ്ധ പ്രവര്‍ത്തകരും യു.ഡി.എഫ് നയത്തെ പ്രശംസിച്ച് രംഗത്തുവരികയും ചെയ്തതോടെ സര്‍ക്കാര്‍ തല്‍ക്കാലം തലയൂരി. പിന്നീട് മാര്‍ച്ച് 31ന് ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ പിറകോട്ടേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധി കൂടി വന്നതോടെ ഇടതുപക്ഷത്തിന്റെ മോഹങ്ങള്‍ക്ക് വീണ്ടും ഇരുട്ടടി കിട്ടുകയായിരുന്നു. ഇതിനെ സംസ്ഥാന പാതകളെ ജില്ലാ പാതകളാക്കി പേരു മാറ്റി അട്ടിമറിച്ചു. എന്നാല്‍ ഇന്നലെ കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ബാറുടമകളുടെ ഹരജി പരിഗണിച്ചുകൊണ്ട് നടത്തിയ വിധി പ്രസ്താവം ഇടതുപക്ഷത്തിനും ബാറുടമകള്‍ക്കും ആഹ്ലാദം പരത്തിയിരിക്കയാണ്.
സംസ്ഥാനത്തെ രണ്ട് പ്രധാന ദേശീയ പാതകളെ ഡീനോട്ടിഫൈ ചെയ്തുകൊണ്ട് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് ബാറുടമകള്‍ തങ്ങളുടെ താല്‍പര്യത്തിന് വേണ്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യം പരിശോധിച്ച ഹൈക്കോടതി ബാറുടമകളുടെ വാദം ശരിയെന്ന് കണ്ടെത്തിയിരിക്കയാണ്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയും തിരുവനന്തപുരം-ചേര്‍ത്തല ദേശീയ പാതയുമാണ് മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്ര സര്‍ക്കാര്‍ ഡീനോട്ടിഫൈ ചെയ്തിരുന്നതായി പറയുന്നത്. ഇത് ശരിയെങ്കില്‍ ഈ രണ്ടു പ്രധാന പാതകളുടെ അരികുകളിലുള്ള മദ്യശാലകള്‍ തുറക്കേണ്ടിവരും. വിധിക്കെതിരെ അപ്പീല്‍ പോകുന്നില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കേരളീയ സമൂഹം പരക്കെ ശ്ലാഘിച്ച മദ്യ നയത്തെയാണ് ഇതോടെ ഇടതുപക്ഷക്കാര്‍ ചേര്‍ന്ന് ഞെക്കിക്കൊല്ലുന്നത്. മദ്യ ശാലകള്‍ ദേശീയ പാതയില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ അകലേക്ക് മാറ്റുന്ന നടപടിക്കിടെ ബഹുജനങ്ങളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്താനും മദ്യശാലകള്‍ എവിടെയും യഥേഷ്ടം തുറക്കാനുമുള്ള അനുമതിയാണ് എന്‍.ഒ.സി വ്യവസ്ഥ റദ്ദാക്കലിലൂടെ ഇടതു പക്ഷം ലക്ഷ്യമിട്ടതെന്ന് സുവ്യക്തം.
കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞയാഴ്ചയിലെ കശാപ്പു നിരോധന വ്യവസ്ഥകളെ എതിര്‍ത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ മന്ത്രിസഭാവിശദീകരണത്തില്‍, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ നിലവാരത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതു കേട്ടു. ഇതിനു കാരണം മലയാളിയുടെ ഭക്ഷണ ശീലം കൊണ്ടുമാത്രമല്ല, മധ്യവര്‍ഗക്കാരുടെ താരതമ്യേന കുറഞ്ഞ മദ്യപാന ശീലം കൊണ്ടു കൂടിയാണ്. സമൂഹത്തിലെ താഴേക്കിടയില്‍ കിടക്കുന്നവരാണ് മദ്യത്തിനുവേണ്ടി നിത്യകൂലി പോലും ചെലവഴിച്ചും കുടുംബത്തെ പട്ടിണിക്കിട്ടും ആരോഗ്യം തകര്‍ത്തുകൊണ്ടിരിക്കുന്നത്. ഇതിന് തടയിടാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള മദ്യനയത്തെ അട്ടിമറിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സത്യത്തില്‍ ആരെയാണ് സംരക്ഷിക്കാന്‍ നോക്കുന്നത്. പൂട്ടിയ ബാറുടമകള്‍ക്കുവേണ്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് വക്കാലത്തുമായി ഇറങ്ങിയവരാണ് ഇടതുപക്ഷം. സുപ്രീംകോടതിയുടെ വിധിയനുസരിച്ച്് ബാറുകള്‍ തുറക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് സര്‍ക്കാര്‍ പഞ്ചായത്തീരാജ് വ്യവസ്ഥയിലെ എന്‍.ഒ.സി വ്യവസ്ഥ അട്ടിമറിക്കാന്‍ നോക്കുന്നത്.
ബീഹാര്‍, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം കൊണ്ട് ഗുണമല്ലാതെ ദോഷമൊന്നും സംഭവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തിയത് മുഖ്യമന്ത്രി നിതീഷ്‌കുമാറാണ്. റോഡപകടങ്ങളുടെയും കുടുംബ വഴക്കുകളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തില്‍ കുറവുവന്നതായി അദ്ദേഹം സാക്ഷ്യപ്പെടുത്തുകയുണ്ടായി. എന്നിട്ടും രാജ്യത്തെ സാക്ഷര തലസ്ഥാനമായ കേരളത്തിന് മദ്യനിരോധനം പോയിട്ട് നിയന്ത്രണം പോലും നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് വരുന്നത് ജനങ്ങളേക്കാള്‍ മുതലാളിമാരെയാണ് സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്നതിന്റെ തെളിവാണ്. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്ന് പറയുന്നവര്‍ എവിടെയാണ് അതിനായി ബോധവത്കരണം നടത്തിയിട്ടുള്ളത്. തികഞ്ഞ ഇരട്ടത്താപ്പാണ് ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഇക്കാര്യത്തിലുള്ളതെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വിനോദ സഞ്ചാരികളുടെ പേരില്‍ നടത്തുന്ന ഇപ്പോഴത്തെ മദ്യവ്യാപനം കേരളത്തെ പിറകോട്ടുനയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനെതിരെ അതിശക്തമായ സമരമുന്നേറ്റങ്ങളാണ് വിവിധ കോണുകളില്‍ നിന്നായി ഉയര്‍ന്നുവരേണ്ടത്.

chandrika: