ഐക്യരാഷ്ട്രസഭയുടെ യുനെസ്‌കോ ലോക പൈതൃക പ്രദേശമായ പശ്ചിമ ഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. എ.കെ കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം പരിസ്ഥിതി ലോല വില്ലേജുകള്‍ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കാന്‍ വരുന്ന കാലതാമസം കാരണം കേരളത്തിലെ വലിയൊരു പ്രദേശത്തിലെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയില്‍ കഴിയുകയാണ്. അഞ്ചുവര്‍ഷത്തോളമായി പലവിധത്തിലുള്ള നിരോധനങ്ങള്‍ കാരണം ജീവിതംതന്നെ ദുസ്സഹമായിരിക്കുന്ന സ്ഥിതിയാണ് ഈ വില്ലേജുകളിലെ കുടുംബങ്ങളുടെ കാര്യത്തില്‍ സംജാതമായിട്ടുള്ളത്. കേരളത്തിലെ മുന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടനടപടി സ്വീകരിക്കുകയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും ദേശീയ ഹരിത ട്രിബൂണലിനെയും വിവരങ്ങള്‍ ധരിപ്പിച്ചെങ്കിലും ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അനക്കമൊന്നുമുണ്ടാകാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് ഹേതു.
ഗുജറാത്ത് മുതല്‍ തമിഴ്‌നാട് വരെ 1600 കിലോമീറ്ററോളം നീളുന്ന പശ്ചിമഘട്ട മലനിരകള്‍ ഇത് കടന്നുപോകുന്ന ആറു സംസ്ഥാനങ്ങളുടെ മാത്രമല്ല ഇന്ത്യയുടെയും ഭൂമിയുടെയാകെയും പാരിസ്ഥിതിക സന്തുലനത്തിന്റെ ഹരിത ഖനിയാണ്. എണ്ണം പറഞ്ഞ സസ്യലതാദികളുടെയും പക്ഷിമൃഗാദികളുടെയും വാസകേന്ദ്രമായ ഇവിടം കുറച്ചുകാലമായി കടുത്ത പാരിസ്ഥിക ഭീഷണിയുടെ കരാളഹസ്തങ്ങളിലാണ്. മാറിവരുന്ന കാലാവസ്ഥകളും വ്യാവസായികം ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക വിഭവങ്ങളുടെ ചൂഷണവുമാണ് വിമര്‍ശന വിധേയമാകാറ്. എന്നാല്‍ കാലങ്ങളായി ഈ പ്രദേശങ്ങളില്‍ കുടിയേറി താമസിച്ചുവരുന്ന സാധാരണക്കാരുടെ കാര്യത്തില്‍ കാലാവസ്ഥയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള സന്തുലിതമായതും പക്വതയുള്ളതും ദീര്‍ഘദൃക്കോടെയുള്ളതുമായ തീരുമാനമാണ് വേണ്ടത്. പാരിസ്ഥിതിക ബോധം ഏറ്റവും വര്‍ധിച്ചിരിക്കുന്ന, അത് അനിവാര്യമായ കാലഘട്ടം കൂടിയാണിത്.
അന്തിമ വിജ്ഞാപനം വൈകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം ഇടുക്കി ജില്ലയില്‍ യു.ഡി.എഫും കേരള കോണ്‍ഗ്രസും (എം) ഹര്‍ത്താല്‍ നടത്തുകയുണ്ടായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഭാഗികമായി ജനജീവിതം തടസ്സപ്പെട്ടു. ഇവക്കുപുറമെ കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലുള്ളവര്‍ക്കുകൂടി ആശങ്കയുണ്ടാക്കുന്നതാണ് കേന്ദ്ര നടപടിയിലെ കാലതാമസം. പരിസ്ഥിതിയും പശ്ചിമഘട്ടവും സംരക്ഷിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. പശ്ചിമ ഘട്ടത്തെ ചൂഷണം ചെയ്യുന്നത് തുടരണമെന്ന വാദം ശരിക്കും പറഞ്ഞാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലണമെന്ന വാദം പോലെയാണ്. പാറ ഖനനം പോലുള്ളവയാണ് തര്‍ക്കവിധേയമായിട്ടുള്ളത്. ഇതിന് വേണ്ടത് ജനാധിപത്യപരമായ രീതിയില്‍ ജനങ്ങളുടെ അഭിപ്രായം മനസ്സിലാക്കുകയും ശാസ്്ത്രീയ ബോധത്തോടെയുള്ള നടപടികള്‍ അവലംബിക്കുകയുമാണ്. നിര്‍ഭാഗ്യവശാല്‍ കേന്ദ്രത്തിലെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത് വലിച്ചുനീട്ടി വഷളാക്കുക എന്ന സമീപനമാണ്.
കേരളത്തിലും തെക്കേഇന്ത്യയില്‍ പൊതുവെയും കാലവര്‍ഷം പശ്ചിമഘട്ടത്തിന്റെ നിലനില്‍പുകൂടി ആസ്പദമാക്കിയാണ്. പലതരത്തിലുള്ള അപൂര്‍വവും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ ജീവജാലങ്ങളുടെ നിലനില്‍പും ഇതുമായി ബന്ധപ്പെട്ടാണുള്ളത്. കഴിഞ്ഞ രണ്ടുകൊല്ലമായി മുപ്പതുശതമാനത്തിലധികം മഴക്കുറവും വരള്‍ച്ചയും കൃഷിനാശവും കേരളം അനുഭവിക്കുന്നു. ശ്രീലങ്ക അടക്കം 1,82,500 ചതുരശ്ര കിലോമീറ്ററുള്ള പശ്ചിമഘട്ട മലനിരകളുടെ നല്ലൊരു ശതമാനവും ഇപ്പോള്‍ വരള്‍ച്ചാഭീഷണിയിലാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ 22000 ഓളം ഹെക്ടര്‍ പശ്ചിമഘട്ട വനമേഖലയിലുണ്ടായ തീപിടിത്തവും കോടിക്കണക്കിന് രൂപയുടെ എണ്ണമറ്റ വന്യജീവജാലങ്ങളുടെ നാശവും. ഈ മലനിരയില്‍ എല്ലായിടവും സംരക്ഷിക്കപ്പെടണമെന്ന വാദമാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പറഞ്ഞതെങ്കില്‍ അതിലെ അപ്രായോഗികത മുന്നില്‍കണ്ടാണ് തുടര്‍ന്നുവന്ന ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്‍ കമ്മിറ്റി അതിന്റെ മൂന്നിലൊന്നെങ്കിലും -37 ശതമാനം- അടിയന്തിരമായും സംരക്ഷിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതേതുടര്‍ന്ന് പരിസ്ഥിതി ലോലപ്രദേശമായി ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലെ 123 ഗ്രാമങ്ങളെ കേരളത്തില്‍ നിശ്ചയിച്ചു. എന്നാല്‍ ഇതിനെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിത്തന്നെ അതിശക്തിയായി എതിര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും കാലതാമസം ഉണ്ടാകുന്നത് സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും മാത്രമല്ല, ഈ പ്രദേശത്തെയാകെ ഭൂമിക്കും അത് ആശാസ്യമല്ല.
പാറമടകള്‍, ഖനനം, വൈദ്യുത പദ്ധതികള്‍, രണ്ടായിരം ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍, അമ്പത് ഹെക്ടറില്‍ കൂടുതലുള്ള ടൗണ്‍ഷിപ്പുകള്‍, വലിയ മലിനീകരണം വരുത്തുന്ന വ്യാവസായിക യൂണിറ്റുകള്‍ തുടങ്ങിയവയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നിരോധിച്ചിട്ടുള്ളത്. 2014 മാര്‍ച്ച് പത്തിനാണ് ആദ്യ വിജ്ഞാപനം കേന്ദ്രം ഇറക്കിയത്. തുടര്‍ന്ന് 2015 സെപ്തംബറിലും. കേരളത്തിലെ മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി നിര്‍ദേശിച്ച പട്ടിക കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതിയില്‍ കോട്ടയത്തെ ഒരു പാറമട ഉടമ നല്‍കിയ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ നടപടി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
ദേശീയ തലത്തില്‍ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിച്ച് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ സംബന്ധിച്ച് വിശദമായ പട്ടിക തയ്യാറാക്കണമെന്നാണ് ഇപ്പോഴുള്ള ആവശ്യം. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ കാട്ടുന്ന ഉദാസീനത ഇനിയും തുടര്‍ന്നുകൂടാ. പക്ഷേ പ്രശ്‌നം ഏറ്റവും കൂടുതല്‍ ജനങ്ങളെ ബാധിക്കുന്നത് കേരളമാണെന്നതാണ് നമ്മുടെ ഉല്‍കണ്ഠക്ക് കാരണം. വീടുവെക്കുന്നതിനോ, റോഡ് പണിയുന്നതിനോ, കൃഷി നടത്തുന്നതിനോ പോലും ആകാത്ത സ്ഥിതി ഈ പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ച് ഏറെ ദോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല. തങ്ങളുടേതല്ലാത്ത കാരണത്താല്‍ ജീവിതം ദുരിതപൂര്‍ണമാകുന്ന അവസ്ഥ സര്‍ക്കാരുകളാണ് നീക്കിക്കൊടുക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെപോലെതന്നെ കേന്ദ്രത്തില്‍ വേണ്ടസമ്മര്‍ദം ചെലുത്താനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാരിനുമുണ്ട്്. കൂടുതല്‍ പ്രദേശങ്ങള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന മന്ത്രിസഭാ തീരുമാനം കേന്ദ്രത്തെ അറിയിക്കാന്‍ പോലും സംസ്ഥാനം തയ്യാറായില്ല. ഇടതു മുന്നണിയാണ് മൂന്നു വര്‍ഷം മുമ്പ് രാഷ്ട്രീയ ലാഭം മുന്നില്‍കണ്ട് മലയോര ജനങ്ങളുടെ മുന്നില്‍ കയറി നിന്ന് അക്രമാസക്തമായ സമരങ്ങള്‍ക്ക് തീകൊളുത്തിയതെന്നത് മറക്കരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പല പ്രദേശങ്ങളിലും ഇടതുമുന്നണി അതിന്റെഫലം അനുഭവിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ കാര്യം കഴിഞ്ഞപ്പോള്‍ കൂരായണാ എന്ന നിലപാടുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് സമീപഭാവിയില്‍ തന്നെ അവര്‍ക്ക് ബൂമറാങ്ങാകുമെന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്.