സംസ്ഥാനത്തെ പലയിടങ്ങളിലും ഒന്നാംവിള നെല്‍കൃഷി വിളവെടുപ്പ് തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ഉല്‍പന്നം എന്തു ചെയ്യണമെന്നറിയാതെ കടുത്ത വിഷമാവസ്ഥയില്‍ നില്‍ക്കേണ്ടിവന്നിരിക്കുന്നു. സര്‍ക്കാരിന്റെയും പ്രത്യേകിച്ച് കൃഷി- സിവില്‍സപ്ലൈസ് വകുപ്പിന്റെയും പിടിപ്പുകേടും അപരാധവുമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. നെല്ലറയായ പാലക്കാട്ജില്ലയില്‍ പയിടത്തും കൊയ്ത്ത് ആരംഭിച്ചിട്ട് ദിവസങ്ങളായി. ഇതുവരെയും സിവില്‍സപ്ലൈസ് വകുപ്പോ മില്ലുകളോ നെല്ല് ശേഖരിക്കാന്‍ മുന്നോട്ടുവരാതെ ഉരുണ്ടുകളിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകരില്‍ വരുത്തിവെച്ചിരിക്കുന്നത്. ഒരു ലക്ഷം മെട്രിക് ടണ്ണാണ് ജില്ലയില്‍നിന്നുമാത്രം സംഭരിക്കാനുള്ളത്. തുലാവര്‍ഷം ആരംഭിക്കുകയും കൊയ്ത നെല്ല് ശേഖരിക്കാന്‍ സംവിധാനമില്ലാതിരിക്കുകയും ചെയ്യുന്ന ചെറുകിട, നാമമാത്ര കര്‍ഷകരുടെ അവസ്ഥയാണ് ദയനീയമായിട്ടുള്ളത്. ഇനി എന്നത്തേക്ക് സംഭരിക്കാന്‍ കഴിയുമെന്നുപോലും പറയാനാവാതെ കര്‍ഷകരെ കണ്ണീരില്‍മുക്കുന്ന സര്‍ക്കാര്‍നിലപാട് മിതമായി പറഞ്ഞാല്‍ അന്നംതരുന്ന കൈക്ക് കൊത്തുന്നതാണ്.
കേന്ദ്ര വിഹിതവും ചേര്‍ത്ത് കിലോക്ക് 26.95 രൂപക്ക് നെല്ല് സംഭരിക്കുമെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്. നെല്ല് ശേഖരണവും സംഭരണവും നടത്തുന്നത് അതതു പ്രദേശത്തെ മില്ലുകളാണ്. ഇതിനായി സംസ്ഥാന സിവില്‍സപ്ലൈസ് കോര്‍പറേഷനെയാണ് സര്‍ക്കാര്‍ ചുമതല ഏല്‍പിച്ചിട്ടുള്ളതെങ്കിലും കൈകാര്യചെലവ് പോരെന്ന് പറഞ്ഞ് മില്ലുടമകള്‍ സംഭരിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ്. നെല്ല് സംഭരിച്ച് സിവില്‍സപ്ലൈസ് വകുപ്പിനെ ഏല്‍പിക്കാനുള്ള ധാരണമാത്രമാണ് സര്‍ക്കാര്‍ മില്ലുടമകളുമായി ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ നെല്ല് സംഭരിക്കാനോ കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനോ ഉള്ള ഉത്തരവാദിത്തം സ്വകാര്യ മില്ലുടമകള്‍ക്കില്ല. ഇതാണ് കര്‍ഷകരെയും മില്ലുടമകളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. കൈകാര്യചെലവായി കിലോക്ക് 2.74 പൈസ വേണമെന്ന മില്ലുടമകളുടെ ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല. നിലവില്‍ 2.14 പൈസയാണ് സര്‍ക്കാര്‍ മില്ലുകാര്‍ക്ക് നല്‍കുന്നത്. ഇത് നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് അവരുടെ പക്ഷം. എന്നാല്‍ കന്നി മാസത്തില്‍ കൊയ്ത്ത് ആരംഭിക്കുമെന്നും കര്‍ഷകര്‍ക്ക് ശേഖരിച്ചുവെക്കാനുള്ള സംവിധാനം ഇല്ലെന്നും അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്കും കൃഷി, സിവില്‍സപ്ലൈസ് മന്ത്രിക്കും എന്തുകൊണ്ട് ഇക്കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനം പ്രഖ്യാപിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് അതിശയകരം. പാലക്കാട്ട് ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയെന്നല്ലാതെ കാര്യമായ പുരോഗതി ഇതുവരെയും ഉണ്ടായിട്ടില്ല. ഈ അവസരത്തില്‍ സ്വകാര്യ മില്ലുടമകളുടെയും വ്യാപാരികളുടെയും ഇരയാകുകയാണ് നെല്‍ കര്‍ഷകരിപ്പോള്‍. പ്രളയാനന്തര കാലത്തെ ബമ്പര്‍ വിളവിനെ കാശാക്കാന്‍ കഴിയാത്ത അവസ്ഥ പരിതാപകരമാണ്.
27 രൂപയോളം കിട്ടുന്ന നെല്ല് ഇപ്പോള്‍ കിട്ടിയ വിലക്ക് സ്വകാര്യ മില്ലുകാര്‍ക്ക് വില്‍ക്കാനാണ് കര്‍ഷകര്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ഇതിനുപിന്നില്‍ വന്‍ പകല്‍കൊള്ളയാണ് നടക്കുന്നതെന്നാണ് കര്‍ഷകരുടെ പരാതി. എറണാകുളം കാലടിയിലെ അരി മില്ലുകാര്‍ക്കാണ് പാലക്കാട്ടുനിന്നും മറ്റും നെല്ല് എത്തുന്നത്. ഇതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിലോക്ക് 20 രൂപയിലും താഴെ കൊടുത്താണ് ഇപ്പോള്‍ ഏജന്റുമാര്‍ കര്‍ഷരില്‍നിന്ന് നെല്ല് സംഭരിക്കുന്നത്. ഇതിന് കര്‍ഷകര്‍ നിര്‍ബന്ധിതമാകുകയല്ലാതെ അവരുടെ മുന്നില്‍ മറ്റു വഴികളില്ലാത്ത അവസ്ഥയാണ്. ഉണക്കുപോരെന്ന് പറഞ്ഞാണ് സപ്ലൈകോക്ക് വേണ്ടി നെല്ലു സംഭരിക്കാന്‍ പലപ്പോഴും മടിക്കാറുള്ളത്. ഉണക്കാനുള്ള സംവിധാനം കര്‍ഷകര്‍ക്കൊട്ട് ഇല്ലതാനും. കൊയ്ത്തുമെതിയന്ത്രം വന്നതോടെ പാടത്തുനിന്നുതന്നെ നെല്ല് ലോറികളിലേക്ക് കയറ്റുകയാണ് ചെയ്യുന്നത്. ഇവിടെവെച്ചുതന്നെ ഏജന്റുമാര്‍ നെല്ല് അളന്നെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. കയ്യോടെ പണം കിട്ടുമെന്നതും കര്‍ഷകരെ തുച്ഛവിലക്ക് ഉല്‍പന്നം വില്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്നു.
സര്‍ക്കാരിന്റെ പിടിപ്പുകേടാണ് സത്യത്തില്‍ ഈ ദു:സ്ഥിതിക്ക് വഴിവെച്ചത്. പ്രതിപക്ഷത്തിരുന്ന സമയത്ത് നെല്ല് സംഭരിക്കുന്നതിനും സമയത്ത് പണം കൊടുക്കുന്നതിനും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് കാട്ടി സമരത്തിനിറങ്ങിയവര്‍ ഭരിക്കുമ്പോള്‍ പഴയതിലും മോശമായ അവസ്ഥയുണ്ടായതിന് എന്ത് മറുപടിയാണ് സര്‍ക്കാരിനും സി.പി.എമ്മിനും സി.പി.ഐക്കുമൊക്കെ പറയാനുള്ളത്. നെല്ല് പാടത്തുനിന്നുതന്നെ സംഭരിക്കുമെന്നും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കയ്യോടെ പണം കൈമാറുമെന്നും വാഗ്ദാനം ചെയ്തിരുന്ന ഇടതുപക്ഷ മുന്നണിയാണ് ഇപ്പോള്‍ നെല്‍ കര്‍ഷകരുടെ കാര്യത്തില്‍ ഈ തുരപ്പന്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് തങ്ങളെ വിശ്വസിച്ച് വോട്ടു ചെയ്തവരോടുള്ള കൊടിയ വഞ്ചനയാണ്. കര്‍ഷകര്‍ എന്തുമാത്രം കഷ്ടപ്പാടുകള്‍ സഹിച്ചാണ് വിളകള്‍ കൃഷി ചെയ്‌തെടുക്കുന്നതെന്നത് ഇന്നത്തെ കാലത്ത് ഊഹിക്കാവുന്നതാണ്. കൊയ്യാനോ നടീലിനോ കള പറിക്കാനോ തൊഴിലാളികളെ കിട്ടാത്തതും ആവശ്യത്തിനും സമയത്തും വെള്ളം കിട്ടാത്തതുമാണ് കര്‍ഷകരുടെ ആധികള്‍. ഇതിനുപുറമെയാണ് വളങ്ങള്‍ക്ക് കുതിച്ചുയര്‍ന്നിരിക്കുന്ന വില. ഇതെല്ലാം സഹിച്ച് കൊയ്‌തെടുക്കുന്ന വിളവിന് മതിയായ വില ലഭ്യമാക്കാതെയും അവരെ പരിഹസിക്കുന്ന വിധത്തില്‍ അഴകൊഴമ്പന്‍ നടപടി സ്വീകരിച്ചും മുന്നോട്ടുപോകുന്ന സര്‍ക്കാരിന്റെ ആളുകള്‍ക്ക് ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉറച്ചനയം സ്വീകരിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്. പാലക്കാടും കുട്ടനാടും തൃശൂരും വയനാടും എന്നുവേണ്ട, പ്രളയംകൊണ്ട് സംസ്ഥാനത്തിന്റെ മിക്കവാറുമെല്ലായിടത്തും തകര്‍ന്നുതരിപ്പണമായ കാര്‍ഷിക വിളകളുടെ കാര്യത്തില്‍ വാഗ്ദാനംചെയ്ത നഷ്ടപരിഹാരംപോലും നല്‍കാന്‍ ഇതുവരെയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പ്രളയത്തില്‍ സംസ്ഥാനത്ത് 3558 കോടിയുടെ കാര്‍ഷിക നഷ്ടം ഉണ്ടായെന്നാണ് കണക്ക്. ഇതിന്റെ പത്തിലൊന്നുപോലും നഷ്ടപരിഹാരം വിതരണം ചെയ്തിട്ടില്ല. ഉരുള്‍പൊട്ടലില്‍ കൃഷിഭൂമിപോലും ഇല്ലാതായവരുടെ കാര്യമാണ് ഏറെകഷ്ടം. കര്‍ഷക വായ്പകള്‍ക്ക് ഡിസംബര്‍ വരെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബാങ്കുകള്‍ ഇപ്പോഴും ജപ്തി നടപടിയുമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് ഒരുവര്‍ഷത്തിനിടെമാത്രം ഇരുപതിലധികം കര്‍ഷകരാണ് മഴക്കെടുതി കടക്കെണിയുംമൂലം ആത്മഹത്യചെയ്തത്. മൂന്നര വര്‍ഷം മുമ്പ് ഇറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമെങ്കിലും ഒരാവര്‍ത്തി വായിച്ചിട്ട് വാഗ്ദാനങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്ന് അഹങ്കരിക്കുകയായിരുന്നു വേണ്ടത്. നെല്ല് സംഭരണം ഉടന്‍ തുടങ്ങി കര്‍ഷകരുടെ കണ്ണീര്‍ തുടയ്ക്കാതെ ഈ സര്‍ക്കാരിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും കാര്യങ്ങളെപ്പറ്റി പറയാന്‍ ഒരവകാശവുമില്ല.
- 5 years ago
chandrika
Categories:
Video Stories