ലോക്‌സഭാതെരഞ്ഞെടുപ്പില്‍ നേടിയ തകര്‍പ്പന്‍ വിജയത്തെതുടര്‍ന്ന് രൂപീകരിച്ച ബി.ജെ.പി സര്‍ക്കാര്‍ ഏതാനും ദിവസത്തെ അതിന്റെ പ്രകടനംകൊണ്ട് അത്രതന്നെ രാജ്യത്ത് ആശങ്കകളും പടര്‍ത്തിയിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്രഷായെ മാധ്യമപ്രവര്‍ത്തകരെപോലും അറിയിക്കാതെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്തി സ്വന്തം പാര്‍ട്ടിക്കാരെപോലും ഞെട്ടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷായും പാര്‍ട്ടിയിലെ അപ്രമാദിത്വം ഒരിക്കല്‍കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സര്‍ക്കാരില്‍ നേരിയ എതിര്‍സ്വരങ്ങളെ വെച്ചുപൊറുപ്പിച്ചുവെങ്കിലും, ഇത്തവണ അവിടെയും ഏകസ്വരത്തിനേ പ്രസക്തിയുള്ളൂവെന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. താരതമ്യേന മിതവാദിയായ വിദേശകാര്യമന്ത്രി സുഷമസ്വരാജിനെയും എന്‍.ഡി.എയിലെ രണ്ടാമന്മാരെയും പുറത്തുനിര്‍ത്തിയാണ് മോദി തന്റെ രണ്ടാമൂഴം ആരംഭിച്ചിരിക്കുന്നത്. സുഷമക്കുപുറമെ മേനകഗാന്ധി, ഉമാഭാരതി എന്നിവരാണ് തഴയപ്പെട്ട മറ്റുപ്രമുഖര്‍. പകരം പാര്‍ട്ടിയിലെ തീവ്രവാദികളായ അമിത്ഷാ, ആന്ധ്രയില്‍നിന്നുള്ള ജി.കിഷന്‍ റെഡ്ഡി, പശ്ചിമബംഗാളിലെ നിത്യാനന്ദ് റായ്, ബീഹാറിലെ ഗിരിരാജ്‌സിംഗ് തുടങ്ങിയവര്‍ക്കാണ് മന്ത്രിക്കസേരകള്‍ നല്‍കിയിരിക്കുന്നത്. ഒരു പാര്‍ട്ടിയെ സംബന്ധിച്ച് തീവ്രചിന്താഗതികളും തദ്‌നടപടികളും അതിലെ അംഗങ്ങളെ മാത്രമാണ് ബാധിക്കുകയെങ്കില്‍ ഇവിടെ ഭരണ നിര്‍വഹണത്തിനുമേലാണ് പഴയ കടുംകൈകള്‍ നീണ്ടിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രിയായി കഴിഞ്ഞ മന്ത്രിസഭയില്‍ ആദ്യാവസാനം പ്രവര്‍ത്തിച്ച മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ്‌സിംഗിന്റെ ഇടം അമിത്ഷാ പൂര്‍ണമായും കവര്‍ന്നിരിക്കുകയാണിപ്പോള്‍. ആഭ്യന്തര വകുപ്പില്‍നിന്ന് പ്രതിരോധത്തിലേക്കാണ് രാജ്‌നാഥിന് സ്ഥാനമാറ്റം. പ്രോട്ടോകോള്‍ അനുസരിച്ച് രാജ്‌നാഥ്‌സിംഗാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിലെ രണ്ടാമന്‍. എന്നിട്ടും കഴിഞ്ഞതവണ ഉണ്ടായിരുന്ന ആറ് ക്യാബിനറ്റ് ഉപസമിതികളില്‍നിന്ന് ഇത്തവണ അദ്ദേഹത്തെ തഴഞ്ഞത് പാര്‍ട്ടിയിലും സര്‍ക്കാരിലും വലിയ ഒച്ചപ്പാടുണ്ടാക്കിയതായാണ് വാര്‍ത്ത. കഴിഞ്ഞദിവസം രൂപീകരിച്ച ഏഴ് മന്ത്രിസഭാഉപസമിതികളില്‍നിന്നാണ് സിംഗിനെ പുറന്തള്ളി ആറിലും അമിത്ഷാ അധ്യക്ഷനായത്. ബഹളങ്ങള്‍ കാരണം പിന്നീട് സര്‍ക്കാരിന് തിരുത്തി ഉത്തരവ് ഇറക്കേണ്ടിവന്നുവെന്നത് മോദിയുടെ പുത്തരിയിലെ കല്ലുകടിയാണ്.ഒരുപാര്‍ട്ടിയിലെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള വകുപ്പുവെച്ചുമാറ്റം എന്നുമാത്രമേ ഇതിനെ കാണേണ്ടതുള്ളൂ എങ്കിലും അമിത്ഷായുടെ വരവില്‍ മറ്റുപലതും മണക്കുന്നുണ്ട്.
കശ്മീരിന്റെ പ്രത്യേകപദവി, പൗരത്വഭേദഗതി, ആര്‍.എസ്.എസ്-ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ തുടങ്ങിയവയില്‍ കൂടുതല്‍ കടുത്ത നടപടികളാണ് ഷായില്‍നിന്ന് ജനം ആശങ്കപ്പെടുന്നത്. ഇതിനുകാരണം അദ്ദേഹത്തിന്റെ തീവ്രവര്‍ഗീയ പശ്ചാത്തലംതന്നെയാണ്. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായിരിക്കവെ 2002 ലെ രണ്ടായിരം പേരുടെ വംശഹത്യാനന്തരകാലത്ത് അമിത്ഷാ അവിടെയും ആഭ്യന്തര മന്ത്രിയായിരുന്നുവെന്ന് അറിയുമ്പോഴാണ് മോദി-ഷാ രസതന്ത്രം മനസ്സിലാകുക. അന്ന് വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ പ്രതിയായിരുന്നയാളാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരിക്കുന്നത്. ഇസ്രത്ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ ഷായെ വിചാരണക്ക് വിളിപ്പിച്ച സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി മഹാരാഷ്ട്ര സ്വദേശിയായ ജസ്റ്റിസ് ലോയയുടെ മരണത്തിലെ സംശയത്തിന്റെ കുന്തമുന നീളുന്നത് ഇപ്പോഴും അമിത്ഷായിലേക്കാണ്. ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണക്കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഇപ്പോഴും അഗ്നിപരീക്ഷ കഴിഞ്ഞ് ഷാ പുറത്തുവന്നിട്ടില്ല. ഈ കേസില്‍ ജഡ്ജിയെ മാറ്റിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മുഖ്യ ന്യായാധിപനെതിരെ വാര്‍ത്താസമ്മേളനം നടത്തിയത് രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത ഏടായി കിടക്കുന്നു. മാത്രമല്ല, രാജ്യത്തെ മുസ്്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്ന് പരസ്യമായി ആക്ഷേപിച്ചയാള്‍ കൂടിയാണ് ഷാ. ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടികളായ ആഭ്യന്തര വകുപ്പിലെ സഹമന്ത്രിമാരുടെ കാര്യം അതിലും കഷ്ടമാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നാണ് സഹമന്ത്രിമാരായ ജി. കിഷന്‍ റെഡ്ഡിയുടെയും നിത്യാനന്ദ്‌റായിയുടെയും കാര്യത്തില്‍ ഓര്‍മ വരുന്നത്. രാജ്യത്തെ സ്‌ഫോടനങ്ങളിലെല്ലാം ഹൈദരാബാദിന് പങ്കുണ്ടെന്നും മുസ്‌ലിംകള്‍ക്ക് സ്വാധീനമുള്ള ഭീകര സ്ഥലമാണ് അതെന്നുമായിരുന്നു കിഷന്റെ കഴിഞ്ഞദിവസത്തെ വിവാദ വായ്ത്താരി. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ പലതവണ വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പിയുടെ നേതാവാണ് രാജ്യത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള ഈ മന്ത്രി. മോദിയെ വിമര്‍ശിച്ചയാളുടെ കൈവിരലുകള്‍ അറുക്കണമെന്ന് പറഞ്ഞയാളാണ് മറ്റൊരു ആഭ്യന്തര സഹമന്ത്രി റായി. മൃഗ സംരക്ഷണ സഹമന്ത്രി ഗിരിരാജ്‌സിംഗ് ചോദിച്ചത്, റമസാന്‍ ഇഫ്താറിന് എന്തിനിത്ര പ്രാധാന്യം നല്‍കണമെന്നായിരുന്നു. സത്യപ്രതിജ്ഞ ചെയ്തശേഷം ഒരാഴ്ചക്കിടെ മോദിയുടെ ടീമംഗങ്ങളോരോരുത്തരും നടത്തുന്ന ഇത്തരം വാചകക്കസര്‍ത്തുകള്‍ ജനങ്ങളില്‍ വിശിഷ്യാ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന ഭീതി ചെറുതല്ല. സര്‍വരുടെയും സര്‍ക്കാരെന്നും സര്‍വരുടെയും വികസനമാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ മോദിയുടെ ആദ്യ ഊഴത്തില്‍നിന്ന് കുറച്ചുകൂടി കടന്ന് സര്‍വരുടെയും വിശ്വാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ മോദിക്ക് ഈ വാക്കത്തികളെക്കുറിച്ചൊന്നും മിണ്ടാട്ടമില്ല. പ്രഥമമന്ത്രിസഭായോഗത്തില്‍, വാക്കുകളും നടപടികളും സൂക്ഷ്മതയോടെയായിരിക്കണമെന്ന് മന്ത്രിമാരെ ഉപദേശിച്ചയാളാണ് മോദി.
രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായിരിക്കവെ രാജ്യത്തെ ക്രമസമാധാനനില വളരെയധികം താഴ്ന്നിരുന്നുവെങ്കിലും അമിത്ഷായുടെ കാലത്ത് അതെത്രകണ്ട് ഭീകരമാകുമെന്ന് ഇനിയും കാണാനിരിക്കുന്നതേ ഉള്ളൂ. ഷായുടെ ഗതകാല ചെയ്തികള്‍ തീര്‍ച്ചയായും ശുഭസൂചനകങ്ങളല്ല ജനങ്ങളുടെ മനോമുകുരങ്ങളിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്. എല്ലാ സ്വേച്ഛാധിപത്യത്തിനും ഒരന്ത്യമുണ്ട്. മോദിയുടെയും ഷായുടെയും കരുനീക്കങ്ങള്‍ക്ക് ജനങ്ങളില്‍ നിന്നല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നെങ്കിലും വൈകാതെ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ന്യായമായും പ്രതീക്ഷിക്കാവുന്നതാണ്. വ്യാഴാഴ്ചത്തെ കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തപ്പെട്ട ഉത്തരവ് തരുന്ന സന്ദേശവും അതുതന്നെ.
- 6 years ago
web desk 1
Categories:
Video Stories
ഹിന്ദുത്വ വര്‍ഗീയത നികുതിച്ചെലവിലോ
Tags: editorial