തിരുവനന്തപുരം നഗരത്തേയും പരിസരപ്രദേശങ്ങളേയും രണ്ടാഴ്ചയോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം ഇപ്പോള്‍ ഏതാണ്ട് കെട്ടടങ്ങിയ മട്ടാണ്. നാട്ടില്‍ സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷത്തേയും നേതാക്കള്‍ തുല്യ താല്‍പര്യത്തോടെ ഒരു മേശക്കു ചുറ്റുമിരിക്കാനും ചര്‍ച്ച നടത്താനും കാണിച്ച വിശാല മനസ്സ്, പക്ഷേ ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുള്ള അവകാശം കേരള ജനതക്കുണ്ടെന്നാണ് വിശ്വസിക്കുന്നത്.
ആര്‍.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകത്തോടെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ കൊടി നാട്ടലുമായി ബന്ധപ്പെട്ട് തുടങ്ങിയ സി.പി.എം – ആര്‍.എസ്.എസ് സംഘര്‍ഷം പാരമ്യതയില്‍ എത്തിയത്. ഇരുപക്ഷത്തേയും ഓഫീസുകള്‍ ആക്രമിച്ചുകൊണ്ട് തുടങ്ങിയ സംഘര്‍ഷം വൈകാതെ തന്നെ ഒരു ജീവനെടുക്കുന്നതിലെത്തി. തൊട്ടുപിന്നാലെ തന്നെ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഇരുപക്ഷത്തുനിന്നുമുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രിയേയും ഗവര്‍ണറേയും മുന്നില്‍ നിര്‍ത്തി മോദി സര്‍ക്കാര്‍ വിരല്‍ ചൂണ്ടിയപ്പോഴേക്കും സംസ്ഥാന മുഖ്യമന്ത്രി സംഘര്‍ഷം അവസാനിപ്പിക്കാമെന്ന് ഉറപ്പു കൊടുത്തത് തെറ്റായിപ്പോയെന്ന് വിമര്‍ശിച്ചത് സ്വന്തം പാര്‍ട്ടിക്കാരും മുന്നണിയിലെ കൂട്ടുകക്ഷികളും തന്നെയാണ്. നാട്ടില്‍ സമാധാനം വേണമെന്നത് ആഗ്രഹിക്കുന്ന ഭരണാധികാരിയെ സംബന്ധിച്ചിടത്തോളവും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് പ്രഥമ പരിഗണനയുള്ള കാര്യം തന്നെയാണ്.
ആ നിലക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ കുറ്റം പറയാനാകില്ല. എന്നാല്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് ഇടപെടാന്‍ ഗവര്‍ണറും കേന്ദ്രസര്‍ക്കാറും വടിയെടുക്കുന്നതു വരെ കാത്തിരിക്കണമായിരുന്നണോ എന്ന ചോദ്യം അത്ര ലാഘവത്തോടെ കാണാനാവില്ല.
അതിനേക്കാള്‍ പ്രസക്തമായ ചില ചോദ്യങ്ങള്‍ കൂടിയുണ്ട്.
ആദ്യം സമാധാന ചര്‍ച്ച നടന്നത് സി.പി.എമ്മിന്റേയും ആര്‍.എസ്.എസിന്റെയും സംസ്ഥാന നേതാക്കള്‍ തമ്മിലാണ്. അതും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍. അപ്പോള്‍ തന്നെ സംഘര്‍ഷങ്ങള്‍ക്ക് അയവു വരികയും ചെയ്തു. നേതാക്കള്‍ പരസ്പരം ഹസ്തദാനംചെയ്ത് പിരിഞ്ഞതിനു പിന്നാലെതന്നെ സംഘര്‍ഷം അവസാനിച്ചുവെങ്കില്‍ നേതൃതലത്തിലെ നിര്‍ദേശങ്ങള്‍ക്കും അക്രമസംഭവങ്ങളില്‍ പങ്കുണ്ടായിരുന്നുവെന്നു തന്നെയല്ലേ കരുതേണ്ടത്. കണ്ണൂരിലും കോട്ടയത്തും ഉള്‍പ്പെടെ താഴെ തലങ്ങളില്‍ നടന്ന സി.പി.എം – ആര്‍.എസ്.എസ് ചര്‍ച്ച ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രഹസനം മാത്രമായിരുന്നില്ലേ. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ പ്രഖ്യാപിക്കുമ്പോള്‍ അതിനര്‍ത്ഥം ഇരുപക്ഷവും അറിഞ്ഞുകൊണ്ടുള്ള നാടകങ്ങള്‍ മാത്രമാണ് അരങ്ങേറുന്നതെന്നല്ലേ…
സംഘര്‍ഷവും സമാധാന ചര്‍ച്ചയും ബി.ജെ.പിയും ആര്‍.എസ്.എസും ആസൂത്രണം ചെയ്ത തട്ടിപ്പ് മാത്രമായിരുന്നോ എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. കേരളത്തിന്റെ ചരിത്രത്തില്‍ ബി.ജെ.പി ഏറ്റവും വലിയ അഴിമതി ആരോപണങ്ങളെ നേരിട്ട വേളയില്‍ തന്നെയാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് തലസ്ഥാന നഗരി വേദിയായത് എന്നതിനെ യാദൃഛികമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അഴിമതിക്കെതിരായ ബി.ജെ.പിയുടെ പോരാട്ടം കാപട്യമാണെന്ന് ഇതിനകം തന്നെ തിരിച്ചറിയപ്പെട്ടതാണ്. എന്നാല്‍ വര്‍ഗീയത ഊതിക്കത്തിച്ചും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വ്യാപകമാക്കിയും ബിഫ് ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നും ഇതിന് തന്ത്രപരമായി മറയിടാനാണ് രാജ്യം മുഴുവന്‍ ബി.ജെ.പിയും സംഘ്പരിവാറും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളംപോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങളില്‍ മാത്രമാണ് സംഘ്പരിവാറിന്റെ ഈ വര്‍ഗീയ കുതന്ത്രങ്ങള്‍ ഏശാതെ പോകുന്നത്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പകരം രാഷ്ട്രീയ സംഘര്‍ഷമാണ് കേരളത്തില്‍ കുറേക്കൂടി സാധ്യതയെന്ന ആര്‍.എസ്.എസിന്റെ തിരിച്ചറിവാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളുടെ പ്രേരണയെന്ന് പകല്‍പോലെ വ്യക്തമാണ്. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്നത് കേവലം അഴിമതി ആരോപണം മാത്രമല്ല. പാര്‍ട്ടി തന്നെ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ പരിശോധനയില്‍ സത്യമെന്ന് ബോധ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്ത തുറന്ന വസ്തുതയാണ്. ആ സത്യം അതിന്റെ എല്ലാ വികൃത മുഖങ്ങളോടെയും മാധ്യമങ്ങള്‍ അനാവരണം ചെയ്യാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് തലസ്ഥാനം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് വേദിയായത്. അഴിമതി ആരോപണം ചര്‍ച്ചകളില്‍ വരുന്നതിനെ തന്ത്രപൂര്‍വ്വം വഴിതിരിച്ചു വിടുകയായിരുന്നോ തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷത്തിനു പിന്നിലെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ബാധ്യതയും ആഭ്യന്തര വകുപ്പിനുണ്ട്.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമല്ല. അത്തരം കൊലപാതകങ്ങളില്‍ മിക്കപ്പോഴും ആര്‍.എസ്.എസും സി.പി.എമ്മും തന്നെയായിരുന്നു മുഖാമുഖം. ചോരക്കറ കൊണ്ട് കണ്ണൂരിന്റെ ഭൂപടത്തിന് ഭീതിയുടെ നിറം പകര്‍ന്നു നല്‍കിയപ്പോഴൊന്നും ഇല്ലാത്ത ആധി ഇപ്പോള്‍ എന്തിനാണ്. ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും ദളിത് വേട്ടയും അടിക്കടി ആവര്‍ത്തിക്കപ്പെടുന്ന ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആവശ്യമില്ലാത്ത രാഷ്ട്രപതി ഭരണ വാദവുമായി ആര്‍.എസ്.എസ് രംഗത്തെത്തുന്നതിനു പിന്നിലും അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് പറന്നെത്തി രാഷ്ട്രീയ കൊലപാതകത്തിന് മുമ്പെങ്ങുമില്ലാത്ത വിധം ദേശീയ പരിവേഷം നല്‍കുന്നതിനു പിന്നിലുമുള്ള അജണ്ട അഴിമതിക്കഥകള്‍ക്ക് മറയിടല്‍ അല്ലാതെ മറ്റൊന്നുമല്ല. അത് തിരിച്ചറിയാന്‍ കഴിയാതെ, സംഘ് പരിവാര്‍ മെനയുന്ന താളത്തിനൊത്ത് തുള്ളുന്ന നിലയിലേക്ക് സി.പി.എം തരംതാഴുന്നത് രാജ്യത്തെ മതേതര മനസ്സുകളെയാണ് മുറിവേല്‍പ്പിക്കുന്നത്.