X

സ്വാഭാവിക അന്ത്യം

പലതവണ ബാഗ്ദാദിയുടെ അന്ത്യം പ്രചരിപ്പിക്കപ്പെട്ടിരുന്നെങ്കിലും ഒക്ടോബര്‍ 26ന് ഞായറാഴ്ചത്തേതാണ് യാഥാര്‍ത്ഥ്യമെന്നു കരുതാം. ലോകംകണ്ട ഏറ്റവും വലിയ ഭീകര സംഘടനയായാണ് ബാഗ്ദാദി നേതൃത്വം നല്‍കിയ ഇസ്്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ അഥവാ ഐ.എസ്.ഐ. എസ് ഉടലെടുക്കുന്നത്. ഇറാഖ്-അമേരിക്കന്‍ സഖ്യയുദ്ധവും മുല്ലപ്പൂവിപ്ലവവുമൊക്കെ പശ്ചാത്തലമായ സിറിയയിലും തുര്‍ക്കിയിലുമൊക്കെ രാഷ്ട്രീയ സാമൂഹിക അസ്വസ്ഥതകള്‍ അഗ്നിപോലെ പടരുന്നകാലം. സിറിയയിലെ അല്‍റക്കയില്‍ അബൂബക്കറിന്റെ നേതൃത്വത്തില്‍ ദാഇശ് രൂപംകൊണ്ടു. സിറിയയിലും തുര്‍ക്കിയിലും വിമോചന സമരം നടത്തുകയും ഇസ്‌ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയുമായിരുന്നു ലക്ഷ്യം.

ഇതുവഴി നിരവധി മുസ്‌ലിം യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കാനായി. അറേബ്യയില്‍ പാശ്ചാത്യ ശക്തികള്‍ പിടിമുറുക്കുന്നുവെന്ന ഭയമായിരുന്നു ഇതിന്റെ അടിസ്ഥാനം. സ്വാഭാവികമായും സഊദി അറേബ്യയും ഐ.എസിന്റെ ശത്രുപ്പട്ടികയിലായി. പക്ഷേ ലോക മുസ്‌ലിം സമൂഹമൊട്ടാകെ ഇവരുടെ അനിസ്‌ലാമിക രീതിക്കെതിരെ നിലകൊണ്ടു. സിറിയയിലും തുര്‍ക്കിയിലും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ഇതര സംഘടനകളുമായി ചേര്‍ന്നായിരുന്നു ഐ.എസിന്റെ പോരാട്ടം. മൊസൂള്‍ നഗരം പിടിച്ചെടുത്തതോടെ ഐ.എസ് പിടിച്ചാല്‍കിട്ടാതെ വളരുന്നുവെന്ന് പാശ്ചാത്യലോകം ഭയന്നു. അല്‍ഖ്വയ്ദക്കെതിരായി അമേരിക്ക തുടങ്ങിവെച്ച ‘ആഗോള ഭീകരതക്കെതിരായ പോരാട്ടം’ ഐ.എസിനെതിരെയും തുടരാന്‍ രാജ്യങ്ങള്‍ നിര്‍ബന്ധിതമായി. ഇതോടെ അമേരിക്കന്‍-പാശ്ചാത്യ താല്‍പര്യമുള്ള ഇടങ്ങളിലെല്ലാം സ്‌ഫോടനങ്ങള്‍ നടത്തുകയായിരുന്നു ഇവര്‍. പശ്ചാത്യ രാജ്യങ്ങളിലെ വിവിധ സ്‌ഫോടനങ്ങളിലും കൂട്ടക്കൊലകളിലും ഐ.എസ് പങ്ക് അവകാശപ്പെട്ടു. ഐക്യരാഷ്ട്ര സംഘടനയും യൂറോപ്യന്‍ യൂണിയനും സംഘടനയെ ഭീകര സംഘടനയായും ബാഗ്ദാദിയെ അന്താരാഷ്ട്രഭീകരനായും പ്രഖ്യാപിച്ചു. പതിനായിരക്കണക്കിന് മനുഷ്യരാണ് സിറിയയിലും മറ്റുമായി കൊല്ലപ്പെട്ടത്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി പേരും ഐ.എസിനാല്‍ കൊല്ലപ്പെട്ടു. ഫലം ലോകത്തെല്ലായിടത്തും ഐ.എസ് ഭീതി പടര്‍ന്നു. അഫ്ഗാനിസ്ഥാനിലും ഐ.എസിന്റെ ക്രൂരമുഖം പുറത്തുവന്നു. മുമ്പ് ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഉണ്ടാക്കിയ ആശങ്കക്കും കൂട്ടക്കൊലകള്‍ക്കും അപ്പുറമായിരുന്നു ഐ.എസിന്റെ ഭീഷണി.

ഇറാഖിലെ സമോറയില്‍ ഖുറൈശി ഗോത്ര കുടുംബത്തില്‍ 1971 ജൂലൈ 28നാണ് അബൂബക്കറിന്റെ പിറവി. ഇബ്രാഹിം അവാദി ഇബ്രാഹിം അല്‍ബദ്രി എന്നായിരുന്നു ആദ്യ പേര്. അബൂബക്കര്‍, അബ്ദു, ഖലീഫ് ഇബ്രാഹിം, ഷെയ്ഖ് എന്നീ പേരുകളിലും അറിയപ്പെട്ടു. ജെയ്ഷ് അഹ്‌ലുസുന്ന വല്‍ ജമാഅ:യിലാണ് മതപ്രബോധകനായി ആദ്യം പ്രവര്‍ത്തിച്ചത്. ബാഗ്ദാദ് സര്‍വകലാശാലയില്‍നിന്ന് ഇസ്്‌ലാമിക പഠനത്തില്‍ ബിരുദം നേടി. 2006ല്‍ ഉസാമ ബിന്‍ലാദന്റെ അല്‍ഖ്വയ്ദയില്‍ ചേര്‍ന്നു. ഉസാമയുടെ വധത്തിനുശേഷം ഇല്ലാതായ അല്‍ഖ്വയ്ദ വിട്ട് 2013 ഏപ്രിലിലാണ് ഐ.എസ് രൂപീകരിക്കുന്നത്. അമേരിക്കയുടെയും ഇറാന്റെയും യുദ്ധങ്ങളില്‍ ഇറാഖ് പക്ഷത്തെ പോരാളിയായി. 2011ല്‍ 10ലക്ഷം ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലക്ക് വിലയിട്ടത്. പിന്നീടത് 75 ലക്ഷമാക്കി. വിവിധ രാജ്യങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് യുവാക്കളാണ് ബാഗ്ദാദിയുടെ ഖിലാഫത്ത് സ്വപ്‌നംകണ്ട് സിറിയയിലേക്ക് വണ്ടി കയറിയത്. അവരില്‍പലരും യാഥാര്‍ത്ഥ്യംകണ്ട് പിന്തിരിഞ്ഞെങ്കിലും മറ്റു പലര്‍ക്കും യുദ്ധമുഖത്ത് ജീവന്‍ വെടിയേണ്ടിവന്നു. പതിനായിരക്കണക്കിന് ഐ.എസ് പോരാളികളാണ് യുദ്ധമുഖങ്ങളില്‍ മരിച്ചുവീണത്. സ്ത്രീകളെ അടിമയാക്കി ലൈംഗികമായി ഉപയോഗിച്ചുവെന്ന കുറ്റവും ഐ.എസിനെതിരെ പാശ്ചാത്യലോകം ഉയര്‍ത്തുന്നു. എന്നാല്‍ യുദ്ധത്തിലെ അനാഥ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുകയാണെന്ന വാദമായിരുന്നു ഐ.എസിന്.

‘ബാഗ്ദാദിയുടെ അന്ത്യം ക്രൂരമായിരുന്നു. ഓടിയും കരഞ്ഞും ഭീരുവായി പട്ടിയെപോലെയാണ് അയാള്‍ മരിച്ചത്’. ലോകം കണ്ട കൊടും ഭീകരന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദിയുടെ അന്ത്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തോട് പറഞ്ഞ വാചകമാണിത്. ഒക്ടോബര്‍ 28നാണ് ട്രംപിന്റെ ഈപ്രഖ്യാപനം. അരയില്‍ കെട്ടിവെച്ച ബോംബ് സ്വയംപൊട്ടിത്തെറിപ്പിച്ചാണെന്നാണ് അന്ത്യമെന്നാണ് യു.എസ് ഭാഷ്യം. മരിക്കുമ്പോള്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷില്‍ മൂന്നു മക്കളും ഭാര്യയും ഉണ്ടായിരുന്നുവത്രെ. ഇവരും കൂടെ മരിച്ചതായി പറയുന്നു. അമേരിക്കയുടെ ഡെല്‍റ്റ ഫോഴ്‌സിന്റെ ബാരിശിലെ രണ്ടു മണിക്കൂര്‍ റെയ്ഡിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. കടലില്‍ മതാചാരപ്രകാരം ഖബറടക്കിയെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞത്. ഒക്ടോബര്‍ 31ന്് നേതാവിന്റെ മരണം ഐ.എസ് സ്ഥിരീകരിച്ചു. പുതിയ തലവനായി അബു ഇബ്രാഹിം അല്‍ഹാഷിമി അല്‍ ഖുറൈശിയെ നിയമിച്ചതായും അവര്‍ അറിയിച്ചു. പലരും പ്രതീക്ഷിച്ച രീതിയില്‍ ഉസാമയെപോലെ യുദ്ധമുഖത്തുതന്നെയാണ് ബാഗ്ദാദിയുടെയും അന്ത്യം, നാല്‍പത്തെട്ടാം വയസ്സില്‍. ബാഗ്ദാദിക്ക് മൂന്നു ഭാര്യമാരും പത്തോളം മക്കളും ഉണ്ടായിരുന്നതായാണ് വിവരം.

Test User: