ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഇന്നലെ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ് സമാപിച്ചപ്പോള്‍ ഒന്നാം സ്ഥാനവുമായി ഇന്ത്യ നടത്തിയ പ്രകടനം നൂറ് ശതമാനം ശ്ലാഘനീയമാണ്. ഏഷ്യയിലെ എല്ലാ അത്‌ലറ്റിക് രാജ്യങഅളുടെ പങഅകടുത്ത അഞ്ച് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുക എന്ന് പറയുമ്പോള്‍ അത് ചെറിയ നേട്ടമല്ല. ചൈന ഉള്‍പ്പെടെ വന്‍കരയിലെ പ്രബലരെല്ലാം പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പിലെ നേട്ടത്തില്‍ പങ്കാളികളായ എല്ലാ താരങ്ങള്‍ക്കും, പ്രത്യേകിച്ച് മലയാളി താരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. മുഹമ്മദ് അനസ്, പി.യു ചിത്ര തുടങ്ങി കേരളത്തിന്റെ താരങ്ങള്‍ സ്വര്‍ണവുമായി മെഡല്‍വേട്ടക്ക് നേതൃത്വം നല്‍കുക വഴി കേരളത്തിന്റെ നല്ല ഇന്നലെകളെ തിരിച്ച് കൊണ്ട് വരുകയും ചെയ്തു.
ഏഷ്യന്‍ ട്രാക്ക് എന്നാല്‍ അത് ഇത് വരെ ചൈനയാണ്. ചൈനക്ക് പിറകില്‍ ജപ്പാനും കൊറിയക്കാരും പിന്നെ അറബ് രാജ്യങ്ങളും വാഴുന്ന ലോകത്താണ് ഇന്ത്യന്‍ താരങ്ങള്‍ മികവ് കാട്ടിയത്. 1989 ല്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ 22 മെഡലുകളായിരുന്നു ഇത് വരെ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടമെങ്കില്‍ ഭുവനേശ്വറില്‍ ഇന്ത്യ തുടക്കം മുതല്‍ കരുത്ത് കാട്ടിയിരുന്നു. മല്‍സരത്തിന്റെ ആദ്യ ദിവസം വനിതകളുടെ ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗര്‍ തുടക്കമിട്ട സ്വര്‍ണ വേട്ടയാണ് ഇന്നലെ അവസാന ദിവസത്തിലും നമ്മുടെ താരങ്ങള്‍ തുടര്‍ന്നത്. അവസാന ദിവസത്തില്‍ വനിതകളുടെ 800 മീറ്ററില്‍ കേരളത്തിന്റെ അഭിമാനമായ ടിന്റു ലൂക്ക പരുക്കില്‍ പിന്മാറിയെങ്കിലും അര്‍ച്ചന ആദവ് സ്വര്‍ണം നേടിയാണ് ഇന്ത്യന്‍ കുതിപ്പിന് ഗോള്‍ഡന്‍ ഫിനിഷ് നല്‍കിയത്. ജി. ലക്ഷ്മണ്‍ എന്നതാരം ദീര്‍ഘദൂര മല്‍സരങ്ങളില്‍ രണ്ടാം സ്വര്‍ണവും നേടി കരുത്തനായി.
കേരളത്തിലെ കായിക കിതപ്പാണ് സമീപകാലത്തെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്തത്. പി.ടി ഉഷ എന്ന വിലാസത്തില്‍ മാത്രമാണ് ഇപ്പോഴും നമ്മള്‍ അറിയപ്പെടുന്നത്. ആ കുറവ് നികത്താന്‍ പ്രാപ്തരായ താരങ്ങളുണ്ടായിട്ടും അധികൃതരുടെ സമീപനത്തില്‍ നിരാശരായി എല്ലാവരും പകുതി വഴിയില്‍ കളിക്കളം വന്ന സാഹചര്യമായിരുന്നു. എന്നാല്‍ അതിനൊരു മറുപടിയാണ് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്. കേരളത്തിന്റെ താരങ്ങള്‍ ദേശീയ തലത്തില്‍ മാത്രമല്ല രാജ്യാന്തര തലത്തിലും അവരുടെ മികവ് പ്രകടിപ്പിച്ചിരിക്കുന്നു. പാലക്കാട്ടുകാരി പി.യു ചിത്ര ദീര്‍ഘദൂര ഇനങ്ങളില്‍ സ്‌ക്കൂള്‍തലം മുതല്‍ മികവ് പ്രകടിപ്പിക്കുന്ന താരമാണ്. സംസ്ഥാന സ്‌ക്കൂള്‍ മേളകളിലും പിന്നെ ദേശീയ സ്‌ക്കൂള്‍ മീറ്റിലുമെല്ലാം മികവ് പ്രകടിപ്പിച്ചാണ് രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായി ചിത്ര മാറിയത്. ഏഷ്യന്‍ മീറ്റിലേക്ക് വരുമ്പോള്‍ ഒരു മെഡല്‍ എന്നതായിരുന്നു ചിത്രയുടെ സ്വപ്‌നമെങ്കില്‍ അത് സ്വര്‍ണമായി വന്നു. ഈ നേട്ടത്തോടെ അടുത്ത മാസം ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനും ചിത്ര യോഗ്യത നേടി. സാധാരണക്കാരിയായ ഈ താരത്തിന് ഇനിയും ഒരു ജോലി നല്‍കാന്‍ നമ്മുടെ അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്ന സത്യം ഈ ഏഷ്യന്‍ നേട്ടത്തോടൊപ്പം ചേര്‍ത്തു വായിക്കണം. ഭുവനേശ്വറില്‍ സ്വര്‍ണം നേടിയപ്പോള്‍ ആശങ്കയോടെ ചിത്ര ചോദിച്ചത് തനിക്കൊരു ജോലി ഇനിയെങ്കിലും ലഭിക്കുമോ എന്നാണ്. പുരുഷന്മാരുടെ 400 മീറ്ററില്‍ കൊല്ലം നിലമേല്‍ സ്വദേശിയായ മുഹമ്മദ് അനസും സ്വര്‍ണ പ്രകടനം നടത്തിയത് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ്. 45.77 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. അതും ശക്തമായ മഴയില്‍ മല്‍സരിച്ചിട്ട്. റിയോ ഒളിംപിക്‌സ് ഉള്‍പ്പെടെ ഇന്ത്യയുടെ സമീപകാല കായിക ചരിത്രത്തില്‍ വലിയ സ്ഥാനം നേടിയ അനസിന് ഏഷ്യന്‍ തലത്തില്‍ ഇത് ആദ്യ സ്വര്‍ണമാണ്. ഇവരെ കൂടാതെ മലയാളി താരങ്ങളായ നീന, നയന ജെയിംസ്, ജാബിര്‍, ജിസ്‌ന മാത്യു,ടി.ഗോപി തുടങ്ങിയവരെല്ലാം സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയാണ് മല്‍സരിച്ചത്.
ഈ താരങ്ങളെ ഇനി നമ്മള്‍ സംരക്ഷിക്കണം. റിയോ ഒളിംപിക്‌സായിരുന്നു നമ്മുടെ മുന്നിലെ അവസാന ചിത്രം. റിയോയിലേക്ക് വലിയ സംഘത്തെ ഇന്ത്യ പറഞ്ഞയച്ചു. ആകെ ലഭിച്ചത് രണ്ടേ രണ്ട് മെഡലുകള്‍. പി.വി സിന്ധുവിന്റെ ബാഡ്മിന്റണ്‍ നേട്ടം ഉണ്ടായിരുന്നില്ലെങ്കില്‍ നാണക്കേടിന്റെ വലിയ കായികരൂപമായി ഇന്ത്യ മാറുമായിരുന്നു. റിയോ പതനത്തിന് ശേഷം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും കായികമന്ത്രാലയവും കാര്യമായ കായിക ഇടപെടലുകള്‍ നടത്തുന്നു എന്നതാണ് ശ്രദ്ധേയം. കായിക ്അസോസിയേഷനുകളുടെ തലപ്പത്ത് ഇരിക്കുന്ന വയോധികരെ പുറത്താക്കാനും ശക്തമായ ഇടപെടലുകള്‍ നടത്താനും ഭരണകൂടം തയ്യാറാവുമ്പോള്‍ അതിന്റെ മാറ്റം പ്രകടമാവും. കേരളത്തിലും ശക്തമായ ഇടപെടലുകള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും സര്‍ക്കാരും ശ്രമിക്കണം. കടലാസ് സംഘടനകളാണ് ഇവിടെ കായിക ഭരണം നടത്തുന്നത്. നമ്മുടെ താരങ്ങളെ സംരക്ഷിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും അടിസ്ഥാന കായിക സൗകര്യങ്ങള്‍ ഒരുക്കാനും എല്ലാവരും മുന്നോട്ട് വരണം. ഹരിയാനയും തമിഴ്‌നാടുമെല്ലാം ട്രാക്കില്‍ കുതിക്കുന്നത് സംസ്ഥാന ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയിലാണ്. ഹരിയാന ഇന്ത്യയുടെ കായിക ഖനിയാണിപ്പോള്‍. ഗുസ്തിയിലും ബോക്‌സിംഗിലും അവരുടെ ആധിപത്യം പ്രകടമാണ്. ഒരു കാലത്ത് ട്രാക്കില്‍ കേരളം ആരായിരുന്നോ അത് പോലെയാണിപ്പോള്‍ ബാഡ്മിന്റണില്‍ ആന്ധ്രയും ഗുസ്തിയിലും ബോക്‌സിംഗിലും ഹരിയാനയുമെല്ലാം. ഭുവനേശ്വറില്‍ വിജയം വരിച്ച മലയാളി താരങ്ങള്‍ക്ക് പാരിതോഷികങ്ങള്‍ നല്‍കി (കേവല പ്രഖ്യാപനമായിരിക്കരുത്) അവര്‍ക്ക് ജോലി ഉറപ്പാക്കി അവരെ സംരക്ഷിത താരങ്ങളായി മാറ്റണം.