X

അദ്വാനിയുടെ അഭിഭാഷകന്‍ മോദിയുടെയും

നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യന്‍ അറ്റോര്‍ണി ജനറലാകാന്‍ താല്‍പര്യമുള്ള അഭിഭാഷകര്‍ ഏറെയുണ്ട്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് താങ്കളുടെ പേരു പറഞ്ഞു കേള്‍ക്കുന്നല്ലോ എന്ന് കെ.കെ വേണുഗോപാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം തന്നെ അക്കാര്യം സൂചിപ്പിച്ചു. പലരുടെയും പേര് കേള്‍ക്കുന്നു. എന്നോട് അഭിപ്രായം ചോദിച്ചിരുന്നുവെന്നായിരുന്നു മറുപടി. ഗാന്ധിയനും കമ്മ്യൂണിസ്റ്റുമായ കെ. മാധവന്റെ സഹോദരനാണ് പ്രസിദ്ധ ബാരിസ്റ്റര്‍ എം.കെ നമ്പ്യാര്‍. അദ്ദേഹത്തിന്റെ പുത്രനാണ് അറ്റോര്‍ണി ജനറലാകുന്ന ഏറ്റവും മുതിര്‍ന്നയാള്‍. വയസ്സ് 86. അഞ്ചു വര്‍ഷം മുമ്പ് ചെന്നൈ ബാര്‍ അസോസിയേഷനു വേണ്ടി നടത്തിയ ഒരു അഭിമുഖത്തിലെ ചോദ്യം പ്രായത്തെ കവിയുന്ന ആരോഗ്യത്തെ കുറിച്ചായിരുന്നല്ലോ. ഭക്ഷണത്തിലെ മിതത്വവും വ്യായാമവുമാണ് രഹസ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരിലെ ചെറുകുന്നില്‍ വേരുള്ള വേണുഗോപാലിന്റെ കുടുംബം കാസര്‍ക്കോട് വഴി മംഗലാപുരത്തെത്തിയത് അച്ഛന്‍ എം.കെ നമ്പ്യാരുടെ കാലത്താണ്. മംഗലാപുരം ജില്ലാ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം ചെയ്തു വരികയായിരുന്നു അന്നേ പേരു കേട്ട ബാരിസ്റ്റര്‍ നമ്പ്യാര്‍. മക്കളില്‍ മൂന്നാമത്തെവനായ വേണുഗോപാലിന് നിയമത്തില്‍ വലിയ താല്‍പര്യം തോന്നാത്തതു കൊണ്ടാകാം മംഗലാപുരത്തെ സ്‌കൂള്‍ കോളജ് പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഊര്‍ജതന്ത്രത്തില്‍ ബി.എസ്‌സിക്ക് ചേര്‍ന്നു. പക്ഷെ നിയതി മറ്റൊന്നാണ് വേണുഗോപാലിന് വേണ്ടി കരുതിവെച്ചതെന്ന് വിചാരിക്കണം, അവസാന വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും എം.കെ മേനോന് അഭിഭാഷകനെന്ന നിലയില്‍ നിന്നു തിരിയാന്‍ സമയം കിട്ടാത്തത്ര തെരക്കിലായി. പ്രാക്ടീസ് മംഗലാപുരത്തുനിന്ന് മദിരാശിയിലേക്ക് മാറി. അക്കാലത്ത് ഏറ്റവും ശ്രദ്ധേയമായതാണ് എ.കെ ഗോപാലനും മദ്രാസ് സ്റ്റേറ്റും തമ്മിലെ ഭരണഘടനാ പ്രശ്‌നമുയര്‍ത്തിയ കേസ്. ഇത് കൈകാര്യം ചെയ്ത നമ്പ്യാര്‍ നിയമത്തിലെ അവസാന വാക്കെന്ന വിധം മാറി. തനിക്കൊരു സഹായി കുടുംബത്തില്‍ നിന്നു തന്നെ വേണമെന്ന് നമ്പ്യാര്‍ക്ക് തോന്നിയ അതേ സന്ദര്‍ഭത്തിലാണ് ബി.എസ്‌സി പരീക്ഷ എഴുതാനാവാതെ മകന്‍ നിന്നത്. ബെല്‍ഗാമിലെ രാജ ലഘം ഗൗഡ ലോ കോളജില്‍ മകനെ ചേര്‍ത്തി. അവിടെ ചേരാന്‍ ബിരുദം ആവശ്യമില്ലായിരുന്നു. കേവലം ഒരു അസുഖമാണ് ഇന്ത്യയിലെ ഭരണഘടനാ വിശാരദരിലൊരാളായി വളര്‍ന്ന കെ.കെ വേണുഗോപാലിന്റെ ജീവിതത്തിലെ വഴിത്തിരിവ്.
നിയമപഠനം പൂര്‍ത്തിയാക്കിയ വേണുഗോപാലിന് പിന്തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ആ നല്ല അവസരത്തെ കുറിച്ച് അദ്ദേഹം ഓര്‍ക്കുന്നു. അഭിഭാഷകനെന്ന നിലയില്‍ പിടിച്ചുനില്‍ക്കാന്‍ ഒരു ഗോഡ്ഫാദര്‍ അന്നത്തെ കാലത്ത് കൂടിയേ തീരുമായിരുന്നുള്ളൂ. അത് എനിക്ക് ഉണ്ടായിരുന്നു- അച്ഛന്‍. തീരാത്തത്ര കേസുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. രാവിലെ 7.30 മുതല്‍ അദ്ദേഹത്തിന്റെ ഓഫീസ് സജീവമാകുന്നതു കണ്ട് പരിചയിച്ചതിനാല്‍ അധ്വാനിക്കുക ജീവിതഭാഗമായി.
1954ല്‍ മൈസൂര്‍ ഹൈക്കോടതിയിലായിരുന്നു എന്റോള്‍ ചെയ്തത്. 1961ല്‍ അഡ്വക്കറ്റ് ആക്ട് നിലവില്‍ വന്നതോടെയാണ് ഏത് ഹൈക്കോടതിയില്‍ എന്റോള്‍ ചെയ്താലും ഏത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകനായി ഹാജരാവാമെന്ന വ്യവസ്ഥ വന്നത്. മദ്രാസ് ഹൈക്കോടതിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട ശേഷമായിരുന്നു രാജ്യ തലസ്ഥാനത്തേക്കുള്ള പറിച്ചുനടല്‍. എക്‌സ് സര്‍വീസ് മെന്‍ സൊസൈറ്റിക്ക് ബസ് പെര്‍മിറ്റ് കിട്ടാന്‍ ആര്‍.ടി.ഒക്ക് മുന്നില്‍ ഹാജരായിത്തുടങ്ങി. അത് ജയിച്ചപ്പോള്‍ ഇതേ ആവശ്യത്തിന് പലരും സമീപിച്ചു. ഇവരുടെ തന്നെ ആവശ്യത്തിനാണ് പിന്നീട് ഡല്‍ഹിയില്‍ പോയത്. ആദ്യം സുപ്രീംകോടതി അഭിഭാഷകര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കാനായി പോയെങ്കില്‍ പിന്നെ സ്വന്തം നിലയില്‍ ഹാജരായി.
1972 മാര്‍ച്ച് ആറിന് സീനിയര്‍ അഭിഭാഷകനായി. അതിനിടെ ജനതാ സര്‍ക്കാറിന്റെ കാലത്ത് അഡീഷനല്‍ സൊലിസിറ്റര്‍ ജനറലായി സേവനം അനുഷ്ഠിച്ചു. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റിലായ എ.ബി വാജ്‌പേയിക്കും അദ്വാനിക്കും വേണ്ടി ഹാജരായത് വേണുഗോപാലാണ്. അദ്വാനിക്കും മറ്റും വേണ്ടി ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി ഏര്‍പ്പെടുത്തിയ അഭിഭാഷകനായിരുന്നു ഇദ്ദേഹം. നിലവിലെ സൊലിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍, മുന്‍ സൊലിസിറ്റര്‍ ഹരീഷ് സാല്‍വെ തുടങ്ങിയവര്‍ക്കിടയില്‍നിന്ന് മുകുള്‍ രോഹ്തഗിക്ക് പിന്‍ഗാമിയെ കണ്ടെത്തിയപ്പോള്‍ കെ.കെ വേണുഗോപാലിന് നറുക്ക് വീഴാനിടയാക്കിയത് ഭരണകക്ഷിയുമായി നാലു പതിറ്റാണ്ടെങ്കിലും പിന്നിട്ട ബന്ധമായിരിക്കും. രാജ്യത്തെ പതിയെ പിടിമുറുക്കുന്ന ഫാഷിസത്തിന്റെ കാലത്ത് ജനത്തിന് തെല്ലെങ്കിലും പ്രാണവായു നല്‍കേണ്ട സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിയമോപദേഷ്ടാവായിരിക്കുക എളുപ്പമല്ല. ഭരണഘടന നിര്‍മാണ വേളയില്‍ വേണുഗോപാലിന്റെ വൈദഗ്ധ്യം ഭൂട്ടാന്‍ ഉപയോഗിക്കുകയുണ്ടായി. സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഒരു വേള വേണുഗോപാലിനെ പുറത്താക്കിയതാണ്. ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു വിഷയം. അഭിഭാഷക വൃത്തിയില്‍ തുടരുന്നവര്‍ക്കേ ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനാകൂ എന്ന സുപ്രീംകോടതി വിധിയായിരുന്നു പ്രശ്‌നം. പ്രാക്ടീസ് ചെയ്യാത്ത അസോസിയേഷന്‍ അംഗങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇത് നിരീക്ഷിക്കാന്‍ സുപ്രീംകോടതി വേണുഗോപാലടക്കം മൂന്നു പേരെ നിയോഗിച്ചു. ഇതില്‍ ക്ഷുഭിതരായ മുവായിരത്തോളം ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്താണ് പുറത്താക്കിയത്. കോടതി ഈ തീരുമാനം ചവറ്റുകുട്ടയില്‍ തള്ളിയെന്ന് പറയേണ്ടതില്ലല്ലോ. പദ്മഭൂഷണും പദ്മ വിഭൂഷണും നേടിയ വേണുഗോപാല്‍ ഫാഷിസത്തിന്റെ ജനങ്ങളുടെ നേര്‍ക്കുള്ള ചാട്ടുളിയായി മാറുകയാണെങ്കില്‍ ചരിത്രം അദ്ദേഹത്തെ ചവറ്റുകുട്ടിയില്‍ തള്ളും.

chandrika: