X

പൊതുമേഖലയെ പിറകോട്ടു വലിക്കരുത്

ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖല പാടെ സ്തംഭിച്ചിരിക്കുകയാണ്. സ്റ്റാറ്റിയൂട്ടറി റേഷന്‍ സംവിധാനത്തെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ ക്രിയാത്മക നടപടികള്‍ കൈക്കൊള്ളാത്ത സര്‍ക്കാര്‍ പൊതുവിപണിയിലെ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്നത് ആപത്കരമാണ്. നിയമസഭയില്‍ ഇക്കാര്യം ഉന്നയിക്കാന്‍ അവസരം നല്‍കാതെ, പ്രതിപക്ഷത്തിന്റെ വായമൂടിക്കെട്ടാനുള്ള മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഗുരുതരമായ പ്രത്യാഘാതം ക്ഷണിച്ചുവരുത്തുമെന്ന കാര്യം തീര്‍ച്ച. റേഷന്‍ കടകള്‍ അടച്ചിടുകയും വ്യാപാരികള്‍ സമര ഗോദയിലിറങ്ങുകയും ചെയ്ത സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത തേടി പൊതുചര്‍ച്ച നടത്തുന്നതിനു പകരം ഒളിച്ചോടുന്നത് ജനാധിപത്യ സര്‍ക്കാറിന്റെ മര്യാദയല്ല. കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലുണ്ടായ പ്രതിസന്ധിയേക്കാള്‍ തീക്ഷ്ണമായ അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത് മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി കൂടിയാണ്. എന്നാല്‍ പൊതുവിതരണ രംഗത്ത് പ്രയാസങ്ങളൊന്നുമില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും രംഗത്തെത്തിയത് ഏത് അടിസ്ഥാനത്തിലാണ്? റേഷന്‍ വ്യാപാരികളുടെ മാത്രം പ്രശ്‌നമായി ഇതിനെ ലഘൂകരിച്ചു കാണാനാവില്ല. വിദൂരമല്ലാത്ത ഭാവിയില്‍ കേരളം കൊടും പട്ടിണിയിലേക്കു നീങ്ങുന്നതു തടയാനുള്ള പ്രായോഗിക നിലപാട് രൂപീകരിക്കേണ്ട സമയമാണിത്. പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ചിത്രം കാണാതെ കണ്ണടച്ചു ഇരുട്ടാക്കാനുള്ള കുടിലതന്ത്രം പൊതുസമൂഹം അംഗീകരിക്കില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുതില്‍ ഇടതു സര്‍ക്കാര്‍ അക്ഷന്തവ്യമായ അലംഭാവം തുടര്‍ന്നതാണ് കേരളത്തിന്റെ കഞ്ഞിയില്‍ കല്ലുവീഴാന്‍ കാരണമായത്. മാത്രമല്ല, റേഷന്‍ വ്യാപാരികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കേന്ദ്ര വിഹിതം പുന:സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. റേഷന്‍ വിതരണത്തിലെ പാകപ്പിഴവുകള്‍ സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റത്തിന് അവസരമൊരുക്കുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു കിലോ അരിക്ക് അമ്പതു രൂപ വരെ എത്തി നില്‍ക്കുകയാണ്. ധനവകുപ്പും സിവില്‍ സപ്ലൈ വകുപ്പും തമ്മിലെ ചക്കളത്തിപ്പോരും വിഷയം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചിതിലൂടെയുള്ള നഷ്ടം നികത്താന്‍ ബദല്‍ സംവിധാനമൊരുക്കുന്നതിന് ധനകാര്യ വകുപ്പ് സഹകരിക്കുന്നില്ല. അധിക ബാധ്യത ഏറ്റെടുക്കാന്‍ തയാറല്ലെന്ന ധനകാര്യ വകുപ്പിന്റെ കടുംപിടുത്തമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നേരത്തെ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയ ഉറപ്പും ലംഘിക്കപ്പെട്ടിരിക്കുകയാണ്. ധനമന്ത്രിയുടെയും ഭക്ഷ്യ മന്ത്രിയുടെയും ഉറപ്പിന്‍മേല്‍ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരം താത്കാലികമായി അവസാനിപ്പിച്ചെങ്കിലും ഇവ്വിഷയത്തില്‍ സര്‍ക്കാറിന് പെട്ടെന്നു പ്രശ്‌ന പരിഹാരമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പ്.
ഭക്ഷ്യ സുരക്ഷാ നിയമം ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കുമെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടത്. ഫെബ്രുവരി മുതല്‍ അരിവിതരണം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നും സര്‍ക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നാലു മാസം മുമ്പത്തെ ഈ പ്രഖ്യാപനങ്ങള്‍ ഇപ്പോഴും ജലരേഖയായി കിടക്കുകയാണ്. പ്രയോറിറ്റി ലിസ്റ്റ് സംബന്ധമായ നടപടികള്‍ ഇതുവരെ സര്‍ക്കാറിന് പൂര്‍ത്തിയാക്കാനായിട്ടില്ല. അതിനാല്‍ ആവശ്യമായ റേഷന്‍ വിഭവങ്ങളുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാറിന് നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ഏപ്രില്‍ ഒുന്നു മുതല്‍ കേന്ദ്ര വിഹിതം വെട്ടിക്കുറക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും ഇത് ഗൗരവമായി കണ്ട് നടപടികള്‍ വേഗത്തിലാക്കാതെ ഗുരുതരമായ വീഴ്ച വരുത്തുകയായിരുന്നു സര്‍ക്കാര്‍.
എ.പി.എല്‍ കാര്‍ഡുഡമകളുടെ അരി വിഹിതം വെ’ിക്കുറക്കുക മാത്രമല്ല, ബി.പി.എല്ലുകാര്‍ക്ക് പ്രതിമാസം ലഭിക്കു 25 കിലോ അരി 17.5 കിലോയായി കുറക്കുമെന്നും കേന്ദ്രം മുറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പുറമെ എ.പി.എല്‍ സബ്‌സിഡിക്കാര്‍ക്കും അല്ലാത്തവര്‍ക്കുമുള്ള അരിവിഹിതത്തിലും നേര്‍പകുതി കുറവ് വരത്തുമെന്ന് അറിയിച്ചതാണ്. ബി.പി.എല്‍ കാര്‍ഡിലെ ഗോതമ്പിന്റെ അളവ് അഞ്ചു കിലോയില്‍ നിന്ന് 3.65 കിലോയായി കുറക്കാനും തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ സജീവമായ ഇടപെടലുകളുണ്ടാകുമെന്ന് വലിയ വായയില്‍ വീമ്പു പറഞ്ഞ വകുപ്പ് മന്ത്രി ഇപ്പോള്‍ ഉരുണ്ടുകളിക്കുത് കുറ്റകരമായ കൃത്യവിലോപമാണ്. റേഷന്‍ കടകളുടെ എണ്ണം കുറക്കാനുള്ള നീക്കം ഇതിനിടെ നടക്കുന്നുവെന്നത് ആശങ്കയോടെ കാണേണ്ട കാര്യമാണ്. സപ്ലൈകോക്ക് വേണ്ടി അര്‍ഹമായ വിഹിതം ബജറ്റില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ വരാനിരിക്കുന്ന അപകടത്തിന്റെ മണം വ്യക്തമായിരുന്നു. കേരളത്തിന്റെ മണ്ണെണ്ണ വിഹതം ഗണ്യമായ തോതില്‍ വെട്ടിക്കുറച്ചപ്പോള്‍ പ്രതികരണത്തിന്റെ ഒരക്ഷരം പോലും ഉരിയാടാത്ത സര്‍ക്കാറാണിത്. മറ്റു സംസ്ഥാനങ്ങളൊന്നും ഇത്തരം കടുത്ത അവഗണന നേരിടുന്നില്ല എന്ന കാര്യം ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ ചിറ്റമ്മ നയവും സംസ്ഥാന സര്‍ക്കാറിന്റെ നിഷ്‌ക്രിയത്വവുമാണ് പൊതുവിതരണ മേഖല നിശ്ചലമായതിന്റെ മുഖ്യകാരണങ്ങള്‍. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാനുള്ള അവസാന കടലാസു പണികളും പൂര്‍ത്തീകരിച്ചാണ് യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമൊഴിഞ്ഞത്. എന്നാല്‍ അവിടിന്നിങ്ങോട്ട് ഇതു വരെ സ്‌ക്രിയമായ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായില്ല. പ്രയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചതാണ് എടുത്തുപറയാനുള്ള ഒരേയൊരു പ്രവര്‍ത്തനം. ഇതുതന്നെ അപാകതകളുടെ കൂത്തരങ്ങായി മാറി എന്നതാണ് വാസ്തവം. ഇപ്പോഴും അപാകതകള്‍ പരിഹരിച്ച് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാറിന് സാധ്യമായിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ദിവസം പോലും റേഷന്‍ വിതരണം മുടങ്ങിയിട്ടില്ല. ഭക്ഷ്യ സുരക്ഷാ പദ്ധതിയെ സര്‍ക്കാര്‍ വീഴ്ചകളുടെ മറപടിക്കാനുള്ള ശ്രമം പൊതുജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും. രാജ്യത്തെ 2 കോടി ജനങ്ങള്‍ക്ക് പ്രത്യക്ഷമായും അതിലേറെ പേര്‍ക്ക് പരോക്ഷമായും പ്രയോജനം ചെയ്യുന്ന ഭക്ഷ്യ സുരക്ഷാ നിയമം കേരളത്തിന് മാത്രം സങ്കീര്‍ണമാണെ് പറയുന്നതില്‍ അര്‍ഥമില്ല. നടപടിക്രമങ്ങളിലെ സങ്കീര്‍ണത ചൂണ്ടിക്കാട്ടി പദ്ധതിയെ പിറകോട്ടു വലിക്കാനുള്ള നീക്കം കേരളത്തിന്റെ കഞ്ഞികുടി മുട്ടിക്കുമെന്ന തിരിച്ചറിവാണ് സര്‍ക്കാറിനു വേണ്ടത്.

chandrika: