X

സര്‍ക്കാര്‍ നാടകം കളിക്കരുത്


തിരുവനന്തപുരത്തെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്റെ അപകട മരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാനുള്ള തത്രപ്പാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ഉന്നതരുടെ മൂക്കിന് താഴെ നടന്ന അപകടം ചിലരെ രക്ഷപ്പെടുത്താനുള്ള വഴിയായാണ് സര്‍ക്കാര്‍ കാണുന്നത്. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ മേധാവി കെ.എം ബഷീറിനെ അര്‍ധ രാത്രി കാറിടിച്ച് കൊലപ്പെടുത്തിയത്. കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി അനുവദിച്ചിരിക്കുന്നു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും പൊലീസും കരുതിക്കൂട്ടി പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നാണ് സംഭവത്തിന്റെ നാള്‍വഴികള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. അര്‍ധരാത്രി ഒരുമണിയോടെ നടന്ന അപകടം വൈകാതെ തന്നെ പൊലീസ് നേരില്‍ കണ്ടിട്ടും പ്രതിയുടെ വിശദാംശങ്ങള്‍ പരിശോധിക്കാനോ തക്ക ശിക്ഷാനടപടി വാങ്ങിക്കൊടുക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എല്ലാവിധ സൗകര്യങ്ങളും പ്രതിക്ക് ഒരുക്കികൊടുക്കാനാണ് പൊലീസ് മെനക്കെട്ടിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിക്കുന്ന പതിവ് നയം തന്നെയാണ് ഇവിടെയും വ്യക്തമായിരിക്കുന്നത്. പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധിക്കാന്‍ കാലതാമസം നേരിട്ടതിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. പൊലീസിനെതിരെ മാത്രമല്ല സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് എതിരെയും മുഖ്യമന്ത്രിക്കെതിരെയും കൂടിയാണ് ഈ വിമര്‍ശനം.
പ്രതി ശ്രീരാം വെങ്കിട്ടരാമന്‍ അമിതമായി മദ്യപിച്ചും അമിതവേഗതയിലുമാണ് കാറോടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതിയും ഓട്ടോ ഡ്രൈവറുമടക്കം നാലുപേര്‍ സാക്ഷിമൊഴികള്‍ നല്‍കിയിട്ടുണ്ട്്. മണിക്കൂറുകള്‍ക്കകം രക്തസാമ്പിള്‍ പരിശോധിച്ച് പ്രതി മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട പൊലീസ് അക്ഷന്തവ്യമായ അപരാധമാണ് കേസിന്റെ കാര്യത്തില്‍ കാണിച്ചിട്ടുള്ളത്. ഉന്നതരുടെ ഇടപെടല്‍ പൊലീസിനുമേല്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. യുവതിയെ തല്‍ക്ഷണം തന്നെ സ്ഥലത്ത്‌നിന്ന് പറഞ്ഞുവിടാനും പ്രതി ശ്രീരാമിന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സക്ക് സൗകര്യം ഒരുക്കികൊടുക്കാനും ഉന്നതതലത്തില്‍ നീക്കം നടന്നതായാണ് വ്യക്തമായിരിക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ കാര്യത്തില്‍ ഈ നിലപാടാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സ്വീകരിക്കുന്നതെങ്കില്‍ സാധാരണക്കാരുടെ കാര്യം പിന്നെ പറയാനുണ്ടോ. 2016 ഒക്ടോബറില്‍ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റത്തിന് പൊലീസ് പിടികൂടി ലോക്കപ്പിലിട്ട പ്രതി പൊലീസ് മര്‍ദ്ദനത്തില്‍ മരിക്കാനിടയായത് ഈ അവസരത്തില്‍ ആലോചനാമൃതമാണ്. ആരാണ് പൊലീസിന്റെ കൈകള്‍ക്ക് വിലങ്ങിട്ടിരിക്കുന്നതെന്ന് കഴിഞ്ഞ കുറച്ചുകാലമായി ലോക്കപ്പ് മരണമടക്കം പൊലീസിനെതിരെ നടക്കുന്ന വിവാദങ്ങളും ആരോപണങ്ങളും ജനങ്ങള്‍ക്ക് വ്യക്തമാക്കി തന്നിട്ടുണ്ട്. ഓരോ സംഭവം നടക്കുമ്പോഴും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓരോന്നിനെയും ഒറ്റപ്പെട്ട സംഭവമായി വ്യാഖ്യാനിക്കുകയാണ് ചെയ്തുവരുന്നത്. ഇന്നലെയും ഇദ്ദേഹം അതുതന്നെയാണ് ആവര്‍ത്തിച്ചത്. ബഷീറിന്റെ മരണത്തിന് കാരണക്കാരായവര്‍ ഏത് ഉന്നതനായിരുന്നാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി താഴെ പറയുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ സാങ്കേതികമായും ധാര്‍മികമായും ബാധ്യസ്ഥനാണ്.
പ്രതി ഉന്നതനായ ഐ.ഐ.എസ് ഉദ്യോഗസ്ഥന്‍ ആയതാണോ അദ്ദേഹത്തിന്റെ രക്തസാമ്പിള്‍ 9 മണിക്കൂര്‍ കഴിഞ്ഞ് പരിശോധനക്കെടുക്കാന്‍ പൊലീസ് തയ്യാറായതിന് കാരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഗവര്‍ണറും മുഖ്യമന്ത്രിയും മറ്റു ഉന്നതരും താമസിക്കുന്ന മേഖലയിലാണ് മദ്യപാന പാര്‍ട്ടിയില്‍ പങ്കെടുത്ത് രാത്രി പാതി അബോധാവസ്ഥയില്‍ കാറോടിച്ചത്. വഴിയില്‍ ബൈക്കുമായി നിന്ന ബഷീറിന് നേരെ ചെന്നിടിക്കുകയായിരുന്നു. എന്നിട്ടും പ്രതിക്ക് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ ലഭിക്കാന്‍ ഇടയായത് എന്തുകൊണ്ടായിരുന്നു. കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തിട്ടും സ്വകാര്യ ആസ്പത്രിയില്‍ തന്നെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ആഡംബര മുറിയില്‍ ചികിത്സ തുടര്‍ന്നത്. വീണ്ടും കോടതി ഇടപെട്ടപ്പോഴാണ് ജയിലിലേക്ക് മാറ്റിയതെങ്കിലും അവിടെയും ഉന്നതരില്‍ ചിലര്‍ ഇടപെട്ട് സര്‍ക്കാര്‍ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. ബഷീറിനെ അപകടശേഷം താങ്ങിയെടുത്ത് രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമന്‍ എങ്ങിനെയാണ് രണ്ടു ദിവസത്തിനകംതന്നെ തീര്‍ത്തും അവശനിലയില്‍ ആംബുലന്‍സില്‍ കിടന്ന് ജയിലിലേക്ക് എത്തിയതെന്ന് പൊലീസിന്റെ ഉന്നതരും ഭരണക്കാരും വ്യക്തമാക്കണം. ജനങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കബളിപ്പിക്കുന്ന ഈ നാടകത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നല്ലേ അര്‍ത്ഥം. അതല്ല സര്‍ക്കാരും മുഖ്യമന്ത്രിയും മറ്റും അറിഞ്ഞുകൊണ്ടല്ല ഈ നാടകമെങ്കില്‍ സര്‍ക്കാരിന് മേലെയാണോ കേരളത്തിലെ ഉദ്യോഗസ്ഥവൃന്ദം എന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം. ശ്രീറാമിനെ സസ്‌പെന്റ് ചെയ്‌തെങ്കിലും പ്രതിയെ രക്ഷപ്പെടുത്താന്‍ സഹായിച്ച എസ്.ഐ ജയപ്രകാശിനെതിരെ നടപടിയെടുക്കാനും കേസെടുക്കാനും ഇനിയും സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കാത്തത് എന്തുകൊണ്ടാണ്.
സംസ്ഥാനത്ത് നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ഉയര്‍ന്നുവന്നിരിക്കുന്നത്. വരാപ്പുഴ, നെടുങ്കണ്ടം തുടങ്ങിയ കസ്റ്റഡി മരണങ്ങളിലെ പൊലീസിന്റെ കുറ്റകരമായ ക്രിമിനലിസം തടയുന്നതിനോ അവര്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനോ തയ്യാറാവാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മറിച്ച് പൊലീസിലെ ക്രിമിനലുകള്‍ക്ക് താങ്ങും തണലും ഉദ്യോഗക്കയറ്റവും ഇഷ്ടപ്പെട്ട ലാവണവും നല്‍കി ആശീര്‍വദിക്കുകയാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്യുന്നത്. സര്‍ക്കാരിന്റെ ഇതപര്യന്തമായ നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ സാധാരണ പൗരന്മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൗരാവകാശ പ്രവര്‍ത്തകര്‍ക്കുമൊക്കെ കടുത്ത പീഡനമാണ് വരുത്തിവെക്കുന്നതെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി അവരുടെ കൃത്യനിര്‍വഹണത്തെ അവഹേളിക്കുന്ന വിധം ‘കടക്കൂ പുറത്ത്’ എന്ന് ആക്ഷേപിച്ച മുഖ്യമന്ത്രിയാണ് കേരളത്തിന് ഇന്നുള്ളത്. അദ്ദേഹത്തില്‍ നിന്ന് ഒരു മാധ്യമപ്രവര്‍ത്തകന്റെ കേരളത്തിലെ ദാരുണാന്ത്യത്തിന് ഇടവരുത്തിയ സംഭവത്തിലെ പ്രതിക്ക് അര്‍ഹമായതും ന്യായമായതുമായ ശിക്ഷ വാങ്ങിച്ചുകൊടുക്കാന്‍ കഴിയുമെന്ന് ധരിക്കുന്നത് സാമാന്യമായി മൗഢ്യമാകും. പത്രപ്രവര്‍ത്തക സമൂഹത്തെ അവഹേളിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്നതെങ്കില്‍ കടുത്ത പ്രതിഷേധത്തെയാണ് സര്‍ക്കാരിന് നേരിടേണ്ടിവരിക.
സാമൂഹ്യമാധ്യമങ്ങളിലെ മാര്‍ക്്‌സിസ്റ്റ് സഖാക്കളുടെ മാധ്യമവിരുദ്ധ നിലപാടാണ് ഇടതുമുന്നണി സര്‍ക്കാരിനുമുള്ളതെന്ന് സംശയിക്കുന്നവര്‍ക്ക് മതിയായ മറുപടി നല്‍കാന്‍ സര്‍ക്കാരും സി.പി.എമ്മും ആര്‍ജവം കാട്ടണം. അതല്ലാതെ എന്തെങ്കിലും ചെയ്‌തെന്ന് വരുത്തി പ്രശ്‌നത്തില്‍നിന്നും തടിയൂരാനാണ് ഭാവമെങ്കില്‍ ജനങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കടുത്ത പ്രതിഷേധത്തെയാവും സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തുക.

web desk 1: