സ്വാശ്രയ കോളജുകളിലെ കുത്തനെ കൂട്ടിയ ഫീസ് കുറക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിപക്ഷത്തിന്റെയും ആവശ്യത്തിന്മേല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും കൈക്കൊണ്ട സമീപനം ഒറ്റവാക്കില്‍, പരിഹാസ്യമായിപ്പോയി. ഫീസ് കുറക്കുകയും യു.ഡി.എഫിന്റെ പ്രഥമ സമരം വിജയിക്കുകയും ചെയ്താല്‍ തങ്ങള്‍ക്കുണ്ടാകുന്ന മാനഹാനി ഭയന്നായിരുന്നു സര്‍ക്കാരിന്റെ ഈ നിലപാട്. അഞ്ച് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തില്‍ എട്ടു ദിവസത്തോളം നിരാഹാരം അനുഷ്ഠിച്ചിട്ടും സമരത്തോട് സര്‍ക്കാര്‍ ഒരു വിധ അനുഭാവവും കാട്ടിയില്ലെന്ന് മാത്രമല്ല, ഫീസ് കുറക്കാമെന്ന കോളജ് മാനേജ്‌മെന്റുകളുടെ സമീപനത്തോടു പോലും മുഖം തിരിഞ്ഞുനില്‍ക്കുകയായിരുന്നു.
പതിനാലാം നിയമസഭയുടെ 29 ദിവസത്തെ ആദ്യ സമ്മേളനം ഇതുവരെയും ഒരു വിധത്തിലും നടത്താനാവാതെ ഒരു ദിവസത്തെ നടപടി ഒഴിവാക്കി ഇന്നലെ നിര്‍ത്തിവെക്കേണ്ടിവന്നു. 11 ദിവസത്തെ അവധി കഴിഞ്ഞേ സഭ ഇനി പുനരാരംഭിക്കൂ എന്നതുകൊണ്ട് പ്രതിപക്ഷം നിരാഹാര സമരം അവസാനിപ്പിച്ചിരിക്കുകയാണ്. എങ്കിലും പുറത്ത് സമരം ഊര്‍ജിതമാക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇന്നലെയും പലയിടത്തും യുവജന സംഘടനകളുടെ മാര്‍ച്ചിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നു സര്‍ക്കാര്‍. യൂത്ത് കോണ്‍ഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളെ പോലും പൊലീസ് തല്ലിച്ചതച്ചു.
ഒരു മാസത്തോളം നീണ്ട പ്രതിപക്ഷ സംഘടനകളുടെ സമരം തീരാന്‍ മണിക്കൂറുകള്‍ മാത്രമേയുള്ളൂ എന്ന ഘട്ടത്തിലാണ് സര്‍ക്കാരിന്റെ നിസ്സംഗതയും ദുരഭിമാനവും പിടിവാശിയും കൊണ്ട് ഇത്തരമൊരു സ്ഥിതിയിലെത്തിയത്. വര്‍ധിപ്പിച്ച ഫീസ് കുറക്കാന്‍ തയ്യാറാണെന്നാണ് മാനേജ്‌മെന്റ് പ്രതിനിധിയും എം.ഇ.എസ് പ്രസിഡണ്ടുമായ ഡോ. ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തിയത്. ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് മറ്റു ചില മാനേജ്‌മെന്റുകളും സര്‍ക്കാരുമായൊരു ചര്‍ച്ചക്ക് തയ്യാറായി മുന്നോട്ടുവന്നു. പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും ഫീസ് കുറക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത്.
ഇതിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരസ്യമായി ശ്ലാഘിക്കുകയും ചെയ്തു. ഇതനുസരിച്ച് ചൊവ്വാഴ്ച ഉച്ചയോടെ നടന്ന സര്‍ക്കാര്‍-മാനേജ്‌മെന്റ് അസോസിയേഷന്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയും മറ്റും കൈക്കൊണ്ട നിലപാട് ഉത്തരവാദപ്പെട്ട ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും യോജിച്ചതായില്ല. ഫീസ് കുറക്കാന്‍ തയ്യാറായി നിന്ന മാനേജ്‌മെന്റുകളോട് സാങ്കേതിക രീതിയില്‍ ഒരു മധ്യസ്ഥന്റെ റോളിലായിരുന്നു മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സമീപനം.
താന്‍ മാനേജ്‌മെന്റ് പ്രതിനിധികളോട് എന്തെങ്കിലും നിര്‍ദേശമുണ്ടോ എന്ന് ചോദിച്ചെന്നും അവര്‍ ഇല്ലെന്ന് പറഞ്ഞെന്നുമുള്ള നിഷേധാത്മാകവും നിസ്സംഗത നിറഞ്ഞതുമായ വിശദീകരണമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷവും സ്വകാര്യ മാനേജ്‌മെന്റുകളും തമ്മില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ഒരു എക്‌സിക്യൂട്ടീവ് കൈക്കൊള്ളേണ്ട രീതിയാണോ ഇത്. അതും ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ? സ്വകാര്യ ബസ്സുകളുടെയുള്‍പ്പെടെ ചാര്‍ജ് വര്‍ധന കാര്യത്തില്‍ സര്‍ക്കാര്‍ ഇത്തരം നിലപാടെടുത്താലത്തെ അവസ്ഥയെന്തായിരിക്കും.
മാനേജ്‌മെന്റ് പ്രതിനിധികളെ മന്ത്രി തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷം ഒന്നും പറയാതെ അപമാനിച്ചു വിടുകയായിരുന്നുവോ. അതോ ഇരു വിഭാഗവും ചേര്‍ന്ന് പ്രതിപക്ഷത്തെയും ജനങ്ങളെയും കബളിപ്പിക്കുകയായിരുന്നോ? ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി നേടിയ മാനേജ്‌മെന്റുകള്‍ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കാതിരുന്നതിനാലും, ഒറ്റയടിക്ക് മെറിറ്റ് സീറ്റില്‍ മാത്രം 65000 രൂപ വര്‍ധിപ്പിക്കാന്‍ കരാറുണ്ടാക്കിയതിനാലും തുടക്കത്തില്‍ തന്നെ കോളജ് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന പരാതി നിലനിന്നിരുന്നു.
ഏറ്റവുമൊടുവില്‍ സര്‍ക്കാരുമായി കരാറില്‍ ഒപ്പിടാതിരുന്ന രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് ഇഷ്ടം പോലെ ഫീസ് വാങ്ങാന്‍ അനുമതി നല്‍കി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം മെഡി. കോളജില്‍ പോലും ഫീസ് കുറക്കാതിരിക്കുന്നതിന്റെ പിന്നിലെന്താണ് ?മുന്‍കാലങ്ങളില്‍ സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയത്തെതന്നെ പല്ലും നഖവുമായി എതിര്‍ത്തിരുന്ന സി.പി.എമ്മിന് സാമാജികരുടെ നിരാഹാര സമരവും നിയമസഭക്കകത്തെ പ്രതിപക്ഷ നിസ്സഹകരണവും പുറത്ത് യുവജന സംഘടനകളുടെ സമരവും കൂടിയായതോടെ നില്‍ക്കക്കള്ളിയില്ലാതാകുകയായിരുന്നു.
ഇടതുപക്ഷ മുന്നണിയോ സര്‍ക്കാരിലെ മറ്റാരെങ്കിലുമോ ഒത്തുതീര്‍പ്പിന് മുന്നിട്ടിറങ്ങിയതുമില്ല. മുഖ്യമന്ത്രിയാകട്ടെ സഭയിലും പുറത്തും സമരത്തെ കണക്കറ്റ് പരിഹസിക്കുകയും മാധ്യമ പ്രവര്‍ത്തകരെ പോലും പ്രതിപക്ഷത്തിന്റെ വക്കാലത്തുകാരായി ആക്ഷേപിക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റെ നാലുമാസത്തെ കൊട്ടിഗ്‌ഘോഷിച്ച ഭരണ മാഹാത്മ്യമെല്ലാം ജലരേഖയായി. ഫീസ് കുറക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന് മുറവിളികൂട്ടി ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണലായെന്ന് ദുരഭിമാനം കൊള്ളുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍. കണ്ണടച്ച് സ്വയം ഇരുട്ടില്‍ കഴിയലാണിത്. അണികളുടെ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രിയുടെ അവധാനതയും ഭരണ പരാജയവുമാണ് ഇത് വെളിവാക്കുന്നത്.
വിദ്യാര്‍ഥികള്‍ മാത്രമല്ല, പൊതുജനമാകെയും സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് വാദിച്ചുതുടങ്ങിയ ഘട്ടത്തിലാണ് പലപ്പോഴും ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്താറുള്ള ഡോ. ഫസല്‍ ഗഫൂര്‍ തന്നെ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെ മാനേജ്‌മെന്റുകള്‍ ആവശ്യപ്പെടാത്തത്ര ഫീസാണ് സര്‍ക്കാര്‍ അവര്‍ക്ക് ചാര്‍ത്തിക്കൊടുത്തതെന്ന സത്യം പകല്‍പോലെ വ്യക്തമായി. ഇടതുപക്ഷമുന്നണിയിലെ ഘടക കക്ഷിയായ സി.പി.ഐ പോലും കരാറിനെക്കുറിച്ച് അറിഞ്ഞില്ലെന്ന് പറയുന്നു.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ നിസ്സഹകരണ സമരം ഒരു ഗാന്ധിയന്‍ സമര രീതിയായിരുന്നു. സത്യഗ്രഹത്തിലൂടെ എതിരാളിയുടെ ആത്മാവ് കീഴടക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് മഹാത്മാവ് പറയുന്നു. എന്നാല്‍ അധികാര പ്രമത്തതയാല്‍ അക്രമം കൊണ്ടും മെഗലോമാനിയയിലെത്തുന്ന അഹമ്മതി കൊണ്ടും ആത്മാവ് തന്നെ നഷ്ടപ്പെട്ട ഭരണാധികാരികള്‍ക്ക് മുന്നില്‍ ഗാന്ധിജിയുടെ അഹിംസക്കെന്ത് പ്രസക്തി! വേദിയില്‍ മയങ്ങിപ്പോയതിന് വൈസ് പ്രസിഡണ്ടിനെ വെടിവെച്ചുകൊലപ്പെടുത്തിയ ഉത്തരകൊറിയന്‍ ഏകഛത്രാധിപതികളെ അനുസ്മരിപ്പിക്കുകയാണ് കേരളത്തിലെ സമകാല ഭരണക്കാര്‍.
അല്ലെങ്കില്‍, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് നിയമസഭാ സാമാജികര്‍ എട്ടുദിവസത്തോളം തങ്ങളുടെ മൂക്കിന് മുന്നില്‍ പട്ടിണി കിടന്നിട്ടും അവരെ ഒന്നുതിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കാതെ അധികാര ശീതളിമയില്‍ ശങ്കയേതുമില്ലാതെ ഉണ്ടുറങ്ങിയ ഭരണക്കാര്‍ അവരുടെ ജീവന്‍ തങ്ങള്‍ക്കൊരു പ്രശ്‌നവുമല്ലെന്ന് ജനങ്ങളോട് പ്രഖ്യാപിക്കുകയായിരുന്നു. എം.എല്‍.എമാരെ സന്ദര്‍ശിച്ച മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ പോലും വിരട്ടി പ്രസ്താവന പിന്‍വലിപ്പിച്ചു. ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് മറഞ്ഞ സോവിയറ്റ് കമ്യൂണിസ്റ്റ് തലവന്‍ ജോസഫ് സ്റ്റാലിനെയും ഖമര്‍റൂഷ് ഏകാധിപതി പോള്‍പോട്ടിനെയും ഓര്‍മ്മിപ്പിക്കുകയാണോ ജനാധിപത്യ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിലെ ചിലര്‍ ? ജനങ്ങളല്ല സര്‍ക്കാരിനെ ഭയപ്പെടേണ്ടത്, ജനങ്ങളെ സര്‍ക്കാരുകളാണ് ഭയപ്പെടേണ്ടത് എന്ന ബ്രിട്ടീഷ് ചിന്തകന്‍ അലന്‍ മൂറെയുടെ വാചകം ഇവിടെ ചിലരെ ഓര്‍മിപ്പിക്കട്ടെ.