X

കട്ടുറുമ്പ്

സത്യാനന്തരമെന്ന കലികാലത്തോടൊപ്പം സ്ത്രീശാക്തീകരണകാലം കൂടിയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ്ട്രംപും ഇസ്രാഈലില്‍ നെതന്യാഹുവും ഇന്ത്യയില്‍ നരേന്ദ്രമോദിയും രാഷ്ട്രഭരണചക്രങ്ങള്‍ തിരിക്കുമ്പോള്‍ തന്നെയാണ് ലോകത്ത് പലയിടത്തും വനിതകള്‍ അധികാരതുംഗങ്ങളില്‍ അവരോധിതരായിരിക്കുന്നത്. ഇത്തരമൊരു വനിതയാണ് അമേരിക്കയുടെ ജനപ്രതിനിധിസഭയായ കോണ്‍ഗ്രസിന്റെ സ്പീക്കറായ നാന്‍സി പെലോസി. കാലാവസ്ഥാസംരക്ഷണപ്രചാരക സ്വീഡിഷ്‌കാരി ഗ്രേറ്റ തുന്‍ബെര്‍ഗിനെപോലെ നാന്‍സിയും കഴിഞ്ഞയാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തുകയുണ്ടായി. പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപിനെ പുറത്താക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നടപടിക്ക് -ഇംപീച്‌മെന്റ്-അനുമതി നല്‍കിയിരിക്കുകയാണ് നാന്‍സിപെലോസി.

സെപ്തംബര്‍ 24നാണ് നാന്‍സി ട്രംപിനെതിരെ ഇംപീച്‌മെന്റിന് അനുമതി നല്‍കുന്നതായി അറിയിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരായ ജനപ്രതിനിധികളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് സ്പീക്കറുടെ അനുമതി. പലനാള്‍ കള്ളന്‍ ഒരുനാള്‍ അകപ്പെടുമെന്ന് പറഞ്ഞതുപോലെ ഉക്രൈനിലെ രാഷ്ട്രത്തലവുമായി നിയമം ലംഘിച്ച് നടത്തിയ സംഭാഷണത്തിനാണ് ജനപ്രതിനിധിസഭയുടെ ഇംപീച്‌മെന്റ് ഭീഷണി. സഭയില്‍ ഭൂരിപക്ഷംപേരും ഇംപീച്‌മെന്റിനെ അനുകൂലിച്ചാല്‍ സ്ഥാനമൊഴിയാന്‍ മാസങ്ങള്‍ മാത്രമിരിക്കെ ലോകത്തെ ഏറ്റവും വലിയ അധികാരക്കസേരയില്‍നിന്ന് ട്രംപിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരും. അമേരിക്കയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പ്രസിഡന്റ് ഇംപീച്‌മെന്റ് നേരിടുന്നത്. പ്രസിഡന്റ് ക്ലിന്റനായിരുന്നു ഇംപീച്‌മെന്റിന് വിധേയനായി പുറത്തുപോകേണ്ടിവന്നയാള്‍. ലൈംഗികാപവാദക്കേസിലായിരുന്നു ഇത്. ഇദ്ദേഹത്തിന്റെ ഭാര്യ ഹിലരിയടങ്ങുന്ന ഡെമോക്രാറ്റുകളാണ് ഇപ്പോള്‍ ട്രംപിനെതിരെ ഇംപീച്‌മെന്റിന് നടപടിയാരംഭിച്ചിട്ടുള്ളതെന്നതും കൗതുകകരമാണ്. കഴിഞ്ഞ വര്‍ഷംനടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചതോടെയാണ് നാന്‍സി സ്പീക്കറാകുന്നത്.

ഇത് രണ്ടാം തവണയാണ് നാന്‍സിപെലോസി അമ്പത്തിരണ്ടാമത്തെ യു.എസ് സ്പീക്കര്‍ പദവിയിലെത്തുന്നത്. മുമ്പ് 2007 മുതല്‍ 2011 വരെയായിരുന്നു സ്പീക്കര്‍ പദവിയിലിരുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരാള്‍ രണ്ടാം തവണ സ്പീക്കറാകുന്നത്. വനിതയാകട്ടെ ആദ്യവും. പ്രോട്ടോകോള്‍ പ്രകാരം പ്രസിഡന്റും വൈസ്പ്രസിഡന്റും കഴിഞ്ഞ് മൂന്നാം സ്ഥാനമാണ് സ്പീക്കര്‍ക്കുള്ളത്. സാന്‍ഫ്രാന്‍സിസ്‌കോ പ്രവിശ്യയിലെയും കാലിഫോര്‍ണിയയിലും നിന്നടക്കം ഇത്് 17-ാംതവണയാണ് കോണ്‍ഗ്രസിലേക്ക് നാന്‍സിപെലോസി തെരഞ്ഞെടുക്കപ്പെടുന്നത്. 1983 ജൂണിലായിരുന്നു ആദ്യ മല്‍സരം. അന്ന് നേരിയ ഭൂരിപക്ഷത്തിനായിരുന്നു വിജയം. 1988, 90, 92 വര്‍ഷങ്ങളില്‍ നാന്‍സിയുടെ ജനപ്രിയത പതിന്മടങ്ങ് വര്‍ധിച്ചു. 32 ല്‍നിന്ന് ഇത് 80 ശതമാനം വരെയായി കുതിച്ചുയര്‍ന്നു. കോണ്‍ഗ്രസിലെ അതിസമ്പന്നരില്‍ പതിമൂന്നാമതാണ് നാന്‍സി എന്നതും ട്രംപിന് വെല്ലുവിളിയാണ്. കോണ്‍ഗ്രസിലെ പ്രോഗ്രസിവ് ഗ്രൂപ്പിന്റെ തലവയായിരുന്ന നാന്‍സി അതിലെ ന്യൂനപക്ഷ ഗ്രൂപ്പിന്റെ അധ്യക്ഷയായതോടെ 2003ല്‍ തല്‍സ്ഥാനം ഒഴിഞ്ഞു.

മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ വ്യാപകമായി ഇടപെടുന്ന ഇവര്‍ ഒരിക്കല്‍ കുടിയേറ്റക്കുട്ടികളുടെ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ചതിനെതുടര്‍ന്ന് അവിടുത്തെ വീഴ്ചക്ക് അതിന്റെ തലവനെ പുറത്താക്കിയിരുന്നു. ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നടക്കം പൗരാവകാശ പ്രവര്‍ത്തനത്തിന് അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങളുടെയും സ്വവര്‍ഗ വിവാഹിതരുടെയും കാലാവസ്ഥാസംരക്ഷത്തിന്റെയും കാര്യത്തില്‍ അവരോടൊപ്പമാണ് നാന്‍സിയുടെ നില്‍പ്. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് പട്ടാളത്തില്‍ ചേരാനനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാടിന്റെയും കടുത്ത വിമര്‍ശകയാണ് നാന്‍സി. തൊഴിലാളികളുടെ മിനിമം കൂലിയുമായി ബന്ധപ്പെട്ട നിയമ നിര്‍മാണത്തിലും മറ്റും പ്രധാന പങ്കുവഹിച്ചു. നികുതി ഘടന പരിഷ്‌കരിക്കുന്നതിന് ട്രംപ് 2017ല്‍ കൊണ്ടുവന്ന ബില്ലിനെയും നാന്‍സി കടുത്ത ഭാഷയില്‍ എതിര്‍ത്തു. അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ബില്ലാണിതെന്ന് അവര്‍ കുറ്റപ്പെടുത്തി.

അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെ ഇറാഖ് യുദ്ധത്തെ ശക്തിയായി എതിര്‍ത്തവരിലൊരാള്‍കൂടിയാണ് നാന്‍സി എന്നത് ഇവരില്‍ വലിയ പ്രതീക്ഷക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് ക്ലിന്റന്റെ ചില നിലപാടുകളുടെയും വിമര്‍ശകയായിരുന്നു ഇവര്‍. പോള്‍ഹാക് പെലോസിയാണ് ഭര്‍ത്താവ്. അഞ്ചുമക്കളും പേരക്കുട്ടികളുമുണ്ട്. റഷ്യയുമായി രഹസ്യ ഇടപാടിലൂടെ വോട്ടെടുപ്പില്‍ സ്വാധീനം ചെലുത്തി വിജയിച്ചെന്ന പരാതി നേരിടുമ്പോള്‍തന്നെയാണ് അടുത്ത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബീഡനെതിരെ വ്യവസായ തിരിമറിയില്‍ കേസെടുക്കാന്‍ ഉക്രൈന്‍ പ്രസിഡന്റിനോട് ട്രംപ് ആവശ്യപ്പെട്ടത്. ഫോണ്‍ സംഭാഷണത്തിലെ ഈ ഭാഗം ട്രംപ് തന്നെ ശരിവെച്ചതോടെയാണ് നാന്‍സി ഇംപീച്‌മെന്റിനുള്ള പച്ചക്കൊടി കാട്ടിയത്. ഒരുപക്ഷേ ഈ എഴുപത്തൊമ്പതുകാരിയെ അടുത്ത പ്രസിഡന്റ് പദവിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

Test User: