X

കൊലപാതകികളുടെ സ്വന്തം കേരളം

കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയെ അഭിസംബോധന ചെയ്യുമ്പോള്‍ ‘ദൈവത്തിന്റെ സ്വന്തം നാടെ’ന്നാണ് നാം ആത്മപ്രശംസ നടത്താറുള്ളത്. എന്നാല്‍ നിരന്തരമായ കൊലപാതകങ്ങളുടെയും കൊലപാതകികളുടെയും നാടായി കേരളം മാറിയെന്നാണ് ഇപ്പോള്‍ അനുനിമിഷം നമുക്ക് ബോധ്യമായി വന്നിട്ടുള്ളത്. പതിനാലു വര്‍ഷത്തിനിടെ തുടര്‍ച്ചയായി ആറ് കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന കോഴിക്കോട് കൂടത്തായിയിലെ നാല്‍പത്തേഴുകാരി ജോളി ജോസഫ് ഇപ്പോള്‍ കേരളത്തില്‍ മാത്രമല്ല, സംസ്ഥാനത്തിനുപുറത്തും വിദേശത്തുപോലും കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഒരു ഡോക്ടര്‍ നടത്തിയ നിരവധി പേരുടെ കൊലപാതകങ്ങളുമായാണ് ജോളിയുടെ തുടര്‍കൊലപാതകങ്ങളെ ക്രിമിനല്‍ അന്വേഷണവുമായി ബന്ധപ്പെട്ടവരും മന:ശാസ്ത്ര വിദഗ്ധരുമൊക്കെ വിലയിരുത്തുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് മാത്രമാണ് പ്രധാന കൊലപാതകമെന്ന് തോന്നിപ്പിക്കുന്നവിധത്തിലാണ് മാധ്യമങ്ങളില്‍ പലതിലും വാര്‍ത്തകളും വിശകലനങ്ങളും ഇപ്പോള്‍ പൊലീസിന്റെ സഹായത്തോടെ പ്രത്യക്ഷപ്പെടുന്നത്.

കേരളത്തിന്റെ കഴിഞ്ഞ മൂന്നര വര്‍ഷത്തെമാത്രം പട്ടിക പരിശോധിച്ചാല്‍ ദശക്കണക്കിന് കൊലപാതകങ്ങളാണ് നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്. അതില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ മുതല്‍ വ്യക്തിവിരോധത്തിന്റെ പേരിലും സ്വത്തിന്റെ പേരിലുമുള്ള കൊലപാതകങ്ങളുമുണ്ട്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ആളുകളാണ് ഇതില്‍ മിക്കതിലും പ്രധാന പ്രതികളെന്നതാണ് ഞെട്ടിപ്പിക്കുന്നവസ്തുത. സി.പി.എമ്മാണ് ഇതില്‍ മുന്നില്‍. ഇവര്‍ ഭരിക്കുന്ന ഘട്ടത്തിലാണ് ഭൂരിപക്ഷം രാഷ്ട്രീയ കൊലപാതകങ്ങളും നടന്നിട്ടുള്ളതും. പ്രധാന പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തകരാണ് അധികവും ഇരയായിട്ടുള്ളതും. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന കക്ഷിയുടെ ഒത്താശയോടെ പൊലീസ് തല്ലിക്കൊല്ലുന്ന പ്രതികളുടെയും പാവപ്പെട്ട മനുഷ്യരുടെയും കാര്യമാണ് അതിലും കഷ്ടം. അവരുടെ കുടുംബങ്ങളെ മാത്രമല്ല, നാടിനെയാകെ ഭീഷണിയില്‍ നിര്‍ത്തിയാണ് ലോക്കപ്പുകളില്‍ ഓരോരുത്തരായി കൊല ചെയ്യപ്പെടുന്നത്. കഴിഞ്ഞ മൂന്നവര്‍ഷത്തിനകം കേരളത്തില്‍ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത് നൂറോളം പേരാണെങ്കില്‍ ലോക്കപ്പുകളില്‍ പൊലീസിന്റെ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത് പത്തിലധികം പേരാണ്. ഇതിനുപുറമെ ഇരുപതോളം പേര്‍ പൊലീസിന്റെ മര്‍ദനത്തിലും തോക്കിന്‍മുനയിലുമായി കാലപുരിക്ക് യാത്രയായി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തര്‍പ്രദേശിനും ബീഹാറിനുമൊപ്പമാണ് കേരളം.

എന്നാല്‍ ഇതിലൊന്നുംപെടാത്ത സാധാരണക്കാര്‍ക്കുപോലും ജീവന് രക്ഷയില്ലാത്ത അവസ്ഥയും സംസ്ഥാനത്ത് ഗുരുതരമായി നിലനില്‍ക്കുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് രാത്രി തൃശൂര്‍ ജില്ലയില്‍മാത്രം രണ്ട് അക്രമ സംഭവങ്ങളിലായി ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തു. കയ്പമംഗലത്ത് പെട്രോള്‍ പമ്പ് നടത്തുന്ന കെ.കെ മോഹനനെ അക്രമികള്‍ പണം കവരുന്നതിനായി കാറില്‍ തട്ടിക്കൊണ്ടുപോകുകയും വഴിക്കുവെച്ച് റോഡരികില്‍ കൊന്നുതള്ളുകയും ചെയ്തത് കേരളത്തിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. ഇതേ ദിവസം തന്നെയാണ്. തൃശൂരില്‍നിന്ന് വാടകക്ക് വിളിച്ചുകൊണ്ടുപോയി ചാലക്കുടിക്കടുത്ത്‌വെച്ച് കാര്‍ തട്ടിയെടുത്ത് യൂബര്‍ ടാക്‌സിഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം. അതീവ ഗുരുതരമായ അവസ്ഥയാണ് ക്രമസമാധാനരംഗത്ത് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് ഈ രണ്ടു സംഭവങ്ങളും വിളിച്ചുപറയുന്നു.

ഇതിനു തലേന്ന് അമ്പതുകാരനായ പുത്രന്‍ സ്വത്തിനുവേണ്ടി 84 വയസ്സുള്ള മാതാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചുമൂടിയ സംഭവവും കേരളത്തിന്റെ മന:സാക്ഷിക്കേറ്റ കനത്ത പ്രഹരമായി. തലസ്ഥാന നഗരിയില്‍ മാധ്യമ പ്രവര്‍ത്തകനെ ഐ.എ.എസ്സുകാരന്‍ തന്നെ കാറിടിച്ച്് കൊലപ്പെടുത്തിയിട്ട് പോലും അതിന്മേല്‍ പൊലീസ് കളിക്കുന്ന കളി ആഭ്യന്തര വകുപ്പിന്റെ ദയനീയാവസ്ഥയെ സൂചിപ്പിക്കുന്നു. സാക്ഷരതയെക്കുറിച്ചും പ്രബുദ്ധതയെക്കുറിച്ചും പുരോഗമനത്തെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നവര്‍ ഭരിക്കുമ്പോള്‍ തന്നെയാണ് മലയാളിയുടെ മഹത്വങ്ങളെയെല്ലാം കാര്‍ക്കിച്ചുതുപ്പിക്കൊണ്ട് ഇത്തരം കൊലപാതക-അക്രമപരമ്പരകള്‍ നാള്‍ക്കുനാള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ജീവിക്കുന്ന സമൂഹത്തെയും ഭരണകൂടത്തെയും ഭയന്നാണ് പലരും അക്രമങ്ങള്‍ ചെയ്യാത്തതെന്നാണ് വെയ്‌പെങ്കിലും അതൊന്നും ഇപ്പോള്‍ കേരളത്തില്‍ പ്രശ്‌നമല്ലെന്ന് വന്നിരിക്കുന്നുവെന്നാണ് കൂടത്തായി മുതല്‍ തൃശൂരും നെടുങ്കണ്ടവും വരാപ്പുഴയും കൊല്ലവും തിരുവനന്തപുരവും വരെയുള്ള സംഭവങ്ങളെല്ലാം തെളിയിക്കുന്നത്. കയ്യൂക്കും ധനശേഷിയും ക്രിമിനലിസവുമുള്ള ഏതൊരാള്‍ക്കും കേരളത്തില്‍ ഏതൊരിടത്തും പട്ടാപ്പകല്‍പോലും ആരെയും വകവരുത്തി ആളാകാമെന്നുമുള്ളതിന് നിരവധി സംഭവങ്ങള്‍ സാക്ഷിയാണ്. ഇവിടെയാണ് നമ്മുടെ മുഖ്യമന്ത്രി കഴിഞ്ഞദിവസം പ്രകടനപത്രികയിലെ 547 വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കിയതായി പരിഹാസ്യപൂര്‍വം അവകാശപ്പെട്ടത്. രേഖകള്‍ നോക്കാതെതന്നെ അദ്ദേഹത്തിന് സ്വന്തം മന:സാക്ഷിയോട് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ മാത്രമാണ് കേരളത്തില്‍ ദിനേന നടക്കുന്ന കൊലപാതകങ്ങളുടെയും കവര്‍ച്ചകളുടെയും അതിലൊന്നും കാര്യമായി ശിക്ഷിക്കപ്പെടാത്തവരുടെയും പട്ടിക.

രാജ്യത്താകെ ഭീതി പരത്തിക്കൊണ്ട് മുസ്്‌ലിംകളുടെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിത്-പിന്നാക്ക ജനതയുടെയും നേര്‍ക്ക് വാളുകളുമായി നടന്നടുക്കുന്ന കാവിക്കൂട്ടങ്ങളും സംസ്ഥാനത്ത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈനംദിന ജീവിതവും ജീവനും പോലും കൊലക്കത്തിക്കിരയാക്കുന്ന അവസ്ഥയും ഒരു ജനാധിപത്യ രാജ്യത്ത് അചിന്തനീയമായിരിക്കുന്നു. ആരോടാണ് പൗരന്‍ ഇവിടെ നീതി ചോദിക്കുക; അത് ലഭിക്കുക എന്നു പറയാന്‍പോലും കഴിയാത്ത അവസ്ഥ. ഇന്നലെ രാജ്യത്തെ രണ്ടു സംസ്ഥാനങ്ങളിലും കേരളത്തിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ രണ്ട് സര്‍ക്കാരുകളോടുമുള്ള ജനങ്ങളുടെ അടങ്ങാത്ത രോഷമാണ് പ്രകടമായിട്ടുള്ളത്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് കേരളത്തില്‍ ലഭിച്ച വന്‍ഭൂരിപക്ഷം ഇപ്പോഴും ജനങ്ങളുടെ പ്രതികാരത്തിന് തെളിവായി കിടപ്പുണ്ട്. ഭരണത്തില്‍ കാര്യമായി നേട്ടങ്ങളൊന്നും ഉയര്‍ത്തിക്കാട്ടാനാകാത്തതുമൂലം ജാതിമതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പറഞ്ഞും കൊലപാതകാന്വേഷണത്തെക്കുറിച്ചുള്ള കഥകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തും ജനശ്രദ്ധതിരിച്ചുവിടാമെന്ന് കരുതിയവര്‍ക്ക് തെറ്റുപറ്റിയെന്നാവും ഫലങ്ങള്‍ തെളിയിക്കാനിരിക്കുന്നത്.

Test User: