തടവറയില്‍ കഴിഞ്ഞിട്ടുള്ള സാമ്പത്തികശാസ്ത്ര നൊബേല്‍ ജേതാവ് അഭിജിത് വിനായക് ബാനര്‍ജിയെപോലെ വേറെയുണ്ടോ എന്ന് സംശയമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 14ന് സ്വീഡിഷ് അക്കാദമിയുടെ സാമ്പത്തിക ശാസ്ത്ര നൊബേല്‍ സമ്മാനം തേടിയെത്തുമ്പോള്‍ മറ്റ് സാമ്പത്തിക വിദഗ്ധരെപോലെ ഏതെങ്കിലും പുസ്തകത്തിന്റെ രചനയിലായിരുന്നില്ല അഭിജിത് എന്ന അമ്പത്തെട്ടുകാരനായ ഈ ഇന്ത്യന്‍ വംശജന്‍. ലോകത്തെ ദാരിദ്ര്യം എങ്ങനെ സാമ്പത്തിക നടപടികളിലൂടെ തുടച്ചുനീക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്ര പഠനകേന്ദ്രമായ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫോഡ്ഫൗണ്ടേഷന്‍ അന്താരാഷ്ട്രപ്രൊഫസറായ അഭിജിത് അപ്പോള്‍. ഭാര്യ എസ്‌തേര്‍ ദഫ്‌ളോയും സുഹൃത്ത് കെര്‍ണറുമാണ് ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ സാമ്പത്തിക ശാസ്്ത്രം എന്ന വിഷയത്തില്‍ ഇത്തവണ ലോകത്തെ ഏറ്റവും വലിയ പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. വികസനത്തെ കണക്കുകള്‍ കൊണ്ടല്ല ഗുണം കൊണ്ടാണ് അളക്കേണ്ടതെന്ന് വാദിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്. മറ്റൊരു ബംഗാള്‍ സ്വദേശി അമര്‍ത്യസെന്നിനുശേഷം ഒരു ഇന്ത്യക്കാരന്‍ സാമ്പത്തിക നൊബേല്‍ നേടുന്നത് ഇന്ത്യയെ എന്നപോലെ അഭിജിത് പൗരനായ അമേരിക്കക്കും ആഹ്ലാദിക്കാം. ഇത്ര ചെറുപ്പത്തില്‍തന്നെ മകന് നൊബേല്‍ സമ്മാനം കിട്ടിയോ എന്നാണ് വാര്‍ത്തയറിഞ്ഞയുടന്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍കൂടിയായ അമ്മയുടെ ആഹ്ലാദം. ഭാര്യ എസ്‌തേര്‍ ദ#ോ(46)യും കെര്‍ണറു(54)മായി ചേര്‍ന്ന് ഇരുവരും ജോലി ചെയ്യുന്ന അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിലാണ് (ജെ-ലാബ്്) വികസന സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ച് അഭിജിത്തും കൂട്ടരും ഉറക്കമൊഴിക്കുന്നത്. ലോകത്ത് ഇന്ന് വികസന സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവരാണ് അഭിജിത്തും ദ#ോയും കെര്‍ണറുമെന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നൊബേല്‍ അധികൃതര്‍ പറഞ്ഞത്.
പുരസ്‌കാരം പ്രഖ്യാപിച്ചതറിഞ്ഞത് പുലര്‍ച്ചെയാണ്. ‘ജസ്റ്റ് ഹാപ്പി’ എന്നുമാത്രം മറുപടി. അഭിജിത് നേരെപോയത് കിടക്കയിലേക്കും. പിന്നീടുവന്ന ഫോണ്‍ വിളികളെല്ലാം എടുത്തത് ദ#ോയായിരുന്നു. താന്‍ വൈകിയെണീക്കുന്നയാളാണെന്നാണ് ഇതേക്കുറിച്ച് അഭിജിത്തിന്റെ മറുപടി. കൊല്‍ക്കത്ത സര്‍വകലാശാലയിലായിരുന്നു ബി.എസ്.സി ബിരുദ പഠനം. ഡല്‍ഹി ജവഹര്‍ലാല്‍നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് എം.എ നേടിയശേഷം 1986ലാണ് ലോക പ്രശസ്തമായ ഹര്‍വാഡ് സര്‍വകലാശാലയിലേക്ക് തുടര്‍ പഠനത്തിനായി പോയത്. പക്ഷേ അതൊരു പോക്കുതന്നെയായി. ഇവിടെ നിന്ന് പി.എച്ച്.ഡി എടുത്തശേഷം അല്‍പകാലം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍. അവിടെനിന്നാണ് ദ#ോയെ വിവാഹം കഴിച്ചത്. 2015ല്‍ സഹ അധ്യാപികയായിരുന്ന അരുന്ധതി തുളിയെ വിവാഹമോചനം ചെയ്തശേഷമായിരുന്നു ഇത്. ഇപ്പോള്‍ ദ#ോയോടൊത്താണ് ഗവേഷണം മുഴുവന്‍. ഇന്ത്യയിലും ആഫ്രിക്കയിലുമുള്‍പ്പെടെ നിരവധി പഠനങ്ങള്‍ നടത്തി. അധികവും ദരിദ്രരെ നേരില്‍ കണ്ടായിരുന്നു ഗവേഷണം. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദരിദ്രമേഖലകള്‍ സന്ദര്‍ശിച്ച് നടത്തിയ പഠനങ്ങളും സര്‍ക്കാരുകള്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളും ഏറെപ്രശംസനേടി. ഡല്‍ഹിയിലെ സ്‌കൂള്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനും മോശം പഠന നിലവാരത്തിനും അഭിജിത് പരിഹാരം കണ്ടു. ലോകത്ത് പ്രതിവര്‍ഷം അരക്കോടി കുട്ടികള്‍ അഞ്ചു വയസ്സിനുതാഴെ മരിച്ചുപോകുന്നുണ്ടെന്നും ഇത് തടയാന്‍ വേണ്ടത് ദരിദ്രരുടെ മാനസികാവസ്ഥ തിരിച്ചറിഞ്ഞുകൊണ്ടുള്ള സാമ്പത്തിക നടപടികളാണെന്നുമാണ് അഭിജിത്തിന്റെ സിദ്ധാന്തം.
ഇന്ത്യയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക നടപടികളും മാന്ദ്യവുമൊന്നും അഭിജിത്തിന് അത്ര പിടിച്ചിട്ടില്ല. മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിനോടാണ് അഭിജിത്തിന്റെ അടുപ്പം മുഴുവന്‍. ഡോ. സിങിന് കഴിഞ്ഞദിവസം അയച്ച കത്തില്‍ ഈ വിധേയത്വം പ്രകടനമായി. പ്രതിമാസം 7000 രൂപ അക്കൗണ്ടിലേക്ക് കൈമാറുന്ന കോണ്‍ഗ്രസിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ‘ന്യായ്’ ആവിഷ്‌കരിക്കുന്നതിലും അഭിജിത്തിന് മുഖ്യപങ്കുണ്ടായിരുന്നു. ലോക്‌സഭാതെരഞ്ഞെടുപ്പിലെ പരാജയം കാരണം ഇത് നടന്നില്ലെന്ന് മാത്രം. ദരിദ്രരെ ആകര്‍ഷിക്കുന്ന പദ്ധതികള്‍ വേണമെന്നാണ് അഭിജിത്-ദ#ോ ദമ്പതികളുടെ പക്ഷം. ഉദാഹരണത്തിന് സ്‌കൂളുകളില്‍ നല്‍കുന്ന ഉച്ചക്കഞ്ഞിപോലെ പ്രതിരോധകുത്തിവെപ്പിന് എത്തുന്നവര്‍ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യണം. രോഗങ്ങള്‍ തടയുന്നതിനും പോഷകാഹാരത്തിലൂടെ കുട്ടികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അഭിജിത് പറയുന്നു.
അമ്മ വീടുള്ള മുംബൈയിലാണ് പിറന്നതെങ്കിലും പിതാവ് പശ്ചിമബംഗാളുകാരനായതിനാല്‍ അവിടെയായിരുന്നു ജീവിതത്തിന്റെ തുടക്കകാലം മുഴുവനും. ജെ.എന്‍.യുവില്‍ പഠനത്തിനിടെ വൈസ് ചാന്‍സലറെ ഘെരാവോ ചെയ്തതിനായിരുന്നു തിഹാര്‍ ജയിലിലെ താല്‍ക്കാലികവാസം. നിരവധി ലേഖനങ്ങള്‍ക്കുപുറമെ ഭാര്യയുമായി ചേര്‍ന്നും അല്ലാതെയും ആറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആദ്യ ഭാര്യയിലെ മകനുള്‍പ്പെടെ മൂന്നു മക്കള്‍. സാമ്പത്തികശാസ്ത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു വനിത നൊബേല്‍ പുരസ്‌കാരം നേടുന്നത്. പ്രായംകുറഞ്ഞ ഏക വനിതയും.