X

പെരിയ കേസ്: മുഖ്യമന്ത്രി മാപ്പുപറയണം

മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ കൊലപാതകരാഷ്ട്രീയത്തിന് നീതിപീഠത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്ന അതിശക്തമായ മറ്റൊരു തിരിച്ചടിയാണ് ഇന്നലെ കേരളഹൈക്കോടതിയില്‍നിന്നുണ്ടായിരിക്കുന്ന വിധി. കാസര്‍കോട് പെരിയയില്‍ 2018 ഫെബ്രുവരി 17ന് നടന്ന ഇരട്ടക്കൊലപാകം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ കേരളസര്‍ക്കാരിനെയും കേരളത്തിലെ പൊലീസ്‌സംവിധാനത്തെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നു. പെരിയയില്‍ യൂത്ത്‌കോണ്‍ഗ്രസുകാരായ ശരത്‌ലാല്‍, കൃപേഷ് എന്നീ ചെറുപ്പക്കാരെ ഇഞ്ചിഞ്ചായി അരിഞ്ഞുനുറുക്കിക്കൊന്നവരുടെ ആളുകള്‍ കേസ് തേച്ചുമാച്ച് കളയാനും പ്രതികളായ സി.പി.എമ്മുകാരെ രക്ഷപ്പെടുത്താനും കാണിച്ച വിരുതാണ് ഈ വിധിയിലൂടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്.

കേസിലെ കുറ്റപത്രംറദ്ദാക്കി കേസ് സി.ബി.ഐക്ക് വിട്ട കോടതി സംസ്ഥാനസര്‍ക്കാരിന്റെ നീതിനിര്‍വഹണത്തില്‍ വിശ്വാസമില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഈ വിധിയിലൂടെ. സി.പി.എമ്മിന്റെ പെരിയലോക്കല്‍സെക്രട്ടറി പീതാംബരന്‍ അടക്കമുള്ളവര്‍ പ്രതിയായതോടെ അവരെ രക്ഷിക്കാനായിരുന്നു ശ്രമം. തെളിവുകള്‍ നല്‍കാത്തതിന് കഴിഞ്ഞ ജൂണിലും പിന്നീട് സെപ്തംബറിലും ചീഫ്‌സെക്രട്ടറിയെവരെ വിളിച്ചുവരുത്തുമെന്ന് ഹൈക്കോടതി താക്കീത്‌ചെയ്തതാണ്.

സാക്ഷികളേക്കാള്‍ പ്രതികളെയാണ് പൊലീസ് കേസില്‍ കൂടുതല്‍ വിശ്വസിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയ കോടതി കേസ് അന്വേഷണത്തില്‍ രാഷ്ട്രീയഇടപെടല്‍ നടന്നതായി അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ്. കേസന്വേഷണത്തെ പ്രഹസനമാക്കിക്കൊണ്ട് കഴിഞ്ഞ ഒരുവര്‍ഷത്തിലധികമായി സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് കോടതിയുടെ സൂക്ഷ്മപരിശോധനയിലൂടെ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. ഇരുപതും ഇരുപത്തൊന്നും വയസ്സ് പ്രായമുള്ള നാടിന് പ്രിയങ്കരരായ ചെറുപ്പക്കാരെ രാഷ്ട്രീയവിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തിയതാണെന്നായിരുന്നു കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിക്കാരും ജനങ്ങളൊന്നടങ്കവും പറഞ്ഞിരുന്നത്.

കേസില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് കാണിച്ച കാലതാമസവും അവരെ നിയമത്തിനുമുന്നില്‍നിന്ന് രക്ഷിക്കാനും ജാമ്യംലഭ്യമാക്കാനും കാണിച്ച തന്ത്രങ്ങളും നേരത്തെതന്നെ ആരോപണപ്പെരുമഴയായി വന്നതാണ്. കോണ്‍ഗ്രസ് നേതൃത്വം കേസില്‍ ഇടപെടുകയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി വാങ്ങിച്ചുകൊടുക്കാന്‍ കാട്ടിയ ജാഗ്രതയാര്‍ന്ന നടപടികളുമാണ് ഈവിജയത്തിന് കാരണം. ഇതിന് കോടതിയോടും പാര്‍ട്ടിനേതൃത്വത്തോടും നന്ദി അറിയിച്ചിരിക്കുകയാണ് ശരത്തിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍.

കേസില്‍ പ്രതികളും കുറ്റക്കാരും സി.പി.എമ്മിന്റെ പ്രാദേശികനേതൃത്വമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കൊലപാതകത്തിനുശേഷം ഒന്നൊന്നായി പുറത്തുവന്ന വിവരങ്ങളും തെളിവുകളും ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലേതുപോലെ കൈയൊഴിഞ്ഞ് സി.പി.എം നേതാക്കളെ രക്ഷപ്പെടുത്താനുള്ള തന്ത്രമാണ് സി.പി.എം ജില്ലാ, സംസ്ഥാനനേതൃത്വങ്ങള്‍ കോടതിയിലടക്കം പയറ്റിയത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ്‌റഫീഖിനെ അന്വേഷണത്തിന്റെ നാലാംദിവസം തല്‍സ്ഥാനത്തുനിന്ന് മാറ്റി കോട്ടയത്തുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറിയതുതന്നെ പ്രത്യേകലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അന്നുതന്നെ തെളിഞ്ഞതാണ്.

ജാഗ്രതപാലിച്ചില്ലെങ്കില്‍ പലകേസുകളിലെയുംപോലെ സി.പി.എം നേതാക്കളെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും പരമാവധി ശ്രമിക്കുമെന്ന് വ്യക്തമായിരുന്നു. ഇതാണ് കുറ്റപത്രത്തിലും തെളിവുകള്‍ ശേഖരിക്കുന്നതിലുമൊക്കെ അലംഭാവം കാണിക്കാനും കൃത്രിമംകാട്ടാനും പൊലീസിനെ പ്രേരിപ്പിച്ചത സി.പി.എമ്മിന്റെ പ്രേരണയിലാണ്. വിരലടയാളം പോലും ശേഖരിക്കാന്‍ പൊലീസ് കാട്ടിയ വൈമുഖ്യം കേസിന്റെ ഗതിയെ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിന്റെ ഇച്ഛക്കൊത്ത് പൊലീസ് സംഘം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാദിഭാഗത്തിന്റെ ആരോപണം കേട്ട കോടതി കണ്ടെത്തിയിരിക്കുന്നത്. ഇത് തെളിയിക്കുന്നത് മുഖ്യമന്ത്രിയുടെതന്നെ ചുമതലയുള്ള പൊലീസ്-ആഭ്യന്തരവകുപ്പ് സി.പി.എമ്മിന്റെ കൊലപാതകികള്‍ക്കുവേണ്ടി പ്രത്യേകഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ്. ഇതാണ് കുറ്റപത്രം റദ്ദാക്കാനും സി.ബി.ഐയെ കേസ് ഏല്‍പിക്കാനും ഹൈക്കോടതിയെ നിര്‍ബന്ധിതമാക്കിയത്.

ഇന്നും ഇന്നലെയും തുടങ്ങിയതല്ല സി.പി.എമ്മിന്റെ കൊലപാതകരാഷ്ട്രീയം. രാഷ്ട്രീയഎതിരാളികളെ അരിഞ്ഞുതള്ളുന്ന ശൈലി സി.പി.എം പ്രത്യേകിച്ച് അതിന്റെ കണ്ണൂര്‍ലോബി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കണ്ണൂരിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, കതിരൂര്‍ മനോജ്, വടകരയിലെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ നിരവധി കൊലപാതകങ്ങളില്‍ സി.പി.എം നേതാക്കളുടെ പങ്ക് ജനങ്ങള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും മുമ്പാകെ തുറന്നപുസ്തകമാണ്. കണ്ണൂര്‍ജില്ലാ സെക്രട്ടറിയായിരുന്നയാള്‍ സി.ബി.ഐയുടെ രണ്ട് കേസുകളില്‍ പ്രതിയാണ്. ടി.പി കേസില്‍ യു.ഡി.എഫ്‌സര്‍ക്കാര്‍ കാലത്ത് പൊലീസ് കാണിച്ച ജാഗ്രതയാണ് സി.പി.എം നേതൃത്വത്തിലെ ചിലരെയെങ്കിലും അഴിക്കുള്ളിലാക്കാനും സി.പി.എമ്മിന്റെ കാപാലികരാഷ്ട്രീയം തുറന്നുകാട്ടാനും സഹായകമായത്.

എന്നിട്ടും തീര്‍ന്നെന്നുകരുതിയ ടി.പി വധത്തിനുശേഷവും കാസര്‍കോട്ട് രണ്ടുചെറുപ്പക്കാരെ അരിഞ്ഞുതള്ളാനുള്ള ധൈര്യം എങ്ങനെ ഒരു ഭരണകക്ഷിക്ക് കഴിഞ്ഞുവെന്നതിലായിരുന്നു സാധാരണക്കാരുടെ അത്ഭുതം. കൊലപാതകം സി.പി.എമ്മിന്റെ അജണ്ടയിലും നയത്തിലും എന്നെന്നേക്കുമായുളളതാണെന്ന് തെളിയിക്കുന്നതായിരുന്നു പെരിയ ഇരട്ടക്കൊലപാതകങ്ങള്‍. കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും രാഷ്ട്രീയഭൂമികയില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പെരിയ കൊലപാതക്കേസിലെ വിധി പുന:ചിന്തക്ക് വിധേയമാകുമെങ്കില്‍ അത്രയുംനല്ലതെന്നേ പറയാനൊക്കൂ. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ ഭാഗത്തുനിന്നും ശരിയായ ദിശയില്‍ അന്വേഷണം പുരോഗമിച്ചാല്‍മാത്രമേ ഇതും സാധ്യമാകൂ. ഹൈക്കോടതി ഉത്തരവില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടിലായതിന് കാരണം ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. അതിനാല്‍ അദ്ദേഹം ജനങ്ങളോടും കൊലപാതകത്തിനിരയായ കുടുംബങ്ങളോടും മാപ്പുപറയുകയാണ് വേണ്ടത്. അല്ലാതായാല്‍ ജനങ്ങള്‍ക്ക് ഭരണത്തിലും പൊലീസിലും നീതിനിര്‍വഹണത്തിലുമുള്ള വിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെടുകയാവും ഫലം.

Test User: