X

പ്രതീക്ഷ പരത്തുന്ന പെണ്‍കുട്ടി

ഉല്ലസിച്ചുനടക്കേണ്ട പ്രായത്തില്‍ മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവിവര്‍ഗങ്ങളുടെയും കാവല്‍ മാലാഖയായി ഒരു പതിനാറുകാരി. സ്വീഡനില്‍നിന്ന് ദൈവം ഭൂമിക്ക് സംഭാവനചെയ്ത ഗ്രേറ്റ തുന്‍ബെര്‍ഗ് വാര്‍ത്തകളില്‍ ഇടംപിടിച്ചു തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും ലോക പ്രശസ്തയായത് ഇക്കഴിഞ്ഞയാഴ്ചയാണ്. സെപ്തംബര്‍ 20ന് ഐക്യരാഷ്ട്ര സഭാ കാലാവസ്ഥാഉച്ചകോടിയില്‍ കസേരയിലിരുന്ന് ഒരു കൗമാരക്കാരി ലോകത്തോട് വിളിച്ചുപറഞ്ഞു: ഇങ്ങനെപോയാല്‍ ഭൂമിയിലെ ജീവന് വലിയ ആയുസ്സില്ല. പ്രഭാഷണത്തിലെ വാക്കുകളിലധികവും ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക രാഷ്ട്രനേതാക്കളോടുള്ള ശക്തമായ രോഷപ്രകടനമായിരുന്നു.

അന്തരീക്ഷത്തിലേക്ക് അനുനിമിഷം വിഷവാതകങ്ങള്‍ വമിപ്പിക്കുന്നതിന് തടയിടേണ്ടവര്‍ അത് ചെയ്യുന്നില്ലെന്നാണ് ഗ്രേറ്റ ലോകത്തോട് വിളിച്ചുപറയുന്നത്. വെള്ളപ്പൊക്കം, വരള്‍ച്ച, കുടിവെള്ളക്ഷാമം, കാര്‍ഷികത്തകര്‍ച്ച, പട്ടിണി തുടങ്ങിയവക്ക് കാരണമാകുന്ന കാലാവസ്ഥാവ്യതിയാനത്തിനെതിരെയും പ്രാണവായുവിനുവേണ്ടിയും ഭൗമാന്തരീക്ഷത്തിലെ കരിയുടെ (കാര്‍ബണ്‍) അളവ് ഗണ്യമായി കുറച്ചുകൊണ്ടുവരണമെന്ന് തുന്‍ബെര്‍ഗ് പറയുമ്പോള്‍ തല കുമ്പിട്ടിരിക്കേണ്ടിവരുന്നത് ഓരോ മനുഷ്യര്‍ക്കുമാണ്. അതാണ് ഗ്രേറ്റ എന്ന തുടുത്ത കവിളുള്ള മെലിഞ്ഞ പെണ്‍കുട്ടിയെ നമ്മില്‍നിന്നെല്ലാം വ്യത്യസ്തയാക്കുന്നതും. പാരിസ് ഉടമ്പടിപ്രകാരം താപ നില 1.5 ഡിഗ്രി സെല്‍ഷ്യസ് കുറക്കുമെന്ന പ്രഖ്യാപനം അപര്യാപ്തമാണെന്നാണ് ഇവളുടെ പക്ഷം. ഉടമ്പടിയില്‍നിന്ന് പിന്‍വലിഞ്ഞ ട്രംപിനോടുള്ള ദേഷ്യം പ്രകടമാകുന്നതാണ് യു.എന്‍ വേദിയില്‍നിന്ന് പുറത്തുവരുന്ന അദ്ദേഹത്തെ തുറിച്ചുനോക്കുന്ന ഗ്രേറ്റയുടെ പശ്ചാത്തലചിത്രം.

വ്യവസായശാലകളും വിമാനങ്ങളും എയര്‍കണ്ടീഷനും റെഫ്രിജറേറ്ററും ഒക്കെയായി പുറന്തള്ളുന്ന ഹരിത ഗൃഹവാകം തടയുന്നതിന് കഴിയാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ഗ്രേറ്റക്ക് മുമ്പേ ശാസ്ത്രലോകം ചൂണ്ടിക്കാട്ടിയതാണ്. അത് പാലിക്കണമെന്ന് മാത്രമാണ് കൊച്ചു ഗ്രേറ്റ ആവശ്യപ്പെടുന്നത്. ഗ്രേറ്റയുടെ വേഷവിധാനത്തെയും നോട്ടത്തെയും തലമുടിയെയുമൊക്കെയാണ് ചിലരിപ്പോള്‍ പരിഹസിക്കുന്നത്. ‘നല്ല ഭാവിയുള്ള സുന്ദരിക്കുട്ടി’ എന്നാണ് ഗ്രേറ്റയുടെ പ്രസംഗംകേട്ട് അവളുന്നയിച്ച വിഷയത്തെകുറിച്ച് ഒരുവാക്കുപോലും പറയാതെ ട്രംപ് കളിയാക്കിയത്. ‘ദ് സണ്‍’ പോലുള്ള പത്രങ്ങള്‍പോലും അവളെ പരിഹസിച്ചു. എന്നാല്‍ ‘ഭാവി തലമുറയുടെ നേതാവ്’ എന്ന തലക്കെട്ടോടെ ടൈം മാഗസിന്‍ കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച മുഖലേഖനം ഗ്രേറ്റയെ ലോകശ്രദ്ധയാകര്‍ഷിപ്പിച്ചു.അന്തരീക്ഷ മാലിന്യം കുറയ്ക്കാന്‍ വിമാനയാത്രപോലും ഉപേക്ഷിക്കണമെന്നാണ് ഗ്രേറ്റ പറയുന്നത് അവളുടെ പോരാട്ടവീര്യത്തിന് തെളിവാണ്.

നടന്‍ സ്വാന്തെ തുന്‍ബെര്‍ഗിന്റെയും ഗായിക മേലേന എര്‍മെന്റെയും മകളായി 2003 ജനുവരി 3ന് സ്‌റ്റേക്ക്‌ഹോമില്‍ ജനിച്ച ഗ്രേറ്റ തുന്‍ബെര്‍ഗിന് ലോകത്തിന്ന് ലക്ഷക്കണക്കിന് അണികളും ആരാധകരുമാണുള്ളത്. ഫ്രൈഡേ ഫോര്‍ ഫ്യൂച്ചര്‍ (ഭാവിക്കുവേണ്ടി വെള്ളിയാഴ്ച) എന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ നടന്നുവരുന്ന കാലാവസ്ഥാസംരക്ഷണ സമരത്തിന്റെ ഉപജ്ഞാതാവാണ് ഗ്രേറ്റ. വാരാന്ത്യത്തില്‍ ആഗോള താപനത്തിനെതിരെ ബോധവത്കരണം സംഘടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. കഴിഞ്ഞവര്‍ഷമാദ്യം സ്വീഡിഷ് പാര്‍ലമെന്റിനുമുന്നില്‍ ഒറ്റക്ക് ‘കാലാവസ്ഥക്കുവേണ്ടി സ്‌കൂള്‍ സമരം’എന്ന പ്ലക്കാര്‍ഡുമായാണ് ഗ്രേറ്റ പോരാട്ടമാരംഭിച്ചത്. പതുക്കെപ്പതുക്കെ മറ്റുകുട്ടികളും അവളെ പിന്തുടര്‍ന്നു. ലോക വേദികളിലും മറ്റും രേഖാചിത്രസഹിതമാണ് പ്രഭാഷണം.

യൂറോപ്യന്‍ യൂണിയനിലും ദാവോസിലും ബ്രിട്ടീഷ് പാര്‍ലമെന്റിലും ഐക്യരാഷ്ട്രസഭാവേദിയിലും സഭാകമ്പമില്ലാതെ പ്രസംഗിച്ചതിന് കാരണവും ഉന്നയിക്കുന്ന വിഷയത്തിലെ ഗൗരവവും ആത്മാര്‍ത്ഥതയും കൊണ്ടുതന്നെ. ‘ദിവസവും ഇരുന്നൂറിലധികം ജീവിവര്‍ഗങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്നു.. ഞങ്ങളുടെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ തകര്‍ത്തു, നിങ്ങള്‍ക്കെങ്ങനെ ഇതിന് ധൈര്യം വന്നു’ എന്ന ഗ്രേറ്റയുടെ രോഷം ചീറ്റുന്ന ചോദ്യം ഹൃദയമുള്ള ഓരോ മനുഷ്യന്റെയും ഉള്ള് പൊള്ളിക്കുന്നതാണ്. ധന-അധികാരക്കൊതിയന്മാരായ ലോക നേതാക്കളുടെയും വന്‍കിട വ്യവസായികളുടെയും നേര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലാണ് ആ വാക്കുകള്‍. ഇവള്‍ ലോകത്തിന്റെ ഭാവി പ്രതീക്ഷയുടെ പ്രതീകമാകുന്നത് അതുകൊണ്ടുതന്നെയാണ്.

Test User: