X

സംശയദൂരീകരണത്തിന് സര്‍ക്കാരിന് ബാധ്യതയില്ലേ

ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ ബുദ്ധിയില്‍ ഇടതുസര്‍ക്കാറിന് എത്രകാലം വസ്തുതകള്‍ ഒളിപ്പിച്ചു വെക്കാനാകും. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ സംഭവിച്ച സാങ്കേതിക പിഴവിന്റെ മറവില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് കടുംവെട്ടിനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് കിഫ്ബിയിലെയും കിയാലിലേയും ഓഡിറ്റ് വിവാദം വെളിവാക്കുന്നത്. നിയമങ്ങള്‍ കീഴ്‌മേല്‍ മറിച്ചും സാങ്കേതികത്വം കൊണ്ട് മതില്‍കെട്ടിയും കിഫ്ബിയെ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് വേണം കരുതാന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കിഫ്ബിയിലെ ഓഡിറ്റുമായും കിഫ്ബിയിലുള്‍പ്പെടുത്തി കെ.എസ്.ഇ.ബിയുടെ ട്രാന്‍ഗ്രിഡ് പദ്ധതിയുമായും ബന്ധപ്പെട്ട് പത്ത് ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ഉന്നയിച്ചിരുന്നു. വ്യക്തതയോടെ, കാര്യമാത്ര പ്രസക്തവുമായ ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. എന്നാല്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും കിഫ്ബിയുടെ ആസൂത്രകനായ ധനകാര്യ മന്ത്രിയും പൂര്‍ണ നിശബ്ദത പാലിച്ച്, കെ.എസ്.ഇ.ബിയിലെ ഒരു ഉദ്യോഗസ്ഥനെ കൊണ്ട് മറുപടി പറയിക്കുകയായിരുന്നു. ഇതിനെതിരെ വി.ഡി സതീശന്‍ എം.എല്‍.എ കേരള നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അവകാശ ലംഘന നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി മറുപടി പറയാന്‍ തയാറായത്. എന്നാല്‍ വസ്തുതകളില്‍ നിന്ന് ഒളിച്ചോടിയ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന മട്ടില്‍ ഒഴുക്കന്‍ മറുപടിയാണ് നല്‍കിയത്.

കിഫ്ബിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമം നിര്‍മിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ കിഫ്ബിയെ ഒരു സ്വകാര്യ കമ്പനി എന്ന മട്ടിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയും കിഫ്ബിയില്‍ സര്‍വവ്യാപിയായിരിക്കുന്നുവെന്ന ആരോപണം പ്രതിപക്ഷത്ത് നിന്നുയരുമ്പോള്‍ കുറച്ചുകൂടി കൃത്യവും വസ്തുനിഷ്ഠവുമായ മറുപടി സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടതുണ്ട്. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന കിഫ്ബി കേരളത്തെ സംബന്ധിച്ച് ബാധ്യതയാകുമെന്ന മുന്നറിയിപ്പ് പല കോണുകളില്‍ നിന്നുയരുന്നുണ്ട്. ജനങ്ങളുടെ നികുതി പണം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയാണ് കിഫ്ബിയുടെ ധനസ്രോതസ്. എന്നാല്‍ കടമെടുക്കുന്ന കമ്പനിയെ ധൂര്‍ത്തിന്റെ ആസ്ഥാനമാക്കി തീര്‍ത്ത് സര്‍ക്കാരിനും ജങ്ങള്‍ക്കും മുകളില്‍ സ്ഥാപിക്കാനാണ് ഇടതുസര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കായി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കരാറുകാരുടെ ഇംഗിതമനുസരിച്ച് ടെണ്ടര്‍ നല്‍കിയെന്ന് വെളിപ്പെടുത്തുന്നതാണ് കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങള്‍.

ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇവയാണ്: പ്രീ ക്വാളിഫിക്കേഷന്‍ വ്യവസ്ഥകളില്‍ മാറ്റം വരുത്തി, മൂന്ന് നാല് വന്‍കിട കമ്പനികള്‍ക്ക് മാത്രം ടെണ്ടറില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കി. വന്‍കിട കമ്പനികള്‍ ക്വാര്‍ട്ടല്‍ രൂപീകരിച്ചു 70 ശതമാനം വരെ ടെണ്ടര്‍ തുക ഉയര്‍ത്തി . പത്ത് ശതമാനത്തില്‍ കൂടുതല്‍ ടെണ്ടര്‍ തുക ഉയര്‍ന്നാല്‍ റീ ടെണ്ടര്‍ ചെയ്യണമെന്നും, വീണ്ടും തുക ഉയര്‍ന്നാല്‍ റീ എസ്റ്റിമേറ്റ് തയ്യാറാക്കി വീണ്ടും ടെണ്ടര്‍ ചെയ്യണമെന്ന ധനകാര്യ വകുപ്പിന്റെ ഉത്തരവ് കാറ്റില്‍ പറത്തി ഉയര്‍ന്ന തുകക്ക് ടെണ്ടര്‍ അനുവദിച്ചു. ഉദാഹരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന ഒരു പദ്ധതി നോക്കാം. കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നടത്തുന്ന പദ്ധതിക്കായി നിലവിലെ റേറ്റനുസരിച്ച് കെ.എസ്.ഇ.ബി തയാറാക്കിയത് 130 കോടി രൂപയുടെ എസ്റ്റിമേറ്റ്.

ഇത്ത 60 ശതമാനം ഉയര്‍ത്തി 210 കോടിയായി എസ്റ്റിമേറ്റ് തയ്യാറാക്കി . ടെണ്ടര്‍ തുക 339.50 കോടിരൂപയാക്കി ഉയര്‍ത്തി ക്വാട്ട് ചെയ്ത എല്‍& ടി കമ്പനിയ്ക്ക് പ്രവൃത്തി അനുവദിച്ചു. ഇതുമൂലം കെ.എസ്.ഇ.ബിക്ക് 210 കോടി രൂപയുടെ നഷ്ടമുണ്ടായി. ഇതുപോലെ മലബാറിലെ മൂന്ന് പദ്ധതികള്‍ 240 കോടി രൂപയുടെ എസ്റ്റിമേറ്റ് ക്രമവിരുദ്ധമായി തയ്യാറാക്കി സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനിയ്ക്ക് ടെണ്ടര്‍ തുക 54.81 ശതമാനം വര്‍ധിപ്പിച്ച് 372.42 കോടിയ്ക്ക് കരാര്‍ നല്‍കി. 4572 കോടി രൂപ മുടക്കി കിഫ്ബി സഹായത്തോടെ കെ.എസ്.ഇ.ബി നടത്തുന്ന ഒന്നാം ഘട്ട പദ്ധതിയിലെ 12 പദ്ധതികളിലാണ് ക്രമക്കേടും അഴിമതിയും പ്രതിപക്ഷം ഉന്നയിക്കുന്നത്.

ഇത്ര കൃത്യമായി പ്രതിപക്ഷം ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ജനങ്ങളോട് പ്രതിബദ്ധതയുള്ള, രാഷ്ട്രീയ ധാര്‍മികതയുടെ പേരില്‍ ഊറ്റം കൊള്ളുന്ന ഒരു സര്‍ക്കാര്‍ ഇവ്വിധമാണോ പ്രതികരിക്കേണ്ടത്. പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍ വസ്തുത ഇല്ലെങ്കില്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം അവര്‍ കിഫ്ബി പദ്ധതിക്ക് തുരങ്കം വെക്കുകയാണെന്ന ബാലിശമായ പ്രത്യാരോപണം കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ ഒളിച്ചുവെക്കാനാകില്ല. പ്രത്യേകിച്ചും കിഫ്ബി ഇടപാടുകളില്‍ സി ആന്റി ജി ഓഡിറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കാതിരിക്കുന്ന സാഹചര്യത്തില്‍. എന്നാല്‍ പരസ്യമായി ധനകാര്യ മന്ത്രി പറയുന്നത് കിഫ്ബിയില്‍ സി ആന്റ് ജി ഓഡിറ്റിന് ഒരു തടസ്സവുമില്ലെന്നാണ്. കിഫ്ബിയില്‍ ഓഡിറ്റാകാം എന്ന് മന്ത്രി പരസ്യമായി പറയുകയും ഓഡിറ്റ് സാധ്യമല്ലായെന്ന് സി ആന്റ് എജിക്ക് ധനകാര്യ വകുപ്പ് കത്തെഴുതുകയും ചെയ്യുകയാണ്.

എന്നാല്‍ സി ആന്റ് ജി ഓഡിറ്റ് ഏറക്കാലത്തേക്ക് തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഇതിനെയെല്ലാം നിസ്സാരവല്‍ക്കരിച്ച് സാങ്കേതികത്വം കൊണ്ട് മറയിടാനാണ് ശ്രമിക്കുന്നത്. കിഫ്ബിയില്‍ സ്വകാര്യ കമ്പനി നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്നാണ് ഏറ്റവുമൊടുവില്‍ ധനകാര്യം മന്ത്രി പറയുന്നത്. കിഫ്ബിയുടെ കണക്കുപുസ്തകം നിയമസഭയല്ല, സി ആന്റ് ജി തന്നെയാണ് പരിശോധിക്കേണ്ടത്. കിഫ്ബിക്ക് സി ആന്റ്എജി ഓഡിറ്റ് ബാധകമാണെന്ന കാര്യത്തില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നടപ്പാകാനുള്ള വിദൂര സാധ്യത പോലുമില്ല. 14(1) പ്രകാരമോ, 14(1) ന്റെ പരിധിയില്‍ നിന്നും പുറത്തുപോയാല്‍ 14(2) പ്രകാരമോ സി ആന്റ് ജി ഓഡിറ്റിന് കിഫ്ബി വിധേയമാകുക തന്നെ ചെയ്യും.

പക്ഷേ, കടമെടുത്ത പണം കൊണ്ട് അഴിമതിയും ധൂര്‍ത്തും നടത്തി കേരളത്തെ കടക്കെണിയിലാക്കിയാല്‍ നവകേരളം നടുവൊടിഞ്ഞ കേരളമായി തീരും. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കടമെടുക്കേണ്ട ധനകാര്യസ്ഥിതിയിലെത്തിയ കേരളത്തെ സംബന്ധിച്ച് അടിസ്ഥാന സൗകര്യവികസനത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് നല്ല കാര്യമാണ്. പക്ഷേ അത് കൂടുതല്‍ കടക്കെണിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കും കേരളത്തെ തള്ളിവിടുന്നതാകരുത്. പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠമായ മറുപടി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. രാഷ്ട്രീയ ധാര്‍മികതയും അതാണ്.

Test User: