X

തടവറയിലെ രാജാവ്

ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിന്റെ പിതൃത്വം പൂര്‍ണമായും അവകാശപ്പെടാവുന്ന കുടുംബമാണ് ഫറൂഖ്അബ്ദുല്ലയുടേത്. പക്ഷേ ജീവിതത്തിലെന്നോളം താന്‍ എന്തിനുവേണ്ടി നിലകൊണ്ടോ അതിന്റെ ഭാഗമായ അധികാര കേന്ദ്രം തന്നെ ഇദ്ദേഹത്തിന് വിധിച്ചിരിക്കുന്നത് തടവറ വാസവും. ആഗസ്ത ് അഞ്ചിന് ശ്രീനഗര്‍ ഗുപ്കര്‍ റോഡിലെ സ്വന്തം വസതിയില്‍ പൊടുന്നനെ തടവിലാക്കപ്പെട്ട ഫറൂഖ് അബ്ദുല്ല എന്ന എണ്‍പത്തൊന്നുകാരനായ മുന്‍മുഖ്യമന്ത്രിക്ക് ഇനിയെന്നാണ് മോചനമെന്നുപോലും അറിയാത്ത അവസ്ഥയാണ്. ആശയവിനിമയംപോലും നിഷേധിക്കപ്പെട്ട ജമ്മുകശ്മീര്‍ ജനത ഒന്നടങ്കം കഴിഞ്ഞ 42 ദിവസമായി അനുഭവിച്ചുവരുന്നതെന്തെല്ലാമാണോ അവയുടെയെല്ലാം നേര്‍ പ്രതീകമാണിപ്പോള്‍ ഫറൂഖ് അബ്ദുല്ല.

പാക്കിസാതാനും ഇന്ത്യയുമായി രാജ്യം വേര്‍പിരിയുന്ന ഘട്ടത്തില്‍ ഹൈദരാബാദ്, ജൂനഗഡ് നാട്ടു രാജ്യങ്ങളോടൊപ്പം എവിടെയുമില്ലാതെ നിലകൊണ്ട ജമ്മുകശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കാനെടുത്ത തീരുമാനത്തിന ്പിന്നില്‍ ഫറൂഖിന്റെ പിതാവ് ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെയും പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ദീര്‍ഘദര്‍ശിത്വമായിരുന്നു. കശ്മീര്‍ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ല 1952ല്‍ പണ്ഡിറ്റ് നെഹ്‌റുവുമായി ചേര്‍ന്നുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മുസ്‌ലിം ഭൂരിപക്ഷമുള്ള കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്നതും പ്രത്യേകാവകാശ നിയമം അനുവദിക്കപ്പെടുന്നതും. എന്നാല്‍ നീണ്ട 67 വര്‍ഷത്തിനുശേഷം ഇതാദ്യമായി ഷെയ്ഖിന്റെ പുത്രന് ഇന്ത്യാസര്‍ക്കാര്‍ തന്നെ തടവറ വിധിച്ചിരിക്കുന്നു. കശ്മീരിലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ ആദ്യമായി പ്രയോഗിക്കുന്ന കരിനിയമത്തോടെ. ആഗസ്ത് അഞ്ചിന് ജമ്മുകശ്മീരിന്റെ പ്രത്യേക പദവിയായ ഭരണഘടനയിലെ 370-ാം വകുപ്പ് ഏകപക്ഷീയമായി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയ നരേന്ദ്രമോദി ഭരണകൂടം നടപ്പാക്കിയത് ആര്‍.എസ്.എസ്സിന്റെ നയമായിരുന്നു. ഫറൂഖിന്റെ പുത്രന്‍ ഉമറും പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുമാണ് തടവറയില്‍ കഴിയുന്ന മറ്റു രണ്ട് മുന്‍ മുഖ്യമന്ത്രിമാര്‍. നാലായിരത്തിലധികം മനുഷ്യരാണ് കശ്മീരില്‍ തടങ്കലിലാക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

സെപ്തംബര്‍ 16ന്് ഫറൂഖ് അബ്ദുല്ലക്കെതിരെ അദ്ദേഹം തന്നെ തീവ്രവാദികള്‍ക്കെതിരായി മുമ്പ് കൊണ്ടുവന്ന പൊതുസുരക്ഷാനിയമമാണ് (പി.എസ്.എ) ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് പി.എസ്.എ. ഫറൂഖ് അബ്ദുല്ലയുടെ വീടുതന്നെയാണ് പ്രത്യേക ഉത്തരവിറക്കി തടവറയാക്കിയിരിക്കുന്നത്. ഇതിന് തൊട്ടടുത്തായാണ് ഫറൂഖിന്റെ സഹോദരിയുടെയും മകളുടെയും വീടുകളെങ്കിലും അവിടേക്കുള്ള വഴികള്‍ അടച്ചിട്ടിരിക്കുകയാണ്. ഫറൂഖ് ആഗസ്ത് ആറിന് വീടിനുപുറത്തുവന്ന് മാധ്യമങ്ങളുമായി സംസാരിച്ചെങ്കിലും ശേഷം ഇന്നുവരെയും അദ്ദേഹത്തിന്റെ ചിത്രം പോലും പുറത്തുവിട്ടിട്ടില്ല. ഉരുള്‍ കമ്പികള്‍കൊണ്ട് തടയിട്ട വസതിക്കുമുന്നില്‍ സായുധ സേനാംഗങ്ങളുടെ തടവറയിലാണ് ഫറൂഖ് അബ്ദുല്ല.

1982ല്‍ പിതാവിന്റെ വിയോഗത്തെതുടര്‍ന്നാണ് മെഡിക്കല്‍ഡോക്ടറായ ഫറൂഖ് മുഖ്യമന്ത്രി പദവിയിലേക്കെത്തുന്നത്- 44-ാം വയസ്സില്‍. പിതാവിന്റെ പാര്‍ട്ടിയായ ജമ്മുകശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ നേതാവായത്് അതിന് ഒരു വര്‍ഷം മുമ്പു മാത്രവും. കശ്മീരിന് ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടിക്കൊടുത്തതില്‍ ഫറൂഖിന്റെ പങ്ക് വലുതാണ്. പക്ഷേ കശ്മീരിന്റെ വികസനത്തിന് തടസ്സംനിന്ന കുടുംബങ്ങളിലൊന്ന്് ഫറൂഖിന്റേതാണെന്നാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ കണ്ടുപിടിത്തം. കഴിഞ്ഞ കാലങ്ങളിലെല്ലാം ജനങ്ങളുടെ വോട്ട് വാങ്ങിയാണ് ഇവര്‍ അധികാരത്തിലെത്തിയെന്നത് പക്ഷേ ചരിത്രം.

1982, 90, 96 വര്‍ഷങ്ങളിലായി മുഖ്യമന്ത്രി, രണ്ടാം യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ഊര്‍ജ മന്ത്രി, രാജ്യസഭയിലും ലോക്‌സഭയിലുമായി നാലു തവണ എം.പി. പേഴ്‌സ്യന്‍ ആകാരവടിവും കശ്മീരി കമ്പിളിത്തൊപ്പിയും കഷണ്ടിത്തലയും സൗമ്യ ഭാഷണവുമായി ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കവെയാണ് മോദിയുടെ ഇരുട്ടടി. കോണ്‍ഗ്രസ് വിരോധത്താല്‍ ഒരുതവണ ബി.ജെ.പിയുമായി ഫറൂഖ് സഖ്യമുണ്ടാക്കിയിരുന്നു. ബ്രിട്ടീഷ് ബന്ധമുള്ള മോളിയാണ് ഭാര്യ. മക്കള്‍ ഉമറിനുപുറമെ സഫിയ, ഹിന്ന, സാറ. സാറയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റാണെന്നതും കൗതുകകരം. തടങ്കലില്‍ ഖുര്‍ആന്‍ ഓതുകയും പുസ്തകം വായിക്കുകയും പുല്‍ത്തകിടിയില്‍ നമസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. മകള്‍ സഫിയയുടെ സഹായത്തോടെ മരുന്നു കഴിക്കുന്നുണ്ട്.

Test User: